പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കണം, സ്ഥാനാര്‍ത്ഥിയാക്കണം; കത്തോലിക്കാ സഭ രംഗത്ത്; തീരുമാനമെടുക്കാനാകാതെ യു.ഡി.എഫ്

ജനപക്ഷം നേതാവ്‌ പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കാനാകാതെ യു.ഡി.എഫ്‌. ജോര്‍ജിനുവേണ്ടി കത്തോലിക്കാ സഭയിലെ ചില ബിഷപ്പുമാരും രംഗത്തെത്തിയതോടെ യു.ഡി.എഫിന്‌ ഉടന്‍ നിലപാട്‌ വ്യക്‌തമാക്കേണ്ടിവരും. ജോര്‍ജിനെ മുന്നണിയില്‍ എടുത്തു സ്‌ഥാനാര്‍ഥിയാക്കണമെന്നാണ്‌ ബിഷപ്പുമാര്‍ ആവശ്യപ്പെടുന്നത്‌. ചര്‍ച്ച ചെയ്‌ത്‌ തീരുമാനം അറിയിക്കാമെന്നാണു നേതാക്കള്‍ മറുപടി നല്‍കിയിട്ടുള്ളത്‌.

മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ, പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം എന്നിവരാണു ജോര്‍ജിനായി രംഗത്തുള്ളത്‌. ഈ മാസം 24 നകം തീരുമാനം അറിയിക്കാമെന്നാണ്‌ യു.ഡി.എഫ്‌ നേതാക്കള്‍ വ്യക്‌തമാക്കിയിട്ടുള്ളത്‌.

അദ്ദേഹത്തെ യു.ഡി.എഫിലെടുക്കുന്നതിനോട്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക്‌ ഉണ്ടായിരുന്ന എതിര്‍പ്പ്‌ ഇപ്പോള്‍ കാര്യമായില്ല.എന്നാല്‍, ജനപക്ഷം എന്ന പാര്‍ട്ടിയെ എടുക്കുന്നതിനോട്‌ എതിര്‍പ്പുണ്ട്‌. ജനപക്ഷം എന്ന പാര്‍ട്ടിയായി അംഗീകരിക്കണമെന്നതാണു ജോര്‍ജിന്റെ ആവശ്യം.
യു.ഡി.എഫ്‌. സ്വതന്ത്രനായി ജോര്‍ജിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ തയാറാണ്‌. എന്നാല്‍ അദ്ദേഹം നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശം തിരിച്ചടിയാകുമോ എന്ന ആശങ്ക ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുണ്ട്‌. ഇതു മറികടക്കാന്‍ മുസ്ലിംലീഗ്‌ നേതൃത്വത്തെ രംഗത്തിറക്കാനാണു ജോര്‍ജിന്റെ ശ്രമം.
മത്സരിക്കാന്‍ പൂഞ്ഞാര്‍ അല്ലെങ്കില്‍ പാലാ എന്നതായിരുന്നു ജോര്‍ജിന്റെ ആവശ്യം. മാണി സി. കാപ്പന്‍ പാലാ ഉറപ്പിച്ചതോടെ പൂഞ്ഞാറില്‍ തന്നെ മത്സരിക്കാനാണ്‌ അദ്ദേഹത്തിന്റെ തീരുമാനം. പൂഞ്ഞാറില്‍ മത്സരിക്കുമെന്ന്‌ യു.ഡി.എഫ്‌. നേതാക്കളെ ജോര്‍ജ്‌ അറിയിച്ചിട്ടുണ്ട്‌. മുന്നണി പ്രവേശനം വൈകിയാല്‍ സ്വയം സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളില്‍ ജനപക്ഷം സ്‌ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നുമാണു ഭീഷണി. യു.ഡി.എഫിന്റെ ഭാഗമായി അദ്ദേഹം മാറിയാല്‍ കോട്ടയം ജില്ലയിലെ സീറ്റ്‌ വിഭജനത്തിലും മാറ്റമുണ്ടാകും. പൂഞ്ഞാര്‍ സീറ്റ്‌ ജോര്‍ജിനും പാലാ സീറ്റ്‌ മാണി സി. കാപ്പനും കൊടുക്കേണ്ടിവരുന്നതോടെ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിനു കൂടുതല്‍ വിട്ടുവീഴ്‌ച ചെയ്യേണ്ടിവരും.

error: Content is protected !!