കൂട്ടിക്കലിൽ വൻ തീപിടുത്തം ; മുപ്പതേക്കറിലധികം കൃഷിഭൂമി കത്തിനശിച്ചു

കൂട്ടിക്കൽ: പുരയിടം വൃത്തിയാക്കുന്നതിനിടെ സമീപത്തെ കൃഷിയിടത്തിലേക്ക് തീപടർന്ന് മുപ്പതേക്കറിലധികം കൃഷിഭൂമി കത്തിനശിച്ചു. പഞ്ചായത്തിലെ ജനവാസം കുറഞ്ഞ ഞർക്കാട് പ്രദേശത്തുനിന്നാണ് തീ പടർന്നത്.

ശക്തിയായ വേനൽക്കാറ്റും ചെങ്കുത്തായ മലകളിലെ പുൽമേടുമാണ് തീ വളരെ വേഗത്തിൽ നാലുവശത്തേക്കും പടർന്നുകത്തുവാനിടയാക്കിയത്.

ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് തീ പടർന്നത്. കാഞ്ഞിരപ്പള്ളിയിൽനിന്നുമെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും, ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം പ്രവർത്തകരും ചേർന്ന് തീ ജനവാസമേഖലയിലേക്ക് പടരുന്നത് നിയന്ത്രിച്ചുവെങ്കിലും പൂർണമായി കെടുത്തുവാനായില്ല. അഗ്നിരക്ഷാസേനയുടെ വാഹനത്തിന് സ്ഥലത്ത് എത്തിച്ചേരുവാൻ പറ്റാത്തതും തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയാക്കി.

വയലിൽ ജെസ്റ്റിന്റെ നാന്നൂറോളം റബ്ബർ മരങ്ങൾ പൂർണമായി നശിച്ചു. പനയോലിൽ തങ്കച്ചൻ, പാമ്പാടി സ്വദേശികളുടേതടക്കമുള്ള കർഷകരുടെ കൃഷിഭൂമിയാണ് തീപ്പിടിച്ച് നശിച്ചത്.

error: Content is protected !!