ടോറസുകളുടെ ഓട്ടം; പോലീസ് പറഞ്ഞിട്ടും സമയക്രമം പാലിക്കുന്നില്ല പാതയിൽ നിരീക്ഷണം കർശനമാക്കി

എരുമേലി: പോലീസിന്റെ നിർദേശം അവഗണിച്ച് രാവിലെയും വൈകുന്നേരവും സ്‌കൂൾ നിയന്ത്രണ സമയങ്ങളിൽ കരിങ്കല്ലുമായി പോയ ആറ് ലോറികൾക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസം എരുമേലി-മുക്കട റോഡിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സമയക്രമം പാലിക്കാതെയെത്തിയ ഭാരവാഹനങ്ങൾക്കെതിരേ കേസ് എടുത്തത്. റോഡിൽ നിരീക്ഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

എരുമേലി പഞ്ചായത്തിന്റെ പരിധിയിൽ അനുമതിയുടെ മറവിൽ ക്വാറികളിൽനിന്ന്‌ അളവിൽ കൂടുതൽ കരിങ്കല്ലും മണ്ണ് മാഫിയ അനധികൃതമായി മണ്ണ് കടത്തുന്നതുമായാണ് ആക്ഷേപം. ടിപ്പർ, ടോറസ് തുടങ്ങിയ ഭാരവാഹനങ്ങൾ രാവിലെയും വൈകീട്ടും സ്‌കൂൾ സമയത്തുള്ള നിയന്ത്രണങ്ങൽ പാലിക്കാതെയാണ് ഓടുന്നത്. കൂടുതൽ ലോഡ് അവശ്യസ്ഥലത്ത് എത്തിക്കാനുള്ള ശ്രമം മത്സരയോട്ടത്തിനും കാരണമാകുന്നു.

എരുമേലിക്ക് സമീപം കൊടിത്തോട്ടം, ചെമ്പകപ്പാറ, കണ്ണിമല പാറമടകളിൽനിന്നാണ് കൂടുതൽ കരിങ്കല്ല് എരുമേലി വഴി കൊണ്ടുപോകുന്നത്. എരുമേലി-റാന്നി റോഡിലാണ് സ്‌കൂൾ സമയം പാലിക്കാതെയുള്ള ടോറസുകളുടെ മരണപ്പാച്ചിൽ. കെട്ടിട നിർമാണത്തിന്റെ പേരിൽ കൊരട്ടി, എരുമേലി, മുക്കൂട്ടുതറ പ്രദേശങ്ങളിൽനിന്ന്‌ കണക്കില്ലാതെയാണ് മണ്ണ് കടത്തുന്നത്. മുക്കൂട്ടുതറ ടൗണിന് സമീപം റബ്ബർ പ്ലാന്റേഷനിൽപ്പെട്ട എസ്റ്റേറ്റ് ഭൂമിയുടെ പ്രധാന റോഡരികിലെ സ്ഥലം ചെറുപ്ലോട്ടുകളായി വില്പന നടത്തിയിരിക്കുകയാണ്. ഇവിടങ്ങളിലും പ്ലോട്ട് നിരപ്പാക്കൽ പ്രവൃത്തികൾ നടക്കുന്നുണ്ട്.

അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു…

അനുമതികൊടുത്ത ഗ്രാമപ്പഞ്ചായത്ത്, മൈനിങ് ആൻഡ്‌ ജിയോളജി, റവന്യൂ അധികൃതർ എരുമേലിയിൽ നടക്കുന്ന അനിയന്ത്രിതമായ പാറഖനനവും മണ്ണെടുപ്പും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പാറമടകളുടെ പ്രവർത്തനം പരിസരവാസികൾക്ക് ഭീഷണി ആയിട്ടും നിരീക്ഷണ സമിതിയെ നിയോഗിക്കാൻപോലും തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്‌.

error: Content is protected !!