തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അരുതാത്ത കാര്യങ്ങൾ ഏതൊക്കെ ?

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അരുതാത്ത ചിലത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാർഥികളും അണികളും അതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാവും. ചിലപ്പോൾ തിരഞ്ഞെടുപ്പ് വിജയംപോലും റദ്ദാക്കപ്പെടാം.

ആരോഗ്യകരമാവണം മത്സരം, എതിരാളിയെ-സ്ഥാനാർഥിയായാലും സാദാപ്രവർത്തകനായാലും മാനിക്കണം. അതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ക്രിമിനൽ കേസെടുക്കാവുന്ന കുറ്റം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അരുതാത്ത കാര്യങ്ങൾ ഇവ :

പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ.

മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്ന പ്രവർത്തനം.

അടിസ്ഥാനരഹിതമായോ വളച്ചൊടിച്ചതോ ആയ ആരോപണം ഉന്നയിച്ച് മറ്റ് പാർട്ടികളെയും പ്രവർത്തകരെയും വിമർശിക്കൽ.

ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ടുചോദിക്കൽ.

ആരാധനാലയങ്ങൾ പ്രചാരണത്തിന് വേദിയാക്കൽ.

സമ്മതിദായകർക്ക് കൈക്കൂലി നൽകൽ, ഭീഷണിപ്പെടുത്തൽ

എതിരാളിക്ക് സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അവകാശത്തെ മാനിക്കാതിരിക്കൽ

വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടിനുമുമ്പിൽ പ്രകടനങ്ങൾ, പിക്കറ്റിങ്.

ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവയിൽ അനുവാദമില്ലാതെ കൊടിയും പരസ്യവും സ്ഥാപിക്കൽ.

മറ്റു പാർട്ടികളുടെ യോഗങ്ങൾ, ജാഥ എന്നിവ തടസ്സപ്പെടുത്തൽ, അവയിൽ പ്രശ്‌നമുണ്ടാക്കൽ.

മറ്റൊരു പാർട്ടിയുടെ പരിപാടിയിൽ തങ്ങളുടെ ലഘുലേഖ, പ്രചാരണ നോട്ടീസ് എന്നിവ വിതരണം ചെയ്യൽ.

ഒരു പാർട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽക്കൂടി മറ്റൊരു പാർട്ടിയുടെ ജാഥ നടത്തൽ.

എതിരാളിയുടെ ചുവർപരസ്യങ്ങൾ നീക്കം ചെയ്യൽ.

വോട്ടറായി ആൾമാറാട്ടം നടത്തൽ.

പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിൽ വോട്ടുതേടൽ.

പോളിങ് സ്റ്റേഷനിലേക്കും തിരികെയും വോട്ടറെ വാഹനത്തിൽ കൊണ്ടുപോകൽ.

error: Content is protected !!