ഊണിന് 70, കസേരയ്ക്ക് 5 രൂപ, ഡ്രോണിന് ദിവസം 8000; ഇങ്ങനെ അല്ലെങ്കിൽ തിര. കമ്മിഷൻ പിടിക്കും!
സമ്മേളനവേദി സുന്ദരമാക്കാൻ കാർപെറ്റ് വിരിച്ചാൽ തിരഞ്ഞെടുപ്പു കമ്മിഷനു കണക്കു നൽകേണ്ടതു സ്‌ക്വയർ ഫീറ്റിന് ആറ് രൂപ. ചുവന്ന പരവതാനിക്ക് നിരക്ക് എട്ടുരൂപയാകും. പ്രധാന പ്രചാരണ ഓഫിസ് നിർമിക്കാൻ ആറായിരം രൂപ മാത്രമേ ഉപയോഗിക്കാവൂ. കട്ടൗട്ട് വയ്ക്കാൻ ചതുരശ്രയടിക്കു നൂറുരൂപയാണു നിശ്ചയിച്ച വില. അണികൾക്കു ലഘുഭക്ഷണത്തിനു ദിവസം 150 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മാസ്‌ക് ഒന്നിന് 15 രൂപ, സാനിറ്റൈസർ ലീറ്ററിന് 200 രൂപ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥി/രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. കലക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
∙ പ്രാതലിന് 50, ഊണിന് 70
തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശപ്രകാരം പ്രഭാതഭക്ഷണത്തിന് 50 രൂപ, ഊണിന് 70 രൂപയുമാണ് നിശ്ചയിച്ചത്. നിലവിലെ നിരക്കിൽ ‘സ്പെഷലുക’ളൊന്നും ഇതിൽപ്പെടില്ല. പോളിംഗുമായി ബന്ധപ്പെട്ട പോളിങ് ഏജന്റ്, കൗണ്ടിങ് ഏജന്റ്, ക്യാംപയിനിങ് ജോലിക്കാർ എന്നിവർക്ക് ലഘു ഭക്ഷണത്തിന് പ്രതിദിനം 150രൂപയുമാണ്.
∙ കസേരയ്ക്ക് 5 രൂപ
കസേര ഒന്നിന് ഒരു ദിവസത്തേക്ക് അഞ്ച് രൂപ, ഡ്രൈവർമാരുടെ പ്രതിദിന ശമ്പളം 700 രൂപ, തുണി ബാനർ സ്‌ക്വയർ ഫീറ്റിന് 50 രൂപ, തുണി കൊണ്ടുള്ള കൊടി ഒരെണ്ണത്തിന് 12 രൂപ, കട്ട് ഔട്ട് (തുണി) സ്‌ക്വയർഫീറ്റിന് 20 രൂപ, കട്ട് ഔട്ട് (തടി) സ്‌ക്വയർഫീറ്റിന് 100 രൂപ, ഓഡിയോ സോങ്ങ് റെക്കോർഡിങിന് (സോളോ ) 5000 രൂപ, ഓഡിയോ സോങ്ങ് റിക്കോർഡിങിന് (ഡ്യൂയറ്റ്) 7000 രൂപ, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഓഡിറ്റോറിയം (500 പേർക്ക് ഇരിക്കുവന്നത്) 5000 രൂപ, ബാൻഡ് സെറ്റ് ടീമിന് 3000 രൂപ, ബാരിക്കേഡുകൾ മീറ്ററിന് 200 രൂപയുമാണ് നിരക്ക്.
∙ വണ്ടിക്കൂലി ഇങ്ങനെ
വാഹന വാടക -ഒരു ദിവസത്തേക്ക് 12 സീറ്റിന് 3000 രൂപ, 16 സീറ്റിന് 4000 രൂപ, 24 സീറ്റിന് 5000 രൂപ,, മിനി ബസ് ബാറ്റ ഉൾപ്പെടെ 5000 രൂപ, ടാക്‌സി ഒരു ദിവസത്തേക്ക് -1500 രൂപ, മുച്ചക്രവാഹനത്തിന് ബാറ്റ ഉൾപ്പടെ ഒരു ദിവസത്തേക്ക് 1500 രൂപ, എ. സി. ടൂറിസ്റ്റ് ബസിന് ഒരു ദിവസത്തേക്ക് 8000 രൂപ, വാഹന പ്രചാരണം ഒരു ദിവസത്തേക്ക് 5000 രൂപ, ബസിന് 50 കിലോമീറ്റർ വരെ ഒരു ദിവസത്തേക്ക് 4000 രൂപ, 50 കിലോമീറ്ററിന് മുകളിൽ ഒരു ദിവസത്തേക്ക് 8000 രൂപ, കാറിന് ഒരു ദിവസത്തേക്ക് 1800 രൂപ.
∙ ഡ്രോണിന് ദിവസം 8000
ഡ്രോൺ ക്യാമറ മണിക്കൂറിന് 3000 രൂപ, അല്ലെങ്കിൽ ഒരു ദിവസത്തേക്ക് 8000 രൂപ, ഇലക്‌ഷൻ കമ്മിറ്റി ബൂത്തിന് 300 രൂപ, കിയോസ്‌ക് സ്ഥാപിക്കുന്നതിന് 3850 രൂപ, തോരണം ഒരടിക്ക് അഞ്ച് രൂപ, ചെറിയ ഹാളിന് 2000രൂപ, ലൗഡ്‌സ്പീക്കർ ആംപ്ലിഫയർ മൈക്രോഫോൺ എന്നിവയ്ക്ക് ഒരു ദിവസത്തേക്ക് 2750 രൂപ, എൽ.ഇ.ഡി. ടി. വി. / ഡിസ്‌പ്ലേ – ഒരു ദിവസത്തേക്ക് 1000 രൂപ, മൊബൈൽ എസ്എംഎസ്. ഒരു സന്ദേശത്തിന് രണ്ട് പൈസ, സാധാരണ പന്തൽ സ്‌ക്വയർ ഫീറ്റിന് ഒൻപത് രൂപ, അലങ്കരിച്ച പന്തലിന് സ്‌ക്വയർ ഫീറ്റിന് 11 രൂപ, പോസ്റ്റർ (1000 എണ്ണത്തിന് ), പ്ലക്കാർഡിന് 28 രൂപ, മോട്ടർ ബോട്ട് മണിക്കൂറിന് 440 രൂപ, ഏഴ് പേർക്ക് ഇരിക്കാവുന്ന സ്റ്റേജിന് 4500 രൂപ, 15 പേർക്കുള്ളതിന് 6000 രൂപ, 20 പേർക്കുള്ളതിന് 8000 രൂപ.
∙ സ്ഥാനാർഥി ടീഷർട്ടിന് 100 രൂപ
സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങിയ ടീഷർട്ടിന് 100 രൂപ, ചുവരെഴുത്ത് സ്‌ക്വയർഫീറ്റിന് 12 രൂപ, വെബ്‌സൈറ്റിന് 3000 രൂപ, തുണി തൊപ്പി – ഗുണനിലവാരം കുറഞ്ഞതിന് 20 രൂപ, കൂടിയതിന് 30 രൂപ, പേപ്പർ തൊപ്പിക്ക് അഞ്ച് രൂപ, അനധികൃതമായി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ സ്‌ക്വാഡ് എടുത്തുമാറ്റുന്നതിനുള്ള ചെലവ്- പോസ്റ്റർ ഒന്നിന് 10 രൂപ, ഫ്ലക്‌സ് ബോർഡ് ഒന്നിന് 30രൂപ, തോരണം മീറ്ററിന് മൂന്ന് രൂപ, ചുവരെഴുത്ത് സ്‌ക്വയർഫീറ്റിന് എട്ട് രൂപയുമാണ് നിരക്ക്.
സ്ഥാനാർഥിക്ക് പ്രത്യേക അക്കൗണ്ട്
സ്ഥാനാർഥികൾ സ്വന്തംപേരിൽ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിച്ച് പത്രികാസമർപ്പണ സമയത്തു റിട്ടേണിങ് ഓഫിസറെ രേഖാമൂലം അറിയിക്കുകയും വേണം. ഒരുദിവസം ഒരു വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ 10,000 രൂപയിൽ കൂടുതൽ വരുന്ന ചെലവുകളും വരവുകളും ചെക്ക്, ഡി.ഡി, ആർ.ടി.ജി.എസ്, നെഫ്റ്റ്, മറ്റ് ഇലക്ട്രോണിക് പണം കൈമാറൽ സംവിധാനങ്ങൾ വഴി മാത്രമേ നടത്തുവാൻ പാടുള്ളുവെന്നും നോഡൽ ഓഫീസർ ഫിനാൻസ് ഓഫീസർ ഷിജൂ ജോസ് അറിയിച്ചു.