അൽഫോൻസ് കണ്ണാന്താനം

നിയമസഭയിലേക്ക് മത്സരിക്കുന്നത് രണ്ടാം തവണ. കാഞ്ഞിരപ്പള്ളിക്ക് സമീപം മണിമലയിൽ കണ്ണന്താനം വീട്ടിൽ കെ.വി.ജോസഫിന്റെയും, ബ്രിജിത്തിന്റെയും മകനായി 1953 ഓഗസ്റ്റ് എട്ടിന് ജനനം. 1979-ൽ സിവിൽ സർവീസ് പരീക്ഷയിൽ മികച്ചവിജയം. ഇടുക്കി സബ് കളക്ടറായി സേവനം ആരംഭിച്ചു. കോട്ടയം ജില്ലാ കളക്ടറായിരിക്കേ സാക്ഷരതാ യജ്ഞത്തിന് നേതൃത്വം നൽകി. 1989-ൽ കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതയുള്ള നഗരമാക്കി മാറ്റി. ജനസമ്പർക്ക പരിപാടിക്ക് തുടക്കമിട്ടു. മികച്ച ഭരണത്തിന് യു.എൻ. അവാർഡ് ലഭിച്ചു. ഡൽഹി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ കമ്മിഷണറായിരിക്കേ അനധികൃത കെട്ടിടങ്ങളും കൈയേറ്റങ്ങളും പൊളിച്ചുനീക്കി. കോടികൾ വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിച്ചത് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. 1994-ൽ ടൈം മാഗസിൻ നടത്തിയ തിരഞ്ഞെടുപ്പിൽ ലോകത്തിലെ നൂറു യുവനേതാക്കളിൽ ഒരാളായിരുന്നു അൽഫോൻസ്. അപ്രതീക്ഷിതമായിരുന്നു ഐ.എ.എസ്. രാജിവെച്ചുള്ള രാഷ്ട്രീയപ്രവേശം. ലാൻഡ്‌ റവന്യൂ കമ്മിഷണറായിരിക്കേ സ്ഥാനം രാജിവെച്ച് 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സി.പി.എം. സ്വതന്ത്രനായി രാഷ്ട്രീയ രംഗത്തിറങ്ങി. കന്നിയങ്കത്തിൽ മികച്ച വിജയം നേടി. 2011-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി അദ്ദേഹത്തിന്റെ പേര് ഉയർന്നുകേട്ടെങ്കിലും മത്സരിച്ചില്ല. പിന്നീട് ബി.ജെ.പി.യിൽ ചേർന്നു. രാജ്യസഭാ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2017-ൽ കേന്ദ്രമന്ത്രിയായി. ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം, ബി.ജെ.പി. ഭരണസമിതിയുടെ സഹ ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ: ഷീലാ അൽഫോൻസ്. മക്കൾ: ആകാശ്, ആദർശ്.

error: Content is protected !!