ചക്ക താരമാണെങ്കിലും കർഷകന് കിട്ടുന്ന വില തുച്ഛം

നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ചക്ക താരമാണെങ്കിലും ഇത്തവണ ഉത്പാദനം കുറവ്. സംസ്ഥാനത്തുനിന്ന് ടൺ കണക്കിന് ചക്ക അതിർത്തികടക്കുമ്പോഴും കർഷകർക്ക് കിട്ടുന്ന വില തുച്ഛം. ഒരുടൺ ചക്കയ്ക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നത്. രണ്ടുവർഷംമുന്പ് 18,000 രൂപവരെയുണ്ടായിരുന്നിടത്താണിതെന്ന് കർഷകർ പറയുന്നു.

ചക്ക മറുനാടുകളിലേക്ക് കയറ്റിയയയ്ക്കുമ്പോൾ ഇടനിലക്കാരാണ് ലാഭംകൊയ്യുന്നത്. മലയോരമേഖലകളിൽനിന്ന് ചക്ക വാങ്ങുന്ന കച്ചവടക്കാർ നിരവധിയാണ്. ചെറുകിട കച്ചവടക്കാർ വാഹനവുമായെത്തി ചെറുതും വലുതുമായ ചക്കയ്ക്ക് മൊത്തത്തിൽ വിലയുറപ്പിച്ച് വാങ്ങുകയാണ്.

ചെറുകിടകച്ചവടക്കാർ ഒരു ചക്കയ്ക്ക് 30 രൂപയാണ് ഉടമയ്ക്ക് കൊടുക്കുന്നത്. ചെറുതും വലുതുമായ എല്ലാ ചക്കയ്ക്കും ഒരുവിലയാണ്. രണ്ടുവർഷംമുമ്പ് ഒരു ചക്കയ്ക്ക് 100 രൂപ ഉണ്ടായിരുന്നു. ഒരുടൺ ചക്ക കൊടുത്താൽ 18,000 രൂപവരെ ഉണ്ടായിരുന്ന സമയത്താണ് ഉടമസ്ഥർക്ക് 100 രൂപ നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ ഒരുടണ്ണിന് 7,000 രൂപ മാത്രമാണുള്ളത്. അതിനാലാണ് ചക്കവില 30 രൂപയായതെന്ന് കച്ചവടക്കാർ പറയുന്നു.

പത്തനംതിട്ടയിലെ റാന്നിയിലും സമീപപ്രദേശങ്ങളിലുംനിന്നാണ് ഏറ്റവുംകൂടുതൽ ചക്കയെത്തുന്നത്. ഇവിടങ്ങളിലെ ചക്കകൾ എരുമേലിയിലാണ് ചെറുകിടകച്ചവടക്കാർ കൊടുക്കുന്നത്. അവിടന്ന് മൊത്തക്കച്ചവടക്കാർ മറുനാടുകളിൽ എത്തിക്കും. ചക്കയിൽനിന്ന് ബിസ്കറ്റ്, ബേബിഫുഡ് തുടങ്ങിയ ഉത്പന്നങ്ങളാണ് നിർമിക്കുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇത്തവണ ചക്ക കുറയാൻ കാരണമെന്നും കർഷകർ പറയുന്നു.

error: Content is protected !!