“മുൻ ജനപ്രതിനിധികൾക്ക് കാഞ്ഞിരപ്പള്ളിയുടെ വികസന സാധ്യതകൾ പൂർണമായും ഉപയോഗിക്കുവാൻ സാധിച്ചിട്ടില്ല”: ജോസഫ് വാഴയ്ക്കൻ.
കാഞ്ഞിരപ്പള്ളി : വളരെയധികം വികസന സാധ്യതകൾ ഉള്ള നിയോജകമണ്ഡലം ആണ് കാഞ്ഞിരപ്പള്ളി എന്ന് യു ഡി എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ അഭിപ്രായപ്പെട്ടു . കാഞ്ഞിരപ്പള്ളിയുടെ വികസന സാധ്യതകൾ പൂർണമായും ഉപയോഗിക്കുവാൻ സാധിച്ചിട്ടില്ല എന്നത് ദുഃഖകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന് വികസനരംഗത്ത് വളരെ ദൂരം മുന്നോട്ടുപോകാൻ സാധിക്കുമായിരുന്ന നിരവധി വികസന പദ്ധതികൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും ജനപ്രതിനിധി ആയി തിരഞ്ഞെടുക്കപെട്ടാൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ അടിയന്തിര പ്രാധാന്യത്തോടെ പൂർത്തിയാക്കുമെന്നും നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജോസഫ് വാഴയ്ക്കൻ .
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട വികസന പദ്ധതികളായ കാഞ്ഞിരപ്പള്ളി ബൈപ്പാസ്, കരുമ്പുകയം കുടിവെള്ള പദ്ധതി, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി നവീകരണം, മണിമല മേജർ കുടിവെള്ള പദ്ധതി തുടങ്ങിയവ ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ മാത്രമാണ്. താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തിയ പ്രഖ്യാപനം മാത്രം നടന്നതല്ലാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇതുവരെ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും തസ്തികകൾ പോലും ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. കാഞ്ഞിരപ്പള്ളി എംഎൽഎ ഏറെ കൊട്ടിഘോഷിക്കുന്ന കാത്ത് ലാബ് ഇപ്പോഴും പ്രഖ്യാപനത്തിൽ മാത്രമായി നൽക്കുകയാണ്. കാത്ത് ലാബ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദഗ്ദ്ധരെപ്പോലും ഇതുവരെ നിയമിക്കാൻ സാധിച്ചിട്ടില്ല . കുന്നേൽ സ്കൂളിലെ സ്പോർട്സ് സ്കൂൾ ഇപ്പോഴും പ്രഖ്യാപനം മാത്രമായി നിൽക്കുകയാണ്. യാതൊരുവിധ പ്രാരംഭ പ്രവർത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല. സാധാരണക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടയിരിക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായിട്ടുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇപ്പോഴും വന്നിട്ടില്ല. നിയോജക മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം പ്രാഥമിക സൗകര്യങ്ങൾ ഇപ്പോഴും ലഭ്യമല്ല. കറുകച്ചാൽ മാർക്കറ്റ് നവീകരണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്. നൂറുകണക്കിന് സാധാരണ കുടുംബംഗങ്ങളുടെ ചിരകാല അഭിലാഷമായ പൊന്തംപുഴ, മേലേക്കവല, ആലപ്ര പ്രദേശങ്ങളിലെ പട്ടയ പ്രശ്നം ഇപ്പോഴും പരിഹരിക്കുവാൻ സാധിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി സി വിൽ സ്റ്റേഷൻ യാഥാർത്ഥ്യമായെങ്കിലും ഇതുവരെ പത്തിൽ താഴെ സർക്കാർ ഓഫീസുകൾ മാത്രമേ അങ്ങോട്ട് മാറ്റിയിട്ടുള്ളു. പട്ടികജാതി കോളനികളിൽ ഇതുവരെ കുടിവെള്ള സൗകര്യം എത്തിയിട്ടില്ല. പൊതു മേഖലയിൽ റബ്ബർ അധിഷ്ടിത വ്യവസായങ്ങൾക്ക് വളരെയേറെ സാധ്യതകൾ ഉണ്ടെങ്കിലും അത് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. മണിമലയാറിന്റെ തീരദേശങ്ങളിൽ നിരവധി ചെറുകിട ടൂറിസം സാധ്യതകൾ ഉണ്ടെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല.
ആലപ്ര തച്ചരിക്കൽ പടയണി സമുദ്ധരിക്കുന്നതിനും നാടൻ കലകളെ പ്രോൽസാഹിപ്പിക്കുന്നതിനും നടപടികൾ ഉണ്ടാവണം. ഫോക്ക് ലോർ അക്കാദമി എന്ന പ്രഖ്യാപനം ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല തുടങ്ങി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നിരവധി വികസന വിഷയങ്ങൾ പത്ര സമ്മേളനത്തിൽ ജോസഫ് വാഴയ്ക്കൻ ചൂണ്ടിക്കാണിക്കുകയുണ്ടായി.
കാഞ്ഞിരപ്പള്ളി ബൈപ്പാസ് യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കും, ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രം എല്ലാ സൗകര്യങ്ങളുമുള്ള ശബരിമല ഇടത്താവളമായി വികസിപ്പിക്കും, കറുകച്ചാൽ കേന്ദ്രമായി താലൂക്ക് രൂപീകരിക്കും, കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ, ഐ എച്ച് ആർ ഡി എന്നിവക്ക് സമയബന്ധിതമായി സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കും, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്ക് താൻ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഉറച്ച നടപടികൾ സ്വീകരിക്കും എന്നും പത്ര സമ്മേളനത്തിൽ ജോസഫ് വാഴയ്ക്കൻ വാഗ്ദാനം നൽകി. യു ഡി എഫ് നേതാക്കളായ പ്രൊഫ റോണി കെ ബേബി, തോമസ് കുന്നപ്പള്ളി, അബ്ദുൾ കരിം മുസലിയാർ, അഡ്വ അഭിലാഷ് ചന്ദ്രൻ എന്നിവരും ജോസഫ് വാഴയ്ക്കനൊപ്പം പത്ര സമ്മേളനത്തിൽ പങ്കെടുത്തു.