പൂഞ്ഞാറിൽ ആര് ജയിച്ചാലും അത് ചരിത്രമാണ്

പൂഞ്ഞാറിൽ ആര് ജയിച്ചാലും അത് ചരിത്രമാണ്. പി.സി.ജോർജ് വിജയം തുടർന്നാൽ അദ്ദേഹത്തിന്റെ അശ്വമേഥം നാലാം പതിറ്റാണ്ടിലേക്ക് കടക്കും. കോൺഗ്രസിലെ ടോമി കല്ലാനി വിജയിച്ചാൽ ആദ്യമായി കോൺഗ്രസ് മണ്ഡലം പിടിയിലാകും. കേരള കോൺഗ്രസ് എം സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ ജയിച്ചാൽ ഇടതുമുന്നണിക്ക് നേട്ടം. 

ജോർജല്ലാതെ മറ്റൊരു കേരള കോൺഗ്രസിന് ഇവിടെ വിജയിക്കാനാകുമെന്ന് തെളിയിക്കുകയുമാകാം. അവസാനം കളത്തിലെത്തിയ എൻ.ഡി.എ. സ്ഥാനാർഥി എം.പി.സെന്നിനും നിർണായകം. മുന്നണിക്ക് മലയോരമേഖലയിൽ കളമുണ്ടെന്ന് തെളിയിക്കാനുള്ള അവസരം.

ഇൗരാറ്റുപേട്ട നഗരസഭയും ഒൻപത് പഞ്ചായത്തുകളുമുള്ള പൂഞ്ഞാർ കേരളത്തിലെതന്നെ വലിയൊരു അസംബ്ലി മണ്ഡലമാണ്. നഗരസഭയുടെ ഭരണം യു.ഡി.എഫിനാണ്. തീക്കോയി, കോരുത്തോട് പഞ്ചായത്തുകളും അവർക്ക്. ബാക്കിയെല്ലാം ഇടതുമുന്നണിക്ക്. ഇടുക്കിയും പത്തനംതിട്ടയും അതിരിടുന്ന മണ്ഡലത്തിൽ തീക്കോയി, എരുമേലി പഞ്ചായത്തുകളാണ് കോട്ടയത്തിന്റെ അവസാനയിടം. തദ്ദേശത്തിൽ ഇടതുമുന്നണിക്കും പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്കും വിജയം നൽകുന്ന പൂഞ്ഞാർ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ പി.സി.ജോർജിന് ഒപ്പമാണ് ഇതേവരെ. പോയവട്ടം അവസാനനിമിഷം വരെ പി.സി. ഇടത് പിന്തുണയുള്ള സ്ഥാനാർഥിയെന്ന് കേട്ടിരുന്നു. ഒടുവിൽ അവർ സ്വന്തം സ്ഥാനാർഥിയെ നിർത്തിയതോടെ സ്വതന്ത്രനായി മത്സരിച്ച ജോർജ് മെഷീൻ തുറന്നപ്പോൾ മുന്നണികളെ ഞെട്ടിച്ചു. 27821 വോട്ടിന്റെ ഭൂരിപക്ഷം.

വിശ്വാസത്തിൽ സ്ഥാനാർഥികൾ

വളരെ നേരത്തെ പ്രവർത്തനം തുടങ്ങിയ പി.സി. ഇക്കുറി ആദ്യം യു.ഡി.എഫ്. മുന്നണിയുടെ പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ ഡി.സി.സി. കർശനമായി എതിർത്തതോടെ കോൺഗ്രസ് പിൻമാറി. ഉമ്മൻചാണ്ടിയെ ശകാരിച്ച് തുടങ്ങിയ ജോർജ് ആരുടെയും പിന്തുണ വേണ്ടെന്ന് നിശ്ചയിച്ചു. ഒരുവേള എൻ.ഡി.എ. പിന്തുണക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഒരു മുന്നണിയിലും ഇല്ലെങ്കിലും ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് ജോർജ്. ഇതുവരെ രണ്ട് റൗണ്ട് പ്രചാരണം പൂർത്തിയായി. അദ്ദേഹത്തിന്റെ ഒരു പരാമർശത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടെങ്കിലും അവ വർഗീയശക്തികളുടെ മാത്രം അഭിപ്രായമെന്നാണ് ജോർജ് വിലയിരുത്തിയത്. മകൻ ഷോൺ ജോർജിന്റെ നേതൃത്വത്തിൽ ചിട്ടയായി വോട്ടുതേടൽ മുന്നോട്ടുപോകുന്നു. ഇക്കുറിയും വിജയം നേടിയാൽ കെ.കെ.നായർക്ക് ശേഷം മറ്റൊരു സ്വതന്ത്രന്റെ നേട്ടമാകുമിത്.

മണ്ഡലത്തിൽ ആദ്യം പ്രവർത്തനം തുടങ്ങിയ മുന്നണി സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കലാണ്. ജോസ് കെ.മാണിയുടെ വിശ്വസ്തൻ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള മികവിന്റെ റെക്കോഡുമായാണ് വരവ്. 

കേരള കോൺഗ്രസ് എമ്മിനൊപ്പം സി.പി.എമ്മും ചേരുന്ന പുതിയ രാഷ്ട്രീയസമവാക്യം അദ്ദേഹത്തിന് തുണയാകുമെന്നാണ് ഇടത് ക്യാമ്പിന്റെ വിലയിരുത്തൽ. 

ദുർബലസ്ഥാനാർഥിയെ നിർത്തിയെന്ന മുൻ അനുഭവം തിരുത്താൻ മുതിർന്ന നേതാക്കൾ നിശ്ചയിച്ചതോടെ സെബാസ്റ്റ്യന് കളമൊരുങ്ങി. അദ്ദേഹവും രണ്ടാംവട്ടം പ്രവർത്തനം പൂർത്തിയാക്കുകയാണ്. രണ്ടിലയെന്ന ചിഹ്നത്തിന്റെ ഗുണവും സ്ഥാനാർഥിക്കുണ്ടാകുെമന്ന് വിലയിരുത്തപ്പെടുന്നു.

കൈപ്പത്തി ചിഹ്നത്തിൽ ആദ്യമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് അണികൾ. പല പേരുകൾ മാറിമറിഞ്ഞ് അവസാനം നാട്ടുകാരൻതന്നെ എത്തി. മുൻ ഡി.സി.സി. അധ്യക്ഷൻ ടോമി കല്ലാനിക്കിത് ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ്. ഇത്രകാലം അദ്ദേഹം സംഘടനാപ്രവർത്തനത്തിലായിരുന്നു. 

പൂഞ്ഞാറിൽ രാഷ്ട്രീയമത്സരത്തിന് തീരുമാനിച്ചതോടെ ടോമിയെ നിശ്ചയിക്കുകയായിരുന്നു. വൈകി തുടങ്ങിയെങ്കിലും നല്ല പ്രവർത്തനമാണ് മുന്നണി കാഴ്ചവെയ്ക്കുന്നത്. മുൻകാലങ്ങളിലെ ആലസ്യം എവിടെയും കാണാനില്ല. മുൻ ജില്ലാ സാരഥി എത്തിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.

വ്യക്തത വരുത്തി എൻ.ഡി.എ.

എൻ.ഡി.എ. സ്ഥാനാർഥിയായി ആദ്യം നിശ്ചയിച്ച ബി.ഡി.ജെ.എസ്. നേതാവ് എം.ആർ.ഉല്ലാസ് സാങ്കേതികപ്രശ്നങ്ങളാൽ മാറി. 

എം.പി.സെന്നാണ് നിലവിൽ സ്ഥാനാർഥിയെന്ന് അറിയിച്ചിട്ടുള്ളത്. ഇവിടെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും പത്രിക നൽകിയിട്ടുണ്ട്. 

സെന്നാണ് സ്ഥാനാർഥിയെന്ന് മുന്നണി വ്യക്തമാക്കി. നോബിൾ ഡമ്മി സ്ഥാനാർഥിയായിട്ടാണ് പത്രിക നൽകിയതെന്ന് അറിയിച്ചിട്ടുണ്ട്. 

പൂഞ്ഞാർ-2016

• വിജയി പി.സി.ജോർജ്‌

• ഭൂരിപക്ഷം-27821

• പി.സി.ജോർജ്-63621

• (സ്വത.)

• ജോർജ്‌ കുട്ടി ആഗസ്തി (കേരള കോൺഗ്രസ് എം)-35800

• പി.സി.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്)-22270

• എം.ആർ.ഉല്ലാസ് (എൻ.ഡി.എ.)-19966

• 2011

• പി.സി.ജോർജ് (യു.ഡി.എഫ്.)-ഭൂരിപക്ഷം-15704

പാർലമെന്റ്-19

• ആന്റോ ആന്റണി 

• ഭൂരിപക്ഷം-17929

error: Content is protected !!