എന്നെങ്കിലുമൊരിക്കൽ ജെസ്‌ന മടങ്ങി വരുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് മൂന്ന് വർഷത്തിലേറെയായി ജെസ്‌നയുടെ കുടുബം
മുക്കൂട്ടുതറ : എന്നെങ്കിലുമൊരിക്കൽ ഇളയ മകൾ മടങ്ങി വരുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ജെസ്‌നയുടെ കുടുബം. ‘ജെസ്നയെ തട്ടിക്കൊണ്ടു പോയതാണ്. അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം ’– ജെസ്നയുടെ മൂത്ത സഹോദരി ജെഫി ജയിംസ് പറയുന്നു.
ജെസ്‌ന എവിടെ?
മൂന്നു വർഷമായി കേരളത്തിന്റെ ചോദ്യം ഇതാണ്. കേരള പൊലീസിന്റെ ക്രൈംഫയലിൽ ജെസ്ന എന്ന പെൺകുട്ടിയുടെ തിരോധാനമെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ജെസ്നയുടെ തിരോധാനത്തിന് മാർച്ച് 22ന് മൂന്നു വർഷം തികയും. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാറിമാറി അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താനായില്ല. തുടർന്ന് ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോൾ സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
ദുരൂഹതകളൊഴിയാതെ 3 വർഷം
പത്തനംതിട്ട കൊല്ലമുള സന്തോഷ്‍കവല കുന്നത്തു വീട്ടിൽ ജയിംസ് ജോസഫ്–ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. രാവിലെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കു പോയ ജെസ്ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല.
പരാതി കിട്ടിയിട്ടും പൊലീസ് ഉഴപ്പി
‘പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു ജെസ്ന കൊല്ലമുളയിൽ നിന്ന് രാവിലെ 9ന് ഓട്ടോയിൽ പുറപ്പെട്ടു. പിന്നെ എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ടക്കയത്തേക്കുളള്ള ബസിൽ കയറിയതായാണു വിവരം. മൊബൈൽ ഫോൺ വീട്ടിൽ വച്ച ശേഷമാണ് ജെസ്ന പുറത്തു പോയത്.’– സഹോദരി ജെഫി ജയിംസ് പറയുന്നു. ജെസ്ന മടങ്ങിയെത്താത്തതിനെ തുടർന്ന് എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെച്ചൂച്ചിറ സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദേശം. പരാതി ഫോർവേഡ് ചെയ്യാമെന്നു പൊലീസ് അറിയിച്ചെങ്കിലും ചെയ്തില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വെച്ചൂച്ചിറ പൊലീസ് താൽപര്യം കാട്ടിയതുമില്ല. പെൺകുട്ടി ആരുടെയെങ്കിലും കൂടെ പോയതായിരിക്കും, കുറച്ചു ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. പരാതി ലഭിച്ചിട്ടും രണ്ടാഴ്ചയോളം കാര്യമായ അന്വേഷണം നടന്നില്ല.
സിസിടിവി ദൃശ്യങ്ങളിലെ പെൺകുട്ടി ആര്?
മുണ്ടക്കയം പാതയിലെ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യം ജെസ്നയുടെ ബന്ധുക്കൾക്ക് കിട്ടി. ജെസ്നയെ കാണാതായി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്. ‘ശിവഗംഗ’ എന്ന സ്വകാര്യ ബസിൽ ജെസ്ന ഇരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ഇതേ സ്ഥലത്തുള്ള ഒരു വീട്ടിലെ സിസിടിവിയിൽനിന്നും സമാന ദൃശ്യവും ലഭിച്ചു. ദൃശ്യങ്ങളിലുള്ളത് ജെസ്‍നയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ജെസ്ന മുണ്ടക്കയത്ത് എത്തിയോ എന്നതു സംബന്ധിച്ചും പൊലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ല. മുണ്ടക്കയം സ്റ്റാൻഡിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ജെസ്നയോടു സാമ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടതായും പ്രചാരണമുണ്ടായി. ഇതേക്കുറിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല. ജെസ്നയോടു സാമ്യമുള്ള പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടു പേർ കൂടി ഉണ്ടെന്നതു വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇപ്പോഴും വ്യക്തമല്ല. ആ പെൺകുട്ടി ആരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.
അഞ്ച് സുഹൃത്തുക്കൾ
ജെസ്‍നയ്ക്ക് 5 സുഹൃത്തുക്കളാണുള്ളത്. ഇതിലൊരാൾ ആൺകുട്ടിയാണ്. മുണ്ടക്കയം പുഞ്ചവയലിലെ സുഹൃത്തിനൊപ്പം ജെസ്ന പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയായ ആൺകുട്ടിയെ പല തവണ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തിൽ കാര്യമില്ലെന്നു ബോധ്യപ്പെട്ടു. ഇയാളുടെ എസ്എംഎസുകളും സൈബർ സെൽ പരിശോധിച്ചിരുന്നു. 5 സുഹൃത്തുക്കളും ജെസ്നയെ എല്ലാ ദിവസവും വിളിക്കുമായിരുന്നു. ജെസ്നയുടെ സഹോദരി ജെഫിക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു.
തുമ്പു കണ്ടെത്താതെ അന്വേഷണ സംഘങ്ങൾ
തിരോധാനം നിയമസഭയിൽ ഉപക്ഷേപമായെത്തിയപ്പോൾ അന്വേഷണച്ചുമതല തിരുവല്ല ഡിവൈഎസ്പിക്കു നൽകി. ജെസ്നയെ കണ്ടെത്താൻ അന്നത്തെ ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. പിന്നീട് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കേസ് കൈമാറി. സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. ചെന്നൈയിലും ബെംഗളൂരുവിലും കോയമ്പത്തൂരിലും ജെസ്നയെ കണ്ടതായി പ്രചാരണമുണ്ടായി. അതും ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ.
ജെസ്നയുടെ തിരോധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചു. പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഏറ്റവും ഒടുവിലായി അന്വേഷിച്ചത്. തുമ്പുണ്ടാക്കാൻ സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിനും കഴിഞ്ഞില്ല. അന്വേഷണത്തിൽ കേരള പൊലീസ് പൂർണമായി പരാജയപ്പെട്ടതിനെ തുടർന്ന് ജെസ്നയുടെ സഹോദരൻ ജെയ്സ് ജോണും കെഎസ്‍യു പ്രസിഡന്റ് കെ.എം.അഭിജിത്തും ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ജെസ്ന കേസിൽ സിബിഐ തിരുവനന്തപുരം യൂണിറ്റ് മേധാവി നന്ദകുമാർ നായർ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്.
ചെന്നൈയിലും ബെംഗളൂരുവിലും അന്വേഷണം
കാണാതായതിന്റെ തൊട്ടടുത്ത ദിവസം ജെസ്നയെ ചെന്നൈയിൽ കണ്ടെത്തിയെന്ന അവകാശവുമായി ഒരാളെത്തി. എന്നാൽ, ആ മൊഴിയിലും കാര്യമായ മുന്നേറ്റമുണ്ടായില്ല. ജെസ്നയെ കുറിച്ചു വിവരം നൽകാൻ പൊലീസ് പൊതു സ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിച്ചു. ഇതിലെ സൂചനകൾ തേടിപ്പോയ പൊലീസ് 300 പേരെ ചോദ്യം ചെയ്തു. 150ൽപ്പരം പേരുടെ മൊഴി രേഖപ്പെടുത്തി. ജെസ്നയെ കണ്ടെത്തുന്നവർക്കായി സംസ്ഥാന പൊലീസ് ആദ്യം രണ്ടു ലക്ഷവും പിന്നീട് 5 ലക്ഷം രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചു. പക്ഷേ പൊലീസ് തിരയുന്ന ആ ഉത്തരം മാത്രം ഇന്നും കാണാമറയത്ത്.
‘സിബിഐ വരട്ടെ, നേരിന്റെ ചുരുളഴിയട്ടെ…’
‘2017 ജൂലൈ 5നാണ് ഞങ്ങളുടെ മമ്മി ഫാൻസി ജയിംസ്, വൈറൽ ന്യൂമോണിയ ബാധിച്ചു മരിച്ചത്. ജെസ്നയെ ബാധിക്കുന്ന ഒരു പ്രശ്നവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒന്നാം വർഷ പരീക്ഷയിൽ 90% മാർക്കുണ്ടായിരുന്നു ജെസ്നയ്ക്ക്. അവളൊരിക്കലും ബസിൽ ഒറ്റയ്ക്കു സഞ്ചരിക്കാറില്ല. കൂട്ടുകാരികൾക്കൊപ്പം മാത്രമേ പോകുകയുള്ളൂ’– ജെസ്നയുടെ സഹോദരി ജെഫി പറയുന്നു. ജെസ്നയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാൻ സിബിഐക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കണ്ണീരിനും പ്രാർഥനയ്ക്കും കാത്തിരിപ്പിനും ഫലമുണ്ടാകും– ജെസ്നയുടെ അച്ഛൻ ജെയിംസ് ജോസഫും മകൾ ജെഫിയും പറയുന്നു.