പൊൻകുന്നം – പ്ലാച്ചേരി റോഡ് നിർമാണത്തിൽ അശാസ്ത്രീയതയെന്ന്
ചെറുവള്ളി: പുനലൂർ – മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പൊൻകുന്നം പ്ലാച്ചേരി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമായാണ് നടക്കുന്നതെന്ന് ആരോപണം.
റോഡിന്റെ നിർമാണം ആരംഭിച്ചപ്പോൾ തന്നെ ഓട നിർമിക്കണമെന്ന് പൊതുജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെട്ട ഭാഗങ്ങളിലും ഒന്നാം ഘട്ട ടാറിംഗ് പൂർത്തീകരിച്ച ശേഷമാണ് ഓട നിർമിക്കുന്നത്. ഇതിനായി റോഡിന്റെ വശങ്ങളിൽ കുഴികൾ നിർമിക്കുവാൻ തുടങ്ങിയതോടെ റോഡിന്റെ സൈഡിലെ കെട്ടുകൾ ഇടിഞ്ഞു വീഴുകയാണ്. കഴിഞ്ഞ ദിവസം ചെറുവള്ളി ഗവൺമെന്റ് എൽപി സ്കൂളിന്റെ കൽക്കെട്ട് ഇടിഞ്ഞു വീണിരുന്നു. സ്കൂളിന്റെ വാട്ടർ ടാങ്കും മോട്ടോർ പുരയും ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഒരാഴ്ച മുമ്പ് തൊട്ടടുത്തുള്ള ആലപ്പാട്ട് ബേബിച്ചന്റെ പുരയിടത്തിലെ കൽക്കെട്ടും തകർന്നു വീണിരുന്നു.
പല പ്രദേശങ്ങളിലും ടാറിംഗിനുശേഷമാണ് റോഡിന്റെ സൈഡ് ഭിത്തി നിർമിക്കുന്നത്. ഇതിനായുള്ള കല്ലും മറ്റ് സാമഗ്രികളും മുന്നറിയിപ്പ് ബോർഡ് പോലുമില്ലാതെ റോഡിന്റെ നടുഭാഗത്താണ് ഇറക്കിയിട്ടിരിക്കുന്നത്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു. ഒരു മഴ പെയ്താൽ ഉടൻ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നതായും പരാതിയുണ്ട്. ലോകോത്തര നിലവാരത്തിൽ നിർമിക്കുന്ന റോഡിൽ കഴിഞ്ഞ ദിവസം വലിയ വിള്ളൽ ഉണ്ടായതായും പരാതിയുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട് യാതൊരുവിധ പരിശോധനകളും നടക്കുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. നിർമാണം സംബന്ധിച്ച് തങ്ങൾക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നാണ് കെഎസ്ടിപി അധികൃതരുടെ നിലപാട്. കൽക്കെട്ട് നിർമിക്കുന്ന സബ് കോൺട്രാക്ട്രർ തങ്ങൾക്ക് താത്പര്യമുള്ള സ്ഥലങ്ങളിൽ മാത്രമാണ് കൽക്കെട്ട് നിർമിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇവരുടെ കൽക്കെട്ട് പല ഭാഗങ്ങളിലും ഇടിഞ്ഞു വീഴാറായിരിക്കുകയാണ്.
ബൈ റോഡുകളും സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴികളും വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡ് നിർമാണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രാഹുൽ ബി. പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യൂത്ത് ഫ്രണ്ട് -എം ചിറക്കടവ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി