കാഴ്ചയുടെ വര്‍ണോത്സവമൊരുക്കി നാടെങ്ങും കണിക്കൊന്നകള്‍ പൂത്തു
കാഞ്ഞിരപ്പള്ളി: വിഷുപ്പുലരിയെത്തും മുമ്പേ കാഴ്ചയുടെ വര്‍ണോത്സവമൊരുക്കി നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. വേനലിൽ നാട് ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ കണിക്കൊന്നകൾ ഒന്നായി പൂക്കുകയായിരുന്നു. പൊന്നിൻ ചാർത്തണിഞ്ഞു നില്ക്കുന്ന കൊന്നമരം വരും വർഷത്തിലെ പുത്തൻ പ്രതീക്ഷകളാണെന്നാണ് പറയപ്പെടുന്നത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ നല്കി ദേശീയപാതയോരങ്ങളിലും റോഡരികുകളിലുമെല്ലാം പൂക്കളാൽ സമൃദ്ധമായി നിറഞ്ഞുനില്ക്കുകയാണിവ.
വിഷുവിന് ഒരാഴ്ചകൂടി ബാക്കി നില്‍ക്കവെ മിക്കയിടങ്ങളിലും കൊന്ന പൂവിട്ടു കഴിഞ്ഞിട്ടുണ്ട്. 33 ഡിഗ്രി അന്തരീക്ഷ താപനിലയിലാണ് കണിക്കൊന്നകള്‍ പൂക്കുന്നത്. മാര്‍ച്ച് മാസം അവസാനത്തോടെ തളിര്‍ത്ത് പൂവിടേണ്ട കണിക്കൊന്നകളാണ് വേനല്‍ കടുത്തതിനാല്‍ ഇത്തവണ മാര്‍ച്ച് ആദ്യവാരം തന്നെ പൂത്തത്. വിഷുക്കണി ഒരുക്കുന്നതില്‍ മറ്റു ഫലങ്ങള്‍ക്കൊപ്പം കണിക്കൊന്നയും പ്രധാനിയാണ്. എന്നാല്‍, നേരത്തെ പൂത്തതിനാലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിലും പലതും കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തവണ വിഷുക്കണി ഒരുക്കുന്നതിന് പൂ ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. വിഷുക്കാലത്ത് ഏറെ ആവശ്യക്കാരുള്ള കൊന്നപ്പൂവിന് മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കാറുണ്ട്. ഇക്കൊല്ലം കാലംതെറ്റി പൂത്തതിനാല്‍ തന്നെ വേണ്ടസമയത്ത് പൂക്കൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് ഇത്തവണ ഡിമാന്റും വിലയും വര്‍ധിക്കുവാനാണ് സാധ്യത. ഒരു കെട്ട് പൂവിന് 15 മുതല്‍ 20 രൂപ വരെയാണ് കഴിഞ്ഞ വര്‍ഷം ഈടാക്കിയിരുന്നത്.