നേഹ ഈസ് നെയിം മൈ…’ തലതിരിച്ച് പറച്ചിലാണ് ഇഷ്ടം
കാഞ്ഞിരപ്പള്ളി
: ‘നേഹ ഈസ് നെയിം മൈ’… പേര് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്. പാറത്തോട് ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിലെ വിദ്യാർഥിനി നേഹ അഭിലാഷ് ഇങ്ങനെയാണ്. ഒരു ഇംഗ്ലീഷ് വാക്ക് കിട്ടിയാൽ തലതിരിച്ചും തലയിൽ കയറ്റും, ഈ ആറാംക്ലാസുകാരി. വാക്കുകളും സ്പെല്ലിങ്ങും തിരിച്ചും മറിച്ചും ചോദിച്ചാലും നിമിഷനേരംകൊണ്ട് പറഞ്ഞുതീർക്കും.
യു.കെ.ജി.യിൽ പഠിക്കുമ്പോൾ ആദ്യമായി പഠിച്ച ഇംഗ്ലീഷ് അക്ഷരങ്ങൾ തിരിച്ചുപറഞ്ഞപ്പോഴാണ് നേഹയുടെ കഴിവ് അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കുന്നത്. പിന്നീട്, ഓരോ വാക്കും പഠിക്കുമ്പോഴും സ്പെല്ലിങ് തിരിച്ച് പറഞ്ഞു, നേഹ. വീട്ടുകാരുടെയും അധ്യാപകരുടെയും പ്രോത്സാഹനംകൂടിയായപ്പോൾ ഇപ്പോൾ നേഹയ്ക്ക് ഉത്തരംമുട്ടില്ല. ഉടനടി തിരിച്ച് പറഞ്ഞിരിക്കും.
ഇംഗ്ലീഷ് പ്രസംഗം പഠിച്ച് തിരിച്ചുപറഞ്ഞും നേഹ ശ്രദ്ധ നേടി. സ്കൂളിലെയും നാട്ടിലെയും പരിപാടികളിൽ നേഹ തലതിരിച്ചുപറഞ്ഞ് കൈയടി നേടിയിട്ടുണ്ട്.
മലയാളം അക്ഷരമാലയും തിരിച്ചുപറയുമെങ്കിലും വാക്കുകൾ മറിച്ചുചൊല്ലാൻ പറഞ്ഞാൻ ചിരിയിലൊതുക്കും. അച്ഛൻ ഒരോ വാക്കും ചോദിക്കുമ്പോൾ തിരിച്ചുപറഞ്ഞാണ് ഇത് പഠിച്ചതെന്ന് നേഹ പറയുന്നു. തലതിരിച്ച് പറച്ചിലിൽ മാത്രമല്ല, പഠനത്തിലും മിടുക്കിയാണ് നേഹ. പാറത്തോട് ഗോകുലം വീട്ടിൽ അഭിലാഷ്-സന്ധ്യ ദമ്പതിമാരുടെ മകളാണ്. സഹോദരി: രേഷ, ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.