കാഞ്ഞിരപ്പള്ളിയിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി, മൂന്ന് പ്രതികൾ പിടിയിൽ
കാഞ്ഞിരപ്പള്ളി : തമിഴ്നാട് സ്വദേശിയായ യുവാവിനെ കാഞ്ഞിരപ്പള്ളി കപ്പാട് പുന്നച്ചുവട് ഭാഗത്ത് നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ, കാറിൽ പിന്തുടർന്ന് വിലങ്ങം നിർത്തി, യുവാവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയും, കാറിനുള്ളിൽ വച്ച് യുവാവിന്റെ ബാഗിനുള്ളിൽ നിന്നും പണം അപഹരിക്കുകയും ചെയ്തു. തുടർന്ന് യുവാവിനെ കൊണ്ടുപോയ സ്ഥലത്ത് തിരികെ ഇറക്കി വിടുകയുമാണ് ഉണ്ടായത്.
ആനക്കല്ല് സ്വദേശികളായ മൂന്നുപേരെ പോലീസ് വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പിടികൂടി.
ഇന്നലെ ഉച്ചയോടെയാരുന്നു സംഭവം നടന്നത് . വിവിധ കോഴി കടകളിൽ നിന്നും കളക്ഷൻ പണം ശേഖരിക്കുന്ന ജോലി ചെയ്തുവന്നിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവ്, അന്നത്തെ കളക്ഷൻ തുക ബാങ്കിൽ അടച്ച ശേഷം പോയസമയത്താണ് ആക്രമിക്കപ്പെട്ടത് . ബാഗിൽ മിച്ചമുണ്ടായിരുന്ന 5000 രൂപ പ്രതികൾ തട്ടിയെടുത്തു.
കാറിന്റെ നമ്പർ നോക്കി വച്ച യുവാവ്, നമ്പർ സഹിതം പോലിസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ മൂവാറ്റുപുഴയിലെ റെന്റ് എ കാർ ബിസിനസ് നടത്തുന്നവരുടെയാണ് കാർ എന്ന് മനസ്സിലാക്കി. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിൽ ഇന്ന് രാവിലെ പ്രതികളെ പിടികൂടുകയായിരുന്നു.