എരുമേലിയിൽ പോസിറ്റിവിറ്റി നിരക്ക് കൂടുന്നു, ഏഴ് പ്രദേശങ്ങളിൽ ഇടവഴികൾ അടച്ചു

എരുമേലി: എരുമേലി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കോവിഡ് പോസിറ്റീവ് നിരക്ക് കൂടുന്നു. തിങ്കളാഴ്ച കോവിഡ് പോസിറ്റീവായവരുടെ എണ്ണം 40-ന് മുകളിലെന്നാണ് ആരോഗ്യ വകുപ്പിൽ നിന്നുള്ള വിവരം. ഇതോടെ എരുമേലി ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 300- നടുത്തായി. രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും എരുമേലിയിൽ പ്രവർത്തിക്കുന്ന ഡി.സി.സി. കോവിഡ് ചികിത്സാ കേന്ദ്രമായിട്ടില്ല. എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്ത് ഗ്രാമപ്പഞ്ചായത്ത് അധികൃതർ ദിവസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിട്ടും ചികിത്സാ കേന്ദ്രം ഇതേവരെ തുടങ്ങാത്തത് പ്രതിസന്ധി ഉയർത്തിയിരിക്കുകയാണ്. ഉമ്മിക്കുപ്പ, കനകപ്പലം, പൊര്യൻമല, മുട്ടപ്പള്ളി, പാണപിലാവ് പ്രദേശങ്ങളിലാണ് കൂടുതൽ രോഗബാധിതർ.

എരുമേലി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കൺടെയ്ൻമെന്റ് സോണായതോടെ പ്രധാന റോഡുകൾ ഒഴിവാക്കി രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ ഇടവഴികൾ പോലീസ് അടച്ചു. പൊര്യൻമല, കനകപ്പലം, അടുക്കള കോളനി, കുന്നേൽ കോളനി, മുക്കൂട്ടുതറ, മുട്ടപ്പള്ളി, ഉമ്മിക്കുപ്പ, പാണപിലാവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇടവഴികൾ അടച്ചത്.

കൺടെയ്ൻമെന്റ് സോണായതിനാൽ മുക്കൂട്ടുതറ ടൗണിൽ അവശ്യ സാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ രാവിലെ ഏഴുമുതൽ അഞ്ചുവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ കൺടെയ്ൻമെന്റ് സോണായ മുക്കൂട്ടുതറയിൽ ടാക്‌സി ഉൾപ്പെടെ വാഹനങ്ങളുടെയും ആൾക്കാരുടെയും തിരക്കനുഭവപ്പെടുന്നതായും, നിയന്ത്രണത്തിന്റെ പേരിൽ കടകൾ അടച്ചവർ മണ്ടൻമാരായ സാഹചര്യവുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ പറഞ്ഞു.

error: Content is protected !!