സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മിനി ലോക്ക് ഡൗണിന് സമാനമായി
കാഞ്ഞിരപ്പള്ളി: കോവിഡ് രോഗികളുടെ വർധനവിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം മിനി ലോക്ക് ഡൗണിന് സമാനമായി. നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾ വീടുകളിലിരിക്കുന്ന സാഹചര്യമായിരുന്നു പൊതുവെ.
സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലെ ഓഫീസുകളിലും ജോലി ചെയ്യുന്നവരല്ലാതെ പൊതുവെ ടൗണിൽ ആളുകൾ കുറവായിരുന്നു. പച്ചക്കറി, പലവ്യഞ്ജനം, ബേക്കറികൾ, മെഡിക്കൽ സ്റ്റോർ തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിച്ചു. ഒന്നുരണ്ട് ഹോട്ടലുകളും പ്രവർത്തിച്ചു. ദീർഘദൂര സർവീസുകളടക്കം കെഎസ്ആർടിസി സർവീസുകൾ നടത്തി. എന്നാൽ, ആളുകളില്ലാത്തതിനെ തുടർന്ന് കുറച്ച് സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ചിലയിടങ്ങളിൽ ഓട്ടോറിക്ഷകളും സർവീസ് നടത്തി.
നിയന്ത്രങ്ങളുടെ ഭാഗമായി അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ചെറുപ്പക്കാരടക്കം അനാവശ്യമായി പുറത്തിറങ്ങിയവരെ പോലീസ് തിരികെ അയച്ചു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിച്ചു. ഇന്നലെ 10 പേർക്കെതിരേ കേസെടുക്കുകയും 20 പേരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഞായറാഴ്ച വരെ നിയന്ത്രങ്ങൾ കർശനമായി തുടരുമെന്ന് പോലീസ് പറഞ്ഞു.