കോവിഡ് ചികിത്സ : കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിയുടെ പത്രക്കുറിപ്പ്
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ കോവിഡ് ചികിത്സയും അനുബന്ധ സേവനങ്ങുളമായി ബന്ധപ്പെട്ടു ചില കേന്ദ്രങ്ങളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലും, ചില ഓൺലൈൻ ചാനലുകളിലും നടക്കുന്ന കുപ്രചാരണങ്ങളെ സംബന്ധിച്ചുള്ള ചില വസ്‌തുതകൾ പൊതുജനസമക്ഷം അറിയിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
കോവിഡ് ചികിത്സ നിഷേധിച്ചുവെന്ന രീതിയിൽ നടക്കുന്ന വസ്തുതാ വിരുദ്ധമായ സന്ദേശം പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ദയിൽപ്പെട്ടിരുന്നു. കഴിഞ്ഞ നാലു മാസത്തിലധികമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കോവിഡ് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന സത്യം മറച്ചു വെച്ച് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണം വിലപ്പോവില്ല എന്നറിയിക്കട്ടെ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു നിലവിൽ മൂന്ന് വാർഡുകൾ കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ വാർഡുകളിൽ കിടക്കകൾ ലഭ്യമല്ലാത്ത അവസരങ്ങളിലും, രോഗികൾക്ക് ഇവിടെ ലഭ്യമല്ലാത്ത സൗകര്യങ്ങൾ അടിയന്തര ഘട്ടങ്ങളിൽ ലഭിക്കേണ്ട സമയങ്ങളിലും മാത്രമാണ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത്. ഈ കാര്യങ്ങൾ രോഗിയുടെ ബന്ധുക്കളെ കൃത്യമായി തന്നെ അറിയിച്ചിട്ടുള്ളതുമാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രം യാതൊരുവിധ പരാതികൾക്കും ഇട വരുത്താതെ ഇരുനൂറ്റിയൻമ്പതിലധികം പേർ എവിടെ നിന്നും ചികിത്സ തേടി പൂർണ്ണ സൗഖ്യരായി എന്നതും ഇതിനോട് ചേർത്ത് വായിക്കണം.കൂടാതെ വീടുകളിൽ കഴിയുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകൾ അടക്കം എത്തിച്ചു നൽകുന്ന മേരീക്വീൻസ് ഹോംകെയർ സേവനവും, ആവശ്യ ഘട്ടത്തിൽ ഡോക്ടർ ഓൺ കാൾ, വീഡിയോ കൺസൾട്ടേഷൻ സൗകര്യവും നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
മറ്റൊരു ആരോപണം കഴിഞ്ഞ കുറെ വർഷങ്ങളായി മേരീക്വീൻസ് മിഷൻ ആശുപത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത പരാതികൾ ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളിൽ നിന്നുമാണ് ഉയർന്നിരിക്കുന്നത്. ആദ്യം തന്നെ പറയട്ടെ. മേരീക്വീൻസ് ആശുപത്രിയിൽ ലഭ്യമായ, അല്ലെങ്കിൽ ആശുപത്രിയിൽ തന്നെ നേരിട്ട് പരിശോധനാ സൗകര്യമുള്ളത് റാപ്പിഡ് ആന്റിജൻ കാർഡ് ടെസ്റ്റിനാണ്. അതിനാൽ മറ്റു യാതൊരു വിധ ചാർജുകളും ഈടാക്കാതെ ഗവ. നിർദേശമനുസരിച്ചു 300 രൂപ നിരക്ക് മാത്രം ഈടാക്കി ആന്റിജൻ ടെസ്റ്റ് 24 മണിക്കൂറും ഇപ്പോൾ ലഭ്യമാണ്. എന്നാൽ അതോടൊപ്പം പൊതുജനങ്ങളുടെ സൗകര്യാർത്ഥം ആർ.ടി.പി.സി.ആർ പരിശോധനാ സൗകര്യമുള്ള ഒന്നിലധികം ലാബുകളുമായി സഹകരിച്ചു സാമ്പിൾ കളക്ഷൻ സെന്റർ എന്ന നിലയിൽ മേരീക്വീൻസ് മിഷൻ ആശുപത്രി പ്രവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ നിർദേശം അനുസരിച്ചു ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയിലേക്ക് കുറച്ചതിനാൽ ഈ കാര്യത്തിൽ ലാബുകളുടെ നിർദ്ദേശം വരുന്ന വരെ ഏകദേശം 3 മണിക്കൂർ നേരത്തേക്ക് ആർ.ടി.പി.സി.ആർ പരിശോധനാ ഭാഗികമായി നിർത്തേണ്ടി വന്നുവെന്നത് വസ്തുതയാണ്. മാത്രവുമല്ല കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് എത്തുന്നതിനാൽ ലാബുകളിൽ നിന്നും റിസൾട്ട് ലഭിക്കുന്നതിന് 48 മണിക്കൂർ വരെയും ചിലപ്പോൾ അതിലധികവും കാലതാമസം വരുന്നുവെന്നതും ആർ.ടി.പി.സി.ആർ സാമ്പിൾ കളക്ഷനെ ബാധിച്ചു. അതിനാൽ തന്നെ വിദേശ യാത്ര പോലെയുള്ള അവസരങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനാ നടത്തുവാൻ എത്തുന്നവർക്ക് ഈ സേവനം ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിയേണ്ടതായി വന്നുവെന്നതും വസ്തുത തന്നെ. എന്നാൽ അതേ സമയം തന്നെ അടിയന്തര പ്രാധാന്യത്തോടെ രോഗികൾക്കും, ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നവർക്കും, അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകേണ്ടവർക്കും 500 രൂപ നിരക്കിൽ തന്നെ പരിശോധന നടത്തിയിരുന്നു. ഈ ദിവസങ്ങളിൽ മാത്രം നൂറിലധികം ആർ.ടി.പി.സി.ആർ പരിശോധന സാമ്പിൾ കളക്ഷനുകളാണ് മേരീക്വീൻസിൽ നടത്തിയത്.
മറ്റൊരു ആരോപണം കോവിഡ് പരിശോധനക്ക് എത്തുന്ന രോഗികളെ ആശുപത്രിക്ക് ഉള്ളിൽ പ്രവേശിപ്പിക്കാതെ ആശൂപത്രി കോമ്പൗണ്ടിൽ ഉള്ള പ്രത്യേക കേന്ദ്രത്തിൽ പരിശോധിക്കുന്നുവെന്നതാണ്. എല്ലാവർക്കുമറിയാം നമ്മുടെ ആശുപത്രിയിൽ പ്രവേശിക്കുന്ന ഓ.പി, ഐ.പി വിഭാഗത്തിലെ മറ്റു രോഗികൾക്കും, ആശുപത്രിയിലെ ജീവനക്കാർക്കും സുരക്ഷയൊരുക്കേണ്ടത് ആശുപത്രി അധികൃതരുടെ ചുമതലയാണ്. അതിനാലാണ് യാതൊരു വിധത്തിലുള്ള സമ്പർക്കത്തിനും ഇട വരുത്താത്ത രീതിയിൽ ആശുപത്രിയുടെ ഒരു ഭാഗം കോവിഡ് ചികിത്സക്കും, പരിശോധനകൾക്കുമായി മാറ്റിയിരിക്കുന്നത്. ഈ മേഖലയിൽ ടോക്കൺ സൗകര്യവും, പൊതുജനങ്ങൾക്കായി വിശ്രമത്തിനു പ്രത്യേക പന്തലുകളും ഒരുക്കിയിട്ടുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ നൂറുകണക്കിന് ആളുകൾ ഈ സേവനം ഉപയോഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ ചില സമയങ്ങളിൽ തിരക്ക് അധികമാകുന്നു എന്നതും ഒരു വസ്തുതയാണ്. എങ്കിലും ലഭ്യമായ സൗകര്യങ്ങളിൽ നിന്നു കൊണ്ട് ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് ഞങ്ങൾ കോവിഡ് അനുബന്ധ ചികിത്സാ സേവനങ്ങൾ നൽകുന്നത്.
കോവിഡ് ദിനങ്ങളിൽ ഓരോ രോഗിയെയും മനുഷ്യനായി മാത്രം കണ്ടു വളരെ ആത്മാർത്ഥമായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ മനസ്സിനെ വേദനിപ്പിക്കുന്ന രീതിയിലാണ് ചില വ്യക്തികളുടെയും, സ്വയം പ്രഖ്യപിത മാധ്യമപ്രവർത്തകർ എന്നും വിശേഷിപ്പിക്കുന്നവരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. “മറ്റെന്തു സംഭവിച്ചാലും കുഴപ്പമില്ല തങ്ങളുടെ കാര്യങ്ങൾക്ക് മാത്രം മുൻഗണനാ ലഭിക്കണമെന്ന” ആഗ്രഹമുള്ള ചില വ്യക്തികൾ ചില സ്ഥാപിത താല്പര്യക്കാരുടെ പിന്തുണയോടെ നടത്തുന്ന കുപ്രചാരണങ്ങളെ സാധാരണ ഗതിയിൽ അവർ അർഹിക്കുന്ന പരിഗണനയോടെ അവഗണിക്കാറാണ്
പതിവെങ്കിലും ഈ കോവിഡ് സമയത്തു ആരോഗ്യ പ്രവർത്തകരുടെയാകെ മനസ്സ് മടുപ്പിക്കുന്ന, അവർ നൽകുന്ന സേവനങ്ങളെ വില കുറച്ചു കാണുന്ന, അവരുടെ ജോലി തടസ്സപ്പെടുത്തുന്ന ഇത്തരം വില കുറഞ്ഞ പ്രവർത്തികളും ആരോപണങ്ങളും നടത്തുന്നവർക്കെതിരെ നിയമനടപടികളുമായി തന്നെ മുന്നോട്ടു പോകുന്നതാണെന്നും ഞങ്ങൾ അറിയിക്കുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും ഞങ്ങളെ ചേർത്തു നിർത്തുന്ന പ്രിയപ്പെട്ട പൊതുജനങ്ങൾക്ക് നന്ദി. ഈ കോവിഡ് ദിനങ്ങളിലും നമുക്കൊന്നിച്ചു പോരാടാം നല്ല നാളേക്കായി… നമ്മുടെ നാടിനായി
ലെയ്സൺ ഓഫീസർ
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ