മുജീബ് അണ്ണനും വികാരിയച്ചനും ചേർന്നുണ്ടാക്കിയത് സ്നേഹത്തിൽ പൊതിഞ്ഞ ഉണ്ണിയപ്പങ്ങൾ..ആദരവോടെ വാങ്ങി രുചിയോടെ കഴിച്ചവർ ഏറെപ്പേർ ..
Date : July 17, 2019
മുജീബ് അണ്ണനും വികാരിയച്ചനും ചേർന്നുണ്ടാക്കിയത് സ്നേഹത്തിൽ പൊതിഞ്ഞ ഉണ്ണിയപ്പങ്ങൾ..ആദരവോടെ വാങ്ങി രുചിയോടെ കഴിച്ചവർ ഏറെപ്പേർ ..
ചിറക്കടവ് : വഴിയോര കച്ചവടക്കാരൻ പാറത്തോട് സ്വദേശി മുജീബ് അണ്ണനും, എരുമേലി പഴയ കൊരട്ടി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെച്ചൂകരോട്ടച്ചനും ചേർന്ന് ഉണ്ടാക്കി വിലപ്ന നടത്തിയ ഉണ്ണിയപ്പങ്ങൾക്കു രുചി കൂടുതലായിരുന്നുവെന്നു ഇടപാടുകാർ.
ഞള്ളമറ്റം ഭാഗത്തു കൂടി സഞ്ചരിക്കുന്നവരിൽ പലരും മുജീബ് അണ്ണന്റെ കടയിൽ നിന്നും സ്വാദുള്ള ഉണ്ണിയപ്പം വാങ്ങി കഴിക്കാറുണ്ട് . എന്നാൽ കഴിഞ്ഞ ദിവസം അതുവഴി പോയവർ മുജീബ് അണ്ണന്റെ കടയിൽ സഹായത്തിനു നിൽക്കുന്ന ആളെ കണ്ടു അത്ഭുതപ്പെട്ടു. എരുമേലി പഴയ കൊരട്ടി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെച്ചൂകരോട്ട് ആയിരുന്നു അന്നത്തെ സഹായി. ആദ്യം പലരും മടിച്ചുനിന്നുവെങ്കിലും, പിന്നീട് ആളുകൾ തിക്കിത്തിരക്കി അവരുടെ മതമൈത്രിയുടെ ഉണ്ണിയപ്പം ആദരവോടെ വാങ്ങി രുചിയോടെ കഴിച്ചു.
ഫാ. സെബാസ്റ്റ്യൻ ആ വഴി പോകുമ്പോൾ മുജീബ് അണ്ണന്റെ കടയിൽ നിന്നും പതിവായി ഉണ്ണിയപ്പവും ചായയും കഴിക്കുമായിരുന്നു. അങ്ങനെ അവർ തമ്മിൽ വളരെ നല്ല സൗഹൃദം ഉടലെടുത്തിരുന്നു. വഴിയോര കച്ചവടമാണ് മുജീബിനും കുടുംബത്തിനും ആശ്രയം. മുജീബ് അണ്ണൻ തനിയെ കടയിലെ എല്ലാ പണികളും ചെയ്യുന്നത് കണ്ടത്തിൽ ഉള്ള വിഷമത്തിലാണ് ഫാ. സെബാസ്റ്റ്യൻ ഒരു ദിവസം മുജീബ് അണ്ണനെ സഹായിക്കുവാൻ കൂടെ നിന്നത്. ഭക്ഷണം കഴിക്കുവാൻ എത്തിയവരിൽ ഒരാൾ, രണ്ടുപേരും ചേർന്ന് ഉണ്ണിയപ്പം ഉണ്ടാക്കുന്ന മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടത് വൈറലായിരുന്നു .
ഒട്ടേറെ നിരാലംബരുടെ അഭയകേന്ദ്രമായ തമ്പലക്കാട് പെനുവേൽ ആശ്രമം സ്ഥാപിച്ച ഫാ. സെബാസ്റ്റ്യൻ വെച്ചൂക്കരോട്ടിന്റെ സുമനസ് നിറഞ്ഞ സ്നേഹത്തിന്റെ കാഴ്ച കൂടിയായി മാറുകയായിരുന്നു വഴിയോര കച്ചവടത്തിന് പിന്നിലെ സൗഹൃദവും .