അത്ഭുതങ്ങൾ തീർന്നിട്ടില്ല … ഷോക്കേറ്റു ഹൃദയമിടിപ്പ് പൂർണമായും നിന്നുപോയയാളെ സാഹസികമായി രക്ഷപ്പെടുത്തിയ സുനിൽകുമാറിന് നാടിന്റെ ആദരവ്
അത്ഭുതങ്ങൾ തീർന്നിട്ടില്ല … ഷോക്കേറ്റു ഹൃദയമിടിപ്പ് പൂർണമായും നിന്നുപോയയാളെ സാഹസികമായി രക്ഷപ്പെടുത്തിയ സുനിൽകുമാറിന് നാടിന്റെ ആദരവ്
AUG 8, 2019 :
കാഞ്ഞിരപ്പള്ളി : അത്ഭുതങ്ങൾ തീർന്നിട്ടില്ല, നന്മകൾ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ് കാഞ്ഞിരപ്പള്ളിയിൽ നടന്ന അവിശ്വസനീയ സംഭവങ്ങൾ.. ലോഡ് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വൈദുതി പോസ്റ്റ് ഇടിച്ചു തകർത്തപ്പോൾ, വൈദുതി കമ്പി ശരീരത്തേക്ക് പൊട്ടിവീണതോടെ, ഷോക്കേറ്റു പിടഞ്ഞു ഹൃദയമിടിപ്പ് പൂർണമായും നിലച്ചുപോയ, നിസ്സഹായനായ ജോൺസൺ എന്ന ലോട്ടറി വില്പനക്കാരനെ, ഉറപ്പായിരുന്ന ദാരുണ മരണത്തിൽ നിന്നും ഒരു കാവൽ മാലാഖയെപ്പോലെ ഓടിയെത്തി , സുനിൽ കുമാർ സാഹസികമായി രക്ഷപെടുത്തി ഒരു പുതുജന്മം നൽകുകയായിരുന്നു.
സ്വന്തം ജീവൻ പണയം വച്ച്, അപകടത്തിൽ പെട്ട് മരണവുമായി മല്ലടിച്ച, യാതൊരു മുൻപരിചയം ഇല്ലാതെ ഒരാളെ സാഹസികമായി രക്ഷിച്ച സുനിൽ കുമാറിന് ഉചിതമായ സ്വീകരണവും ഉപഹാരവും നൽകുവാനുള്ള ആലോചനയിലാണ് നാട്ടുകാർ ..
വീഡിയോ കാണുക
സംഭവം ഇങ്ങനെ :
കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. റോഡിൽ കൂടി കാൽനടയായി ലോട്ടറി വിറ്റു ഉപജീവന കഴിച്ചിരുന്ന കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി കാവുങ്കൽ ജോൺസൻ എന്നയാളെ ലാറ്റക്സ് കയറ്റിവന്ന റബ്ബർ കമ്പനിയുടെ വാൻ മഴയത്തു റോഡിൽ നിന്നും പുറത്തേക്കു തെന്നി നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. ജോൺസനെ ഇടിച്ചശേഷം വാൻ മുൻപിലുള്ള വൈദുതിപോസ്റ് ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു വാനിന്റെ പുറത്തേക്കു ചാരിവീണു. റോഡിലേക്ക് പൊട്ടിവീണ വൈദുതി കമ്പികൾ ഇടിയേറ്റു തെറിച്ചു വീണ ജോൺസന്റെ ശരീരത്തിലേക്കാണ് വീണത്. ഷോക്കേറ്റു പിടഞ്ഞ ജോൺസൻ അധികം താമസിയാതെ നിശ്ചലമായി. അതോടെ ആൾ മരിച്ചുവെന്ന് എല്ലാവരും കരുതി. ഒരാൾ ഓടിയെത്തി ജോൺസണെ രക്ഷിക്കുവാൻ ശ്രമിച്ചുവെങ്കിലും, ജോൺസന്റെ ശരീരത്തിൽ നിന്നും അയാൾക്കും ഷോക്ക് ഏറ്റതിന്നാൽ പിന്മാറി.
ചുറ്റും ജനം ഓടികൂടിയെങ്കിലും വൈദുതി പ്രവഹിക്കുന്നതിനാൽ ആർക്കും അടുക്കുവാൻ ധൈര്യം ഉണ്ടായില്ല. ഒടിഞ്ഞെ പോസ്റ്റ് വാനിന്റെ ബോഡിയിലേക്കു ചാരിയാണ് നിന്നിരുന്നത്. ഏതുനിമിഷവും അത് ഒടിഞ്ഞു റോഡിലേക്ക് വീഴും എന്ന സ്ഥിതിയിലായിരുന്നു നിന്നിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ വലിയെ ദുരന്തം ഉണ്ടാകുമായിരുന്നു.
അപകടം നടന്നതിന്റെ തൊട്ടടുത്ത് സ്വന്തമായി വർക്ഷോപ്പ് നടത്തുന്ന, പൂതക്കുഴിയിൽ കഴിഞ്ഞ പത്തുവര്ഷങ്ങളായി താമസിക്കുന്ന, കൂട്ടിക്കൽ താളുങ്കൽ സ്വദേശി മഠത്തിപ്പറമ്പിൽ സുനിൽ കുമാർ സംഭവം അറിഞ്ഞു ഓടിയെത്തിയപ്പോഴേക്കും വൈദുതികമ്പിയിൽ കുടുങ്ങിയ ജോൺസന്റെ ശരീരം പിടപിടച്ചു നിശ്ചലമായിരുന്നു. കനത്ത മഴ, ചുറ്റും പൊട്ടിവീണ വൈദുതി കമ്പികളിൽ നിന്നും തെറിക്കുന്ന തീപ്പൊരികൾ .. ഏതു നിമിഷവും വീഴാവുന്ന തരത്തിൽ ഒടിഞ്ഞുതൂങ്ങിയ വൈദുതി പോസ്റ്റ് .. മരണത്തോട് മല്ലിടുന്ന ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സുനിൽ കുമാറിന് ആ സമയത് അതൊന്നും ഒരു പ്രതിബന്ധം ആയിരുന്നില്ല.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സുനിൽ റബ്ബർ ചെരുപ്പുകൊണ്ട് ജോൺസന്റെ ശരീരത്തിൽ നിന്നും വൈദുതി കമ്പികൾ അടിച്ചുമാറ്റി. തുടർന്ന് മഴയിൽ കുളിച്ചു നിശ്ചലനായി കിടന്നിരുന്ന ജോൺസന്റെ ശരീരം എടുത്തു മടിയിൽ വച്ച് നാഡിമിടിപ്പ് പരിശോധിച്ചു. ഹൃദയം പൂർണമായും നിന്നുപോയെന്നു ഒരു ഞെട്ടലോടെ മനസ്സിലാക്കിയ സുനിൽ തളർന്നില്ല. കനത്ത മഴയെയും, ചുറ്റും ചീറ്റിപൊട്ടിത്തെറിക്കുന്ന വൈദുതി തീപ്പൊരികളെയും വകവയ്ക്കാതെ ജോൺസന്റെ ഹൃദയത്തോട് ഒരുകൈ ചേർത്തുവച്ചു ശക്തിയിൽ അമർത്തുവാൻ തുടങ്ങി. അപകടത്തിൽ പെടുന്നവർക്ക് ഫസ്റ്റ് എയിഡ് നൽകുന്നതിൽ നേരത്തെ പരിശീലനം ലഭിച്ചിരുന്ന മുൻ പ്രവാസിയായ സുനിൽകുമാർ വിദഗ്ധമായ രീതിയിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിർത്താതെ രണ്ടു മിനിട്ടു നേരം ഹൃദയത്തിന്റെ ഭാഗത്തു അമർത്തിയപ്പോൾ ജോൺസന്റെ കൺപോളകൾ ചെറുതായി ഒന്നനങ്ങി. അതോടെ ജീവൻ തിരിച്ചെത്തിയെന്നു മനസ്സിലാക്കിയ സുനിൽ പ്രത്യാശയോടെ തുടർച്ചയായി കൃത്രിമ ശ്വാസവും, ഹൃദയ ഭാഗത്തേക്ക് മർദ്ദവും കൊടുത്തതോടെ ജോൺസൻ പതിയ കണ്ണ് തുറന്നു .. ചുറ്റും കൂടിയവർ ആശ്വാസം കൊണ്ടു. കൈയടികളോടെ അവർ സുനിലിന്റെ സൽപ്രവർത്തിയെ അംഗീകരിച്ചു.
തുടർന്ന് അതുവഴി വന്ന ഒരു ഓട്ടോയിൽ സുനിൽ കുമാർ ജോൺസണെ കയറ്റി, ഇടിച്ച വാഹനത്തിന്റെ ആൾക്കാർക്കൊപ്പം ആശുപത്രിയിലേക്ക് അയച്ചു. പോകുന്നവഴിക്കു രോഗിയെ പരിചരിക്കേണ്ട വിധം അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.
ആശുപത്രിയിൽ എത്തിയപ്പോൾ നൽകിയ പ്രഥമ ശുശ്രൂഷയോടെ ജോൺസൻ പൂർണബോധത്തിലേക്ക് തിരിച്ചെത്തി. എന്നാൽ മുൻപ് നടന്നതിനെ പറ്റി യാതൊരു ബോധവും ഓർമ്മയിൽ ഇല്ലായിരുന്ന ജോൺസന്റെ കൈയിൽ ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ രണ്ടായിരത്തി അഞ്ഞൂറ് രൂപ നഷ്ടപരിഹാരവും, വില്പനയ്ക്ക് കൊണ്ടുവന്ന ലോട്ടറി നഷ്ടപ്പെട്ടതിന്റെ പരിഹാരമായി 800 രൂപയും നൽകി, പരാതിയൊന്നും ഇല്ലായെന്നും, തുടർചിലവുകൾ സ്വയം വഹിക്കണമെന്നും എഴുതിയൊപ്പിട്ടു വാങ്ങി സ്ഥലം വിട്ടു.
വൈകിട്ടോടെ തിരിച്ചു വീട്ടിലെത്തിയ ജോൺസൻ അടുത്തദിവസമാണ്, താൻ പൊട്ടിവീണ വൈദുതികമ്പിയിൽ പെട്ട് മരണത്തെ മുഖാമുഖം കണ്ട കാര്യങ്ങളെ കുറിച്ച് അറിയുന്നത്. സംഭവത്തിൻെ സീരിയസ്നെസ്സ് അറിഞ്ഞ ജോൺസണും കുടുംബവും തന്നെ സാഹസികമായി രക്ഷെപ്പടുത്തിയായ സുനിൽ കുമാറിനെ ഒരുനോക്ക് കണ്ടു നന്ദി പറയണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.
അന്ന് ഉച്ചകഴിഞ്ഞു സുനിൽ കുമാർ താൻ ജീവൻ രക്ഷിച്ച ജോൺസണെ കാണുവാൻ വീട്ടിലെത്തിയപ്പോൾ നിറകണ്ണുകളോടെയാണ് ജോൺസണും കുടുംബവും സ്വീകരിച്ചത്. ഒരു കാവൽ മാലാഖയെപ്പോലെ തന്നെ കാത്തുരക്ഷിച്ച സുനിൽ കുമാറിനോട് നന്ദി പറയുവാൻ സാധിക്കാതെ നിറകണ്ണുകളോടെ നിന്ന ജോൺസനെ സുനിൽകുമാർ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു.
തീരെ നിർധന കുടുംബത്തിൽ പെട്ട ജോൺസൻ, അപകടത്തോടെ തീരെ അവശതയിൽ ആണ് കഴിയുന്നത്. അപകടത്തിന്റെ തിക്തഫലങ്ങൾ ഓരോന്നായി അനുഭവിക്കുന്ന ജോൺസനു വിദഗ്ധ ചികിത്സ അത്യാവശ്യമാണ്. വാഹനാപകടത്തിൽ പെട്ട മരണത്തെ മുഖാമുഖം കണ്ട തനിക്ക് തുടർചികിത്സ നടത്തുവാൻ ന്യായമായി ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കുവാൻ എന്ത് ചെയ്യണം എന്നറിയാതെ വലയുകയാണ് ജോൺസണും കുടുംബവും. രണ്ടായിരത്തി അഞ്ഞൂറ് രൂപ വാങ്ങിയപ്പോൾ, തുടർചികിത്സ ഉൾപ്പെടെ എല്ലാ ചിലവുകളും സ്വയം വഹിച്ചുകൊള്ളാം എന്നെഴുതി ഒപ്പിട്ടുകൊടുത്ത കടലാസിലേക്ക് നോക്കി ഇനി എന്തുചെയ്യണം എന്നറിയാതെ ജോൺസണും കുടുംബവും പകച്ചു നിൽക്കുന്നു.. മനസാക്ഷിയുള്ള ഒരാൾ നേടിക്കൊടുത്ത ജീവന്റെ, തുടർജീവിതത്തിനായി മസാക്ഷിയുള്ള മറ്റുള്ളവർ ആരെങ്കിലും സഹായിക്കും എന്ന പ്രത്യാശയോടെ ജോൺസണും കുടുംബവും കാത്തിരിക്കുന്നു..