പാലായിൽ ജോസിന്റെ പരാജയത്തിനു കാരണം സിപിഎം?; പാലം വലിച്ചതാര്? വോട്ടു മറിച്ചതാര്?
പാലായിൽ എൽഡിഎഫ് പാളയത്തിൽ പടയുണ്ടായിരുന്നോ? കേരള കോൺഗ്രസിന്റെ (എം) തട്ടകത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തോറ്റതോടെയാണ് ഭിന്നത പുറത്തുവന്നു തുടങ്ങിയത്. പാലായിൽ എൽഡിഎഫ് പ്രാദേശിക തലത്തിലെ അഭിപ്രായ വ്യത്യാസം പ്രചാരണത്തിൽ പ്രതിഫലിച്ചെന്നു സംശയിക്കുന്നതായി കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം തോമസ് ചാഴികാടൻ എംപി തുറന്നു പറഞ്ഞു.
ആരോപണ മുന സിപിഎമ്മിനു നേരെയാണ്. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതു പരിഹരിച്ചിരുന്നുവെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം വരെ പാലായിലെ തോൽവിക്കു ബിജെപിയെയാണ് കേരള കോൺഗ്രസ് (എം) പഴിച്ചിരുന്നത്.
സിപിഎം സഹകരണം ലഭിച്ചില്ലെന്നു ജോസ് കെ. മാണി പറഞ്ഞിട്ടില്ല. എൽഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. താഴെത്തട്ടിൽ ചില പ്രശ്നങ്ങളുണ്ടായി. അവ അപ്പോൾത്തന്നെ പരിഹരിച്ചു.
എ.വി. റസൽ (സിപിഎം ജില്ലാ സെക്രട്ടറി)
വോട്ടു മറിച്ചത് ആര്?
2019ലെ ഉപതിരഞ്ഞെടുപ്പിനെക്കാൾ ബിജെപിക്ക് 14000 വോട്ടിലധികം കുറഞ്ഞു. ഇതാണ് വോട്ടു മറിച്ചതു ബിജെപിയാണെന്ന ആരോപണത്തിനു കാരണം. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ പാലാ നഗരസഭയിലും കരൂർ, രാമപുരം, കൊഴുവനാൽ, എലിക്കുളം പഞ്ചായത്തുകളിലും ജോസ് കെ. മാണി പിന്നിലായി. സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള കടനാട് പഞ്ചായത്തിൽ കാപ്പന് 2398 ലീഡ് ലഭിച്ചു.
സിപിഎം സ്വാധീന മേഖലകളിലും ജോസ് പിന്നാക്കം പോയി. കേരള കോൺഗ്രസിന്റെ (എം) സ്വാധീന മേഖലകളായ പാലാ നഗരസഭ (1424), മേലുകാവ് (2098), തലപ്പലം (1480), മീനച്ചിൽ (1083), ഭരണങ്ങാനം (2228) എന്നിവിടങ്ങളിലും കാപ്പൻ മികച്ച ലീഡ് നേടി. യുഡിഎഫ് മേഖലകളിലാണ് പിന്നെയും കാപ്പനു ലീഡ് കുറഞ്ഞത്. ബിജെപി ഭരിക്കുന്ന മുത്തോലിയിൽ മാത്രമാണ് ജോസിനു മുന്നേറാൻ കഴിഞ്ഞത്.2019ൽ ജോസ് ടോം തോറ്റപ്പോഴും കരൂർ, മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളിൽ ലീഡ് നേടിയിരുന്നു.
ബിജെപി വോട്ടു കുറഞ്ഞുവെന്നതു നേരാണ്. ഞങ്ങൾ ആർക്കും വോട്ടു മറിച്ചിട്ടില്ല. വോട്ട് എങ്ങനെ കുറഞ്ഞുവെന്നു കണ്ടെത്തും.
രഞ്ജിത്ത് മീണാഭവൻ (ബിജെപി നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ)
വോട്ടുകൾ എവിടെപ്പോയി ?
18500 വോട്ടിന് ജോസ് കെ. മാണി ജയിക്കുമെന്നു സിപിഎം കണക്കു കൂട്ടിയിരുന്നു. പാലായിൽ കേരള കോൺഗ്രസിനും (എം) സിപിഎമ്മിനുമായി 70000 രാഷ്ട്രീയ വോട്ടുകളുണ്ടെന്നായിരുന്നു സിപിഎമ്മിന്റെ കണക്ക്. ഈ ഭൂരിപക്ഷവും വോട്ടും കിട്ടിയതു കാപ്പനാണെന്നു മാത്രം! ജോസ് കെ. മാണിക്ക് 54886 വോട്ടുകളാണ് ലഭിച്ചത്. കാപ്പന് 69804 വോട്ടും.
പാലായിലെ വോട്ടുചരിത്രത്തിൽ റെക്കോർഡ് വോട്ടാണു കാപ്പനു കിട്ടിയത്. കെ.എം. മാണിക്ക് 52838 (2001), 46608 (2006), 61239 (2011), 58884 (2016) എന്നീ ക്രമത്തിലാണു വോട്ട് ലഭിച്ചത്. 2019 ൽ 54137 വോട്ടു നേടിയ കാപ്പന് 2021ൽ 15667 വോട്ട് അധികം ലഭിച്ചു. 2019ൽ ജോസ് ടോമിനു കിട്ടിയതിനെക്കാൾ 3232 വോട്ട് മാത്രമാണ് ജോസ് കെ. മാണിക്കു കൂടുതൽ ലഭിച്ചത്.
തർക്കമുണ്ടായോ?
കേരള കോൺഗ്രസും (എം) സിപിഎമ്മും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഒന്നിച്ചു. എന്നാൽ പാലായിൽ പലപ്പോഴും ഭിന്നതകളുണ്ടായി. എല്ലാം ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം ഇടപെട്ടു പരിഹരിച്ചു. ഭിന്നത പുറംലോകം അറിഞ്ഞതു നഗരസഭയിൽ സിപിഎം, കേരള കോൺഗ്രസ് (എം) അംഗങ്ങൾ ഏറ്റുമുട്ടിയപ്പോൾ മാത്രമാണ്.
കാനം രാജേന്ദ്രനും ജോസ് കെ. മാണിയും ഇടയ്ക്കു വാക് പോര് നടത്തിയത് സിപിഐ പ്രവർത്തകരിൽ അനിഷ്ടം സൃഷ്ടിച്ചു. സിപിഐക്കും പാലാ മണ്ഡലത്തിൽ സ്വാധീനമുണ്ട്. ഇതേസമയം, സിപിഎം പ്രാദേശിക നേതാക്കളിൽ പലരുമായും കാപ്പൻ നല്ല ബന്ധം നിലനിർത്തിയിരുന്നു. സമയക്കുറവ് മൂലം കേരള കോൺഗ്രസ് (എം), സിപിഎം പ്രവർത്തകർക്കു പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്നു കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ് കുഴികുളം പറഞ്ഞു.
ചാഴികാടൻ പറയുന്നു; താഴെത്തട്ടിൽ സിപിഎമ്മുമായി ഇഴയടുപ്പമുണ്ടായില്ല
കോട്ടയം∙ താഴെത്തട്ടിലെ സിപിഎം പ്രവർത്തകരുമായി യോജിച്ചു പോകാൻ കഴിയാതെ വന്നതാണു പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ തോൽവിയിലേക്കു വഴിവച്ചതെന്നു തോമസ് ചാഴികാടൻ എംപി .40 വർഷമായി കേരള കോൺഗ്രസ് (എം) യുഡിഎഫിനൊപ്പമായിരുന്നു.
25 വർഷം എൽഡിഎഫിനൊപ്പം നിന്ന ആളാണു കാപ്പൻ. പ്രാദേശിക നേതൃത്വവുമായി കാപ്പനു കൂടുതൽ അടുപ്പമുണ്ടാകുന്നതു സ്വാഭാവികമാണ്. മുത്തോലി ഒഴികെയുള്ള പഞ്ചായത്തുകളിൽ ജോസ് കെ. മാണിക്കു ലീഡ് നേടാനായില്ല. ഇതിന്റെ കാരണം സിപിഎമ്മും കേരള കോൺഗ്രസും (എം) പരിശോധിക്കണം– അദ്ദേഹം പറഞ്ഞു.