‘ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ തല്ലു’മെന്ന് പി.സി ജോർജിനെതിരെ ഭീഷണി; പൊലീസ് കേസ്
ഈരാറ്റുപേട്ട ∙ പി.സി ജോർജിനെതിരെ ഭീഷണി മുഴക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരെ പൊലീസ് കേസെടുത്തു. അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ തല്ലുമെന്ന മട്ടിലായിരുന്നു ഭീഷണി.
ഇതിനെതിരെ ജോർജ് പൊലീസിൽ പരാതി നൽകിയിരുന്നു. ആരുടെയും ഭീഷണിക്കു മുൻപിൽ വഴങ്ങില്ലെന്നാണ് പി.സി ജോർജിന്റെ പ്രതികരണം. വിശദീകരണവുമായി അമീൻ മറ്റൊരു വിഡിയോ ഇന്നലെ പുറത്തുവിട്ടു. താൻ സിപിഎമ്മുകാരനാണെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് ഈ വിഡിയോ. സംഭവം അന്വേഷിച്ചു വരികയാണെന്ന് എസ്എച്ച്ഒ എസ്.എം പ്രദീപ് കുമാർ പറഞ്ഞു.