ജലത്തിനും ജൈവ-മത്സ്യ സമ്പത്തിനും ദോഷകരമായ കുളവാഴ ചിറ്റാര്‍ പുഴയിലേക്കു വ്യാപിക്കുന്നു
കാഞ്ഞിരപ്പള്ളി: ജലത്തിനും ജൈവ-മത്സ്യ സമ്പത്തിനും ദോഷകരമായ കുളവാഴ ചിറ്റാര്‍ പുഴയിലേക്കു വ്യാപിക്കുന്നു. ചിറ്റാര്‍പുഴയില്‍ അഞ്ചിലിപ്പ പാലത്തിനടിയില്‍ കുളവാഴ ഒഴുകിയെത്തി തടഞ്ഞ് കിടന്ന് വെള്ളമൊഴുക്കിനും തടസമാകുന്നു. ചിറ്റാര്‍ പുഴയുടെ കൈത്തോടായ 26ാം മൈല്‍ പൂതക്കുഴി തോടിന് കുറുകെയുള്ള ചെക്ക് ഡാമില്‍ നിറഞ്ഞുകിടന്നിരുന്ന കുളവാഴകളാണ് കനത്തമഴയില്‍ ഒഴുകിയെത്തിയത്.
രണ്ട് മാസം മുന്‍പാണ് അഞ്ചിലിപ്പ പാലത്തിനടിയിലെ മാലിന്യം നീക്കം ചെയ്തത്. വാര്‍ഡംഗം റിജോ വാളാന്തറ സ്വന്തം ചെലവിലാണ് കുളിക്കടവ് കൂടി സ്ഥിതി ചെയ്യുന്ന ഇവിടം ശുചിയാക്കിയത്. ഇവിടെയുള്ള ചെക്ക് ഡാമിലും നാട്ടുകാര്‍ കുളിക്കാനുപയോഗിക്കുന്ന ഭാഗത്തും കുളവാഴ മാലിന്യങ്ങള്‍ നിറഞ്ഞ നിലയിലാണ്.
ചെക്ക് ഡാമില്‍ വളരുന്ന ഈ ചെടി നീക്കം ചെയ്യണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍ നേരത്തെ പഞ്ചായത്തിനോട് അഭ്യര്‍ഥിച്ചിരുന്നു. അധികൃതര്‍ കണ്ണടച്ചതോടെ ചിറ്റാര്‍ പുഴയിലേക്കും പുഴയൊഴുകിയെത്തുന്ന മണിമലയാറ്റിലും കുളവാഴകള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
മഴയെത്തുന്നതോടെ മറ്റ് മാലിന്യങ്ങളും പുഴയിലൂടെ ഒഴുകിയെത്തും. വെള്ളമൊഴുക്ക് തടസപ്പെട്ട് കിടക്കുന്ന ഇവിടെ മറ്റ് മാലിന്യങ്ങള്‍ കൂടി വന്നടിഞ്ഞ് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു.
മഴക്കാലപൂര്‍വ ശുചീകരണം ആരംഭിച്ചില്ല
മഴക്കാലത്ത് വെള്ളം കയറാതിരിക്കുന്നതിനുള്ള മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി ആരംഭിക്കാനായിട്ടില്ല. തോടുകള്‍, ഓടകള്‍ തുടങ്ങിയവ എല്ലാ വര്‍ഷവും മഴക്കാലത്തിന് മുന്‍പേ ശുചീകരിച്ചിരുന്നു. പാറത്തോട്, കാഞ്ഞിരപ്പള്ളി ആനിത്തോട്ടം, ആനക്കല്ല് തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയുമുണ്ടായിരുന്നു. മാലിന്യങ്ങള്‍ തങ്ങിക്കിടന്ന് ഒഴുക്കിനെ ബാധിക്കുന്നത് ശക്തമായ മഴയില്‍ പലയിടങ്ങളിലും വെള്ളം കയറുന്നതിന് ഇടയാക്കും. തോടുകളിലും ചിറ്റാര്‍ പുഴയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.