കോവിഡ് രോഗികൾക്ക് അത്യാവശ്യം വേണ്ട പൾസ് ഓക്‌സിമീറ്റർ പൂഴ്ത്തിവെയ്ക്കുന്നു എന്നാരോപണം .. വില കുത്തനെ കൂട്ടി


കാഞ്ഞിരപ്പള്ളി : ശരീരത്തിലെ ഓക്‌സിജൻ അളവ് സ്വയം നിരീക്ഷിക്കാനുള്ള പൾസ് ഓക്‌സിമീറ്ററിന് ക്ഷാമം. മൊത്തവിതരണക്കാർ പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമമുണ്ടാക്കുകയാണെന്ന്‌ ആക്ഷേപം. കോവിഡ് വ്യാപനത്തോടെയാണ് പൾസ് ഓക്‌സിമീറ്ററിന് ആവശ്യക്കാർ ഏറിയത്. കോവിഡ് രോഗി വീട്ടിൽതന്നെ സമ്പർക്കവിലക്കിൽ കഴിയുമ്പോൾ ഇടയ്ക്കിടയ്ക്ക് ഓക്‌സിജൻ അളവ് പരിശോധിക്കണം.

ശരീരത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുന്നതാണ് രോഗം ഗുരുതരമാക്കുന്നതും മരണത്തിലേക്ക് നയിക്കുന്നതും. ഇത് യഥാസമയം കണ്ടെത്തി ഓക്‌സിജൻ നൽകാനായാൽ രക്ഷപ്പെടുത്താനാകുമെന്നതിനാൽ രോഗികളോട്‌ പൾസ് ഓക്‌സിമീറ്റർ വാങ്ങി ഓക്‌സിജൻ അളവ് നിരീക്ഷിക്കാനാണ് ഇപ്പോൾ ആരോഗ്യപ്രവർത്തകർ പറയുന്നത്. നേരത്തെ കമ്പനിയുടെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ 600 രൂപയിൽ താഴെയായിരുന്നു മീറ്ററിന്റെ വില. കോവിഡ് രൂക്ഷമായതോടെ വില കുത്തനെ കൂടി. 1500 മുതൽ 2500 രൂപവരെയായി. പണം കൊടുത്താലും കിട്ടാനില്ല. 2500 രൂപ വരെ എം.ആർ.പി. രേഖപ്പെടുത്തിയാണ് ഇവ വിപണിയിലെത്തിക്കുന്നത്. 1800 രൂപ കൊടുത്താൽ മാത്രം നൽകാമെന്നരീതിയിലാണ് പല വിതരണക്കാരും ഇപ്പോൾ മെഡിക്കൽസ്റ്റോറുകൾക്ക് നൽകുന്നത്.

error: Content is protected !!