ഡ്രൈവിങ് പഠിക്കാൻ നാല് യുവാക്കൾ ചേർന്ന് വാങ്ങിയ കാർ കോവിഡ് രോഗികൾക്കുള്ള സേവനത്തിനായി മാറ്റിവച്ചു

എരുമേലി: കോവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന രോഗികളെ സഹായിക്കാൻ മൂക്കംപെട്ടിയിൽ നന്മയുടെ കൂട്ടായ്മ. ഡ്രൈവിങ് പഠിക്കാൻ നാല് യുവാക്കൾ ചേർന്ന് വാങ്ങിയ പഴയ കാർ രോഗബാധിതരുടെ യാത്രാക്ളേശം മാറ്റാനാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്.

മൂക്കംപെട്ടി സ്വദേശികളായ വി.എസ്.മനു പ്ലാക്കൽ, ജസ്റ്റിൻ ജോസഫ് കൈപ്പടാരിയിൽ, മനീഷ് ആയിപുരയിടത്തിൽ, വി.എ.സുബിൻ വള്ളിപ്പാറയിൽ എന്നിവരാണ് നന്മയുടെ ഈ മാതൃകകൾ. നാലുപേരും ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ്. ഡി.വൈ.എഫ്.ഐ. കാളകെട്ടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇവരുടെ സേവനപ്രവർത്തനങ്ങൾ. പണം ഉള്ളവരാണെങ്കിൽ പെട്രോളടിക്കാനുള്ള തുക മതി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യ യാത്ര.

‘കോവിഡ് ബാധിതർ ആശുപത്രിയിൽ പോകാനും ടെസ്റ്റ് എടുക്കാനും വാഹനസൗകര്യമില്ലാതെ വിഷമിക്കുന്ന അവസ്ഥ പലതവണ കണ്ടു. കോവിഡിനെ പേടിച്ച് പലരും ഓട്ടം പോകാൻ തയ്യാറാകുന്നില്ല. ഇതിന് പരിഹാരമെന്ന നിലയിൽ തങ്ങൾക്ക് കഴിയുന്നത്‌ ചെയ്യുന്നുവെന്നേയുള്ളൂ. ശനിയാഴ്ചയാണ് സേവനപ്രവർത്തനം തുടങ്ങിയത്. രണ്ട് രോഗബാധിതരെ സൗജന്യമായി എരുമേലിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലെത്തിച്ചു.’- സുബിൻ പറയുന്നു.

കോവിഡ് രോഗികളുടെ യാത്രക്കായി സജ്ജമാക്കിയ കാർ ഗ്രാപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ഫ്ളാഗ്ഓഫ് ചെയ്തു. പഞ്ചായത്തംഗം സനില രാജൻ, എം.എസ്.സതീഷ്, സോമൻ തെരുവത്തിൽ, പി.എസ്.മനു, അരവിന്ദ് ബാബു, അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!