ലോക് ഡൗണിലും കോവിഡ് അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി സേവനം മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബി.യിൽ വൈദ്യുതിസേന (പവർ ബ്രിഗേഡ്) വരുന്നു

ലോക് ഡൗണിലും കോവിഡ് അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി സേവനം മുടങ്ങാതിരിക്കാൻ കെ.എസ്.ഇ.ബി.യിൽ വൈദ്യുതിസേന (പവർ ബ്രിഗേഡ്) വരുന്നു.വിരമിച്ച ജീവനക്കാർ, പരിചസമ്പന്നരായ കരാർ തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തിയാണിത്.വിരമിച്ചവർക്ക് 65 വയസ്സിന് താഴെയായിരിക്കും പ്രായം.സന്നദ്ധസേവനത്തിന് ആളെ കണ്ടെത്താൻ കെ.എസ്.ഇ.ബി.പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും സൗകര്യം ഉണ്ടാകും.മേയ് 10-ന് മുമ്പ് ബ്രിഗേഡ് സജ്ജമാകും.

അത്യാവശ്യഘട്ടത്തിൽ വൈദ്യുതി നിലയങ്ങളോ ഓഫീസുകളോ അടയ്‌ക്കേണ്ട സാഹചര്യം വന്നാൽ മറ്റിടങ്ങളിൽനിന്നോ ബ്രിഗേഡിൽനിന്നോ ആളെ കണ്ടെത്തി സേവനം തുടരാം.ഡെപ്യൂട്ടി ചീഫ് എൻജീനിയർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഇതിനായി ഇൻസിഡന്റ് കമാൻഡർ എന്ന നിലയിൽ പ്രവർത്തിക്കും.ഉത്പാദന,വിതരണ സംവിധാനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരിൽ വലിയൊരു ഭാഗം മാറിനിൽക്കേണ്ടിവന്നാലും വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ഉത്പാദന കേന്ദ്രങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ അവിടെത്തന്നെ തുടരാനും പുറത്തേക്കുള്ള സമ്പർക്കം ഒഴിവാക്കാനും നിർദേശമുണ്ട്. വിരമിച്ച ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ദിവസം 750 രൂപ വേതനം ലഭിക്കും.

പൊതു ഇടത്തിൽ സേവനം ചെയ്യുന്ന ജീവനക്കാർ ഓഫീസിൽ എത്തി വിശ്രമസമയം വിനിയോഗിക്കുന്ന രീതി മാറ്റും. പല ടീമുകളായി പ്രവർത്തിക്കുന്ന ഇവർക്ക് ഓരോ പ്രദേശവും കേന്ദ്രീകരിച്ച് താത്കാലികമായി പ്രവർത്തിക്കാൻ ഇടം കണ്ടെത്തണം. ഇതിന് സ്‌കൂൾ, അങ്കണവാടികൾ, അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾ എന്നിവ ലഭ്യമാക്കും. ഉപകരണങ്ങളുമായി ജീവനക്കാർ ഇവിടെ തമ്പടിച്ച് ജോലി ചെയ്യണം. ഉത്പാദനം,വിതരണം, മെയിന്റനൻസ്, ഓഫീസ് എന്നിവിടങ്ങളിൽ ജീവനക്കാരെ പലതായി തിരിച്ച് റിസർവ് ടീമടക്കം സജ്ജമാക്കിയിട്ടുണ്ട്. ഫീൽഡിലുള്ളവർ സ്വന്തം വാഹനം ഉപയോഗിക്കുന്നത് നന്നായിരിക്കുമെന്നും ബോർഡ് വിലയിരുത്തുന്നു. ഒന്നായി ബോർഡ് വക വാഹനങ്ങളിൽ ജോലിക്ക് പോകുന്നത് ഒഴിവാക്കണം.

ഉപഭോക്താവിന് മീറ്റർ റീഡ് ചെയ്യാം
: മീറ്റർ റീഡർ വീടുകളിൽ എത്താൻ പറ്റാത്തിടത്ത് ഉപഭോക്താവിന് മീറ്റർ റീഡിങ് എടുത്ത് നൽകാം.സെക്ഷനുകൾ ഇതിന് സൗകര്യം ഒരുക്കാം. മീറ്റർ നിലയുടെ ഫോട്ടോ എടുത്ത് ഉപഭോക്താവ് അയച്ചുകൊടുത്താൽ മതിയാകും.ഇതിനുള്ള ലിങ്ക് ഉപഭോക്താവിന് എസ്.എം.എസ്.വഴി നൽകും.ഇനി സർവീസ് കണക്ഷൻ നൽകുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന കിട്ടും. വൈദ്യുതി മോഷണം, അപകടം എന്നിവ ഒഴികെയുള്ള ഒരു കാര്യത്തിലും വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്നും നിർദേശമുണ്ട്.

error: Content is protected !!