എരുമേലിയിൽ ഭരണം ആർക്ക് ? തീരുമാനമായില്ല, സ്വതന്ത്രന്റെ തീരുമാനം കത്ത് ഇരുമുന്നണികളും ..

എരുമേലി: ഇടത്, വലത് മുന്നണികളിൽ ഭാഗ്യവും നിർഭാഗ്യവും ഒരുപോലെയെത്തിയ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് എരുമേലി പഞ്ചായത്തിലല്ലാതെ മറ്റൊരിടത്തും കാണില്ല.

ഒരു വാർഡിൽ നറുക്കെടുപ്പ് യു.ഡി.എഫിനെ തുണച്ചു. മറ്റൊരു വാർഡിൽ യു.ഡി.എഫിന്റെ വിമതനായി മത്സരിച്ച സ്വതന്ത്രൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 23 വാർഡിൽ 11 എണ്ണം വീതം എൽ.ഡി.എഫും യു.ഡി.എഫും നേടി ബലാബലം നിൽക്കുമ്പോൾ, യു.ഡി.എഫ്. വിമതനായി ജയിച്ച സ്വതന്ത്രന്റെ നിലപാടാണ് നിർണായകം. യു.ഡി.എഫ്.-11, എൽ.ഡി.എഫ്.-11, സ്വത.-1 എന്നിങ്ങനെയാണ് കക്ഷിനില.

നറുക്കെടുപ്പുനടന്ന ഇരുമ്പൂന്നിക്കര വാർഡിൽ സി.പി.എം. സ്ഥാനാർഥി വിജയിച്ചിരുന്നെങ്കിൽ സ്വതന്ത്രന്റെ വിജയം എൽ.ഡി.എഫ്. തുടർഭരണത്തിന് തടസ്സമാകില്ലായിരുന്നെന്ന് എൽ.ഡി.എഫ്. നേതൃത്വം പറയുന്നു. 10-12 എന്ന രീതിയിലാവുമായിരുന്നു കക്ഷിനില. സ്വതന്ത്രൻ യു.ഡി.എഫിൽ പോയാലും എൽ.ഡി.എഫിന് പ്രതിസന്ധി നേരിടില്ല.

സി.പി.എമ്മും കോൺഗ്രസും തുല്യ വോട്ടുനേടിയ ഇരുമ്പൂന്നിക്കര വാർഡിൽ ഒരു വോട്ടർക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചില്ലെന്ന പരാതിയുമായി വോട്ടറും സി.പി.എമ്മും രംഗത്ത് വന്നിരിക്കുകയാണ്.

പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായ എരുമേലി പഞ്ചായത്തിൽ ഭരണം എൽ.ഡി.എഫിന് കിട്ടിയാൽ എലിവാലിക്കര വാർഡിൽ വിജയിച്ച തങ്കമ്മ ജോർജുകുട്ടി ആവും പ്രസിഡന്റ്. സ്വതന്ത്രന് വൈസ് പ്രസിഡന്റ് സ്ഥാനവും നൽകും.

വൈസ് പ്രസിഡന്റ് സ്ഥാനം നൽകി സ്വതന്ത്രനെ ഒപ്പം നിർത്താൻ പ്രാദേശികമായും ജില്ലാ തലത്തിലും കോൺഗ്രസ് നേതൃത്വം സജീവമായി ഇടപെട്ടിരിക്കുകയാണ്. ഭരണം കിട്ടിയാൽ പ്രസിഡന്റ് സ്ഥാനം ആർക്കെന്നത് സംബന്ധിച്ച് യു.ഡി.എഫിൽ. വ്യക്തത ഉണ്ടായിട്ടില്ല.

സ്വതന്ത്ര നിലപാടുമായി സ്വതന്ത്രൻ

കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി ആയിരുന്ന ഇലവുങ്കൽ ഇ.ജെ.ബിനോയി ആണ് യു.ഡി.എഫിന്റെ സീറ്റ് വിഭജന നയത്തിൽ പ്രതിഷേധിച്ച് സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി തുമരംപാറ വാർഡിൽ മത്സരിച്ചുജയിച്ചത്.

വാർഡിലെ പ്രവർത്തകരുടെ അഭിപ്രായം മാനിക്കാതെ ആർ.എസ്.പി.ക്ക്‌ സീറ്റ് കൊടുക്കുകയായിരുന്നെന്ന് ബിനോയി പറഞ്ഞു.

തന്നെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയതായി നേതൃത്വം അറിയാതെ പോസ്റ്റർ ഒട്ടിച്ചവർ തന്നെ സ്വാഗതം ചെയ്യുന്നതായി പോസ്റ്റർ ഒട്ടിക്കണമെന്നും അതിന് ശേഷമേ കോൺഗസുമായി ചർച്ചയുള്ളൂവെന്നും ബിനോയി പറഞ്ഞു.

error: Content is protected !!