കാഞ്ഞിരപ്പള്ളിയ്ക്കൊരു മന്ത്രി എന്ന ആഗ്രഹം ഇത്തവണയും സഫലമാവുകയില്ല; ഡോ എൻ. ജയരാജ് ചീഫ് വിപ്പ് സ്ഥാനത്തേക്ക്..

കാഞ്ഞിരപ്പള്ളി : കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം, ഇന്നുവരെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ഒരു മന്ത്രി ഉണ്ടായിട്ടില്ല എന്നതിനാൽ, ഇത്തവണ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ എൻ. ജയരാജ് ചരിത്രം തിരുത്തിക്കുറിച്ച് മന്ത്രിയാകും എന്നാണ് കാഞ്ഞിരപ്പള്ളി നിവാസികൾ പ്രതീക്ഷിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റോടെ മിന്നും വിജയം കാഴ്ചവച്ച കേരളാകോൺഗ്രസ് എമ്മിന് ഇത്തവണ രണ്ടു മന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കിൽ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും ഉന്നതാധികാര സമിതിയംഗവുമായ കാഞ്ഞിരപ്പള്ളി എംഎൽഎ എൻ. ജയരാജ് മന്ത്രിയാകും എന്നുറപ്പായിരുന്നു. പക്ഷെ ഇത്തവണ ലഭിക്കുന്നത് ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് സ്ഥാനവുമാണ്. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് പാർട്ടിയ്ക്ക് കിട്ടുന്ന ഏക മന്ത്രി സ്ഥാനം നൽകുവാൻ തീരുമാനമായി. ചീഫ് വിപ്പ് സ്ഥാനം ഡോ എൻ. ജയരാജ് വഹിക്കും..

മുൻ ഡപ്യൂട്ടി സ്പീക്കർ കെ.നാരായണക്കുറുപ്പിന്റെ മകനും റിട്ട. പ്രഫസറുമായ ജയരാജിന്റെ കഴിഞ്ഞ 15 വർഷമായി എംഎൽഎയായിട്ടുള്ള പ്രവർത്തനപരിചയവും അനുഭവസമ്പത്തും തന്റെ പുതിയ പദവിയിൽ ശോഭിക്കുവാൻ ഏറെ സഹായകരമാകും എന്നുറപ്പാണ്. കോട്ടയം ജില്ലയിൽ നിന്നു വിജയിച്ച കേരള കോൺഗ്രസ് (എം) അംഗങ്ങളിൽ ഏറ്റവും മുതിർന്ന നേതാവ് നാലാം തവണയും വിജയിച്ച ജയരാജാണ്.

2006ൽ വാഴൂർ മണ്ഡലത്തിൽ കന്നിയങ്കത്തിൽ തുടങ്ങിയ ജയരാജ് 13,703 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. 2016ൽ 3890 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. കഴിഞ്ഞ 3 തവണയും യുഡിഎഫിൽ മത്സരിച്ച ജയരാജിന് ഇത്തവണ എൽഡിഎഫിൽ മത്സരിച്ചപ്പോൾ ഭൂരിപക്ഷം പതിനായിരത്തോളം കൂടി.

മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എംപി, കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കൻ എന്നിവരോടാണു ജയരാജ് ഏറ്റുമുട്ടിയത്. അമിത് ഷായും രാഹുൽ ഗാന്ധിയും വരെ എതിരാളികൾക്കായി പ്രചാരണത്തിനെത്തി. എന്നാൽ മണ്ഡലത്തിലെ ബന്ധങ്ങൾ ജയരാജിനു ശക്തിയായി. കേരള കോൺഗ്രസും (എം) എൽഡിഎഫും ഒത്തുചേർന്നപ്പോൾ വോട്ട് വിഹിതവും കൂടി.

കറുകച്ചാൽ ചമ്പക്കര സ്വദേശിയായ ഡോ എൻ. ജയരാജ് മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. നാരായണക്കുറുപ്പിന്റെ മകനാണ് . കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗം. ബജറ്റുകളെക്കുറിച്ചുള്ള പഠനത്തിൽ പിഎച്ച്.ഡി. ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മകൾ പാർവതി.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വോട്ടുകൾ :

എൻ. ജയരാജ് (എൽ.ഡി.എഫ്.) 60,299

ജോസഫ് വാഴയ്ക്കൻ (യു.ഡി.എഫ്.) 46,596

അൽഫോൻസ് കണ്ണന്താനം (എൻ.ഡി.എ.) 29,157

ആഷിഖ് എം.എം. (ബി.എസ്.പി.) 727

മായാമോൾ കെ.പി. (എസ്.യു.സി.ഐ.) 300

നോട്ട 624

error: Content is protected !!