തിരഞ്ഞെടുപ്പ് പോസ്റ്റർഉപയോഗിച്ച് പുൽക്കൂട്
കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പിനുശേഷം വഴിയോരങ്ങളിൽ ഉപേക്ഷിച്ച പോസ്റ്ററുകൾകൊണ്ട് പുൽക്കൂടൊരുക്കി യുവാവ്. പാറത്തോട് പൊട്ടൻകുളത്ത് ജോസഫ് ജോർജാണ് സ്ഥാനാർഥികളുടെ പോസ്റ്റർ ഉപയോഗിച്ച് പുൽക്കൂട് നിർമിച്ചത്. വഴിയോരങ്ങളിൽ വലിച്ചുകെട്ടിയിരുന്ന 23 കിലോയോളം പോസ്റ്ററുകൾ ശേഖരിച്ചാണ് പുൽക്കൂട് നിർമിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ പോസ്റ്ററുകൾ ശേഖരിച്ചുതുടങ്ങി. പിന്നീട് വെള്ളത്തിലിട്ട് കുതിർത്തശേഷം പൾപ്പ് രൂപത്തിലാക്കി കമ്പും കമ്പിയും ഉപയോഗിച്ച് നിർമിച്ച കൂടിൽ തേച്ചുപിടിപ്പിച്ചാണ് നിർമാണം. പരിസ്ഥിതിക്ക് ദോഷകരമാകുന്ന മാലിന്യങ്ങൾ ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ജോസഫ് പറഞ്ഞു. മുമ്പ് ഉപയോഗശൂന്യമായ കുപ്പികൾ ഉപയോഗിച്ച് ക്രിസ്മസ് ട്രീ നിർമിച്ചും ശ്രദ്ധനേടിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടും ഉപയോഗപ്രദമാക്കുന്ന പ്രവർത്തനങ്ങളിലൂടെ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകൾ അവാർഡ് നൽകി ആദരിച്ചിരുന്നു.