വാഴൂർ ഇളമ്പള്ളി, വെള്ളാപ്പള്ളി പ്രദേശങ്ങളിൽ വ്യാപകമായ ആഫ്രിക്കൻ ഒച്ച് ശല്യം. പ്രദേശവാസികളുടെ വെള്ളംകുടി മുട്ടി
വാഴൂർ: ഇളമ്പള്ളി മേഖലയിൽ ഒച്ചിന്റെ ശല്യം രൂക്ഷം. ഇളമ്പള്ളി, നെയ്യാട്ടുശേരി, വെള്ളാപ്പള്ളി പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം പതിവായത്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി വൈകുന്നേരങ്ങളിൽ വൻതോതിൽ ഒച്ചുകൾ വീടുകളിലെത്തുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.
നൂറുകണക്കിന് ഒച്ചുകളാണ് വീടിന്റെ ചുവരിലും മേൽക്കൂരയിലുമടക്കം തിങ്ങിനിറഞ്ഞത്. കിണറുകളിലടക്കം വ്യാപകമായി ഒച്ചുകൾ ഇറങ്ങിയതോടെ മിക്കരുടെയും വെള്ളംകുടി മുട്ടി. വെള്ളാപ്പള്ളി പ്രദേശത്തെ പത്ത് കിണറുകളിലെ വെള്ളമാണ് മലിനമായത്. ഒച്ചുകൾ ഇറങ്ങുന്നതോടെ വെള്ളം എണ്ണമയം പോലെ കലങ്ങി നിറം മാറുകയാണ്. ഇതിനാൽ ഇവ കുടിക്കാൻ കഴിയാതെയായി.
പലരും മറ്റ് വീടുകളിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്. പലരും ഉപ്പും മറ്റും വിതറിയാണ് ഒച്ചിന്റെ ശല്യം ഒതുക്കുന്നത്. സമീപത്തെ എസ്റ്റേറ്റിൽ ജൈവവളം ഉണ്ടാക്കാൻ ഏതാനും നാളുകൾക്ക് മുൻപ് ലോഡുകണക്കിന് ജൈവമാലിന്യങ്ങൾ എത്തിച്ചിരുന്നു. ഇതിനുശേഷമാണ് ഒച്ചുകൾ പെരുകിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.