കോവിഡ് രോഗികളുടെ പശുക്കൾക്ക് താത്കാലിക സംരക്ഷണമൊരുക്കി കൊടുങ്ങൂർ ക്ഷീര കർഷകസംഘം പ്രവർത്തകർ

പൊൻകുന്നം : കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ക്ഷീരകർഷകരുടെ പശുക്കൾക്ക് താത്കാലിക സംരക്ഷണമൊരുക്കി കൊടുങ്ങൂർ ക്ഷീര കർഷകസംഘം പ്രവർത്തകർ. സംഘം പ്രസിഡന്റ് വി.എൻ.മനോജിന്റെ നേതൃത്വത്തിലാണ് ക്ഷീര കർഷകർക്ക് കൈത്താങ്ങ് പദ്ധതി ആരംഭിച്ചത്. രോഗബാധിതരായതോടെ പശുക്കളെ നോക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായവർക്ക് സഹായമൊരുക്കിയായിരുന്നു തുടക്കം. ആദ്യം പുല്ലും കാലിത്തീറ്റയും തൊഴുത്തിലെത്തിച്ച് നൽകിയായിരുന്നു പരിചരണം.

എന്നാൽ പശുക്കളെ പരിചരിക്കാനെത്തുന്നവർക്കും രോഗം വരാൻ സാധ്യതയുള്ളതിനാൽ ഇവയെ ഏറ്റെടുത്ത് മറ്റ് കർഷകരുടെ തൊഴുത്തുകളിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നാൽപതോളം കർഷകരുടെ പശുക്കളെയാണ് ഇവർ വാഹനമെത്തിച്ച് മറ്റ് തൊഴുത്തുകളിലേക്ക് മാറ്റിയത്. വാഴൂർ, ചിറക്കടവ്, പള്ളിക്കത്തോട്, കങ്ങഴ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം സംഘം പ്രവർത്തകർ സഹായഹസ്തവുമായി എത്തിയിരുന്നു. പശുക്കളെ കറന്ന് പാൽ ക്ഷീരസംഘങ്ങളിലെത്തിച്ച് തുകയടക്കം ഉടമകൾക്ക് നൽകി. പശുക്കളെ കുളിപ്പിക്കുക, തീറ്റ കൊടുക്കുക തുടങ്ങി എല്ലാ പരിചരണവും സംഘാംഗങ്ങൾ തന്നെയാണ് ചെയ്യുന്നത്.

ഒന്നര മാസത്തിനുള്ളിൽ കാലികൾക്ക് നൽകാൻ അഞ്ചുടൺ പച്ചക്കപ്പയും ലോഡ് കണക്കിന് പച്ചപ്പുല്ലുകളുമാണ് സംഘം ശേഖരിച്ചത്. സംഘാംഗമായ ചാമംപതാൽ കണയങ്കൽ ജൂബിന്റെ അഞ്ചേക്കർ സ്ഥലത്തെ തീറ്റപ്പുല്ലുകളാണ് സൗജന്യമായി നൽകിയത്. മനോജിന്റെ നേതൃത്വത്തിൽ പുല്ല് ചെത്തി ക്ഷീരകർഷകരുടെ വീടുകളിലെത്തിച്ചും നൽകിയിരുന്നു. ലോക്ഡൗൺ പ്രതിസന്ധിമൂലം കപ്പ വിൽക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കർഷകരിൽനിന്നും കപ്പ വാങ്ങി അരിഞ്ഞ് പശുക്കൾക്ക് സമീകൃതാഹാരമായി നൽകി. ഏഴ് രൂപ നിരക്കിൽ കർഷകരിൽനിന്നു വാങ്ങുന്ന കപ്പ ക്ഷീരകർഷകർക്ക് അഞ്ച് രൂപയ്ക്കാണ് സംഘം നൽകുന്നത്. കോവിഡ് ബാധിതരായ ചില കർഷകർക്ക് സൗജന്യമായി കാലിത്തീറ്റയും സംഘം നൽകിയിരുന്നു. പത്തനാട് ക്ഷീരസംഘവുമായി ചേർന്നും ഇവർ പ്രവർത്തിക്കുന്നു.

error: Content is protected !!