വാക്സിനേഷൻകേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ ക്രമീകരണം
കോട്ടയം: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഒരേസമയം കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ജില്ലയിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടുദിവസം കോട്ടയം ബേക്കർ സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ പരീക്ഷാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കിയ സംവിധാനം ആദ്യഘട്ടമായി കോട്ടയം നഗരസഭയിലും തുടർന്ന് മറ്റു കേന്ദ്രങ്ങളിലും ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു. ഇത്തരം വിവിധ സ്ലോട്ടുകളിൽ ബുക്കിങ് ലഭിച്ചവരെല്ലാം ഒരേ സമയമെത്തുന്നത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യസമയവും ടോക്കൺ നമ്പരും ഓരോരുത്തർക്കും എസ്.എം.എസ്. മുഖേന നൽകുന്നതാണ് പുതിയ ക്രമീകരണം.
www.cowin.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടു മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ടൈം സ്ലോട്ടാണ് ഇപ്പോൾ പോർട്ടലിൽനിന്ന് അനുവദിക്കാറുള്ളത്. 18-44 പ്രായവിഭാഗത്തിലുള്ളവർക്ക് covid19.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കുന്നതും രണ്ടു മണിക്കൂർ ടൈം സ്ലോട്ടാണ്.
www.cowin.gov.in-ലും covid19.kerala.gov.in-ലും ബുക്കിങ് നടത്തുമ്പോൾ ആദ്യം കേന്ദ്രവും ടൈം സ്ലോട്ടും അനുവദിക്കപ്പെട്ടതായുള്ള എസ്.എം.എസ്. സന്ദേശം ലഭിക്കും. ഇതിനു പിന്നാലെയാണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ട സമയവും ടോക്കൺ നമ്പരും ഉൾപ്പെടുന്ന എസ്.എം.എസ്. അതത് വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്നു തന്നെ ലഭിക്കുക.
ഇങ്ങനെ ബുക്കിങ് സമയത്ത് തിരഞ്ഞെടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന എസ്.എം.എസിലെ സമയം കൃത്യമായി പാലിച്ചാണ് വാക്സിൻ സ്വീകരിക്കാൻ എത്തേണ്ടത്. പോർട്ടലിൽ ബുക്ക് ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി ജില്ലാതല വാക്സിനേഷൻ കൺട്രോൾ റൂമിൽനിന്നു പ്രത്യേക ആപ്ലിക്കേഷൻ മുഖേനയാണ് ഓരോരുത്തർക്കും സമയം അനുവദിക്കുന്നത്. കേന്ദ്ര സർക്കാർ പോർട്ടലിൽ പ്രാദേശികമായി ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.
ബേക്കർ സ്കൂളിനു പുറമേ കോട്ടയം എം.ഡി സെമിനാരി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിലും ഏതാനും ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഏർപ്പെടുത്തും. ഇതിനുശേഷമാകും മറ്റു കേന്ദ്രങ്ങളിൽ നടപ്പാക്കുക.