ഭൂ സർവേ ഡിജിറ്റലാക്കും
ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി സംസ്ഥാനത്ത് ഡിജിറ്റൽ സർവേ സ്റ്റേഷൻ സ്ഥാപിക്കുന്നു. 28 സി.ഒ.ആർ.എസ്. (കണ്ടിന്യൂസ്‌ലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷൻസ്) സ്ഥാപിക്കുന്നതിന് സർവേ ഓഫ് ഇന്ത്യയുമായി സർക്കാർ കരാറുണ്ടാക്കിയിട്ടുണ്ട്.
അഞ്ച് സെന്റീമീറ്റർ കണക്കിൽ ഭൂമി അളന്ന് തിട്ടപ്പെടുത്താനാകുമെന്നതാണ് പ്രത്യേകത. സി.ഒ.ആർ.എസ്. സ്ഥാപിച്ചാൽ ഏതു പദ്ധതിക്കും ജി.പി.എസ്. അടിസ്ഥാനത്തിൽ സർവേ പൂർത്തിയാക്കാനാകും.
ഇന്ത്യയിലെ ഭൂവിസ്തൃതി ആകെ ഒരു നെറ്റ്‌വർക്കിനു കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യവുമായാണ് സർവേ ഓഫ് ഇന്ത്യ ഈ ടെക്‌നോളജി കൊണ്ടുവന്നത്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഓപ്പറേറ്റിങ് സ്റ്റേഷൻ സ്ഥാപിച്ചുകഴിഞ്ഞു.
കർണാടകത്തിലും മഹാരാഷ്ട്രയിലും പരീക്ഷണഘട്ടത്തിലാണ്. കേരളം ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളാണ് സർവേ ഓഫ് ഇന്ത്യയുമായി കരാർ ഒപ്പിട്ടത്.
കേരളത്തിലെ ഭൂവിതാനം സാറ്റലൈറ്റ് വലയത്തിലാക്കുന്നതിന് 28 സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നാണ് സർവേ ഓഫ് ഇന്ത്യ കണക്കാക്കിയിട്ടുള്ളത്. സ്ഥാപിക്കാനുള്ള സ്ഥലം സംസ്ഥാന സർവേ വിഭാഗം കണ്ടെത്തി. റീസർവേ പൂർത്തിയാക്കുകയെന്നതാണ് സംസ്ഥാനത്തിന്റെ പ്രഥമ ലക്ഷ്യമെങ്കിലും ഓപ്പറേറ്റിങ് സ്റ്റേഷൻ സ്ഥിരമായി നിലനിൽക്കും.
പത്തുവർഷം സാങ്കേതിക-പ്രവർത്തന സഹായം സർവേ ഓഫ് ഇന്ത്യ നൽകും. റീസർവേയ്ക്ക് ശേഷമാകും വികസന-വാണിജ്യ ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുക.
ഓപ്പറേറ്റിങ് സ്റ്റേഷന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനും സർവേ ഓഫ് ഇന്ത്യക്കുമായാണ് കരാർ ഒപ്പിട്ടിട്ടുള്ളത്. മറ്റ് ചില സംസ്ഥാനങ്ങളിൽ പൂർണമായി സർവേ ഓഫ് ഇന്ത്യക്കാണ് അവകാശം.