വിലയിടിവ്, കൂലിവർധന: കുരുമുളക് കർഷകർ ദുരിതത്തിൽ
വിലയിടിവും കൂലിവർധനവും മൂലം കുരുമുളക് കർഷകർ ദുരിതത്തിലാണെന്ന് കർഷക കോണ്ഗ്രസ്. കുരുമുളക് പറിക്കുന്നതിന് പ്രതിദിനം ആയിരം രൂപയാണ് കൂലി. തൊഴിലാളികളെ കിട്ടാനും ക്ഷാമമാണ്. തിരിയിൽ മുളകുമണികൾ കുറവായതിനാൽ പ്രതിദിനം പത്തു കിലോയിൽ താഴെ കുരുമുളക് മാത്രമേ പറിക്കാൻ സാധിക്കുന്നുള്ളു. കൂലികൊടുത്തശേഷം കുരുമുളക് ഉണങ്ങിവരുന്പോൾ തുച്ഛമായ തുക മാത്രമേ കർഷകന് ലഭിക്കുന്നുള്ളു.
വെയിൽ ശക്തമായതോടെ മുളക് വേഗത്തിൽ പഴുക്കാനും തുടങ്ങിയിട്ടുണ്ട്. കുരുമുളക് കടകളിൽനിന്നു വാങ്ങുന്പോൾ കിലോഗ്രാമിനു 700 രൂപ വരെ ഈടാക്കുമെങ്കിലും കർഷകർക്ക് 300 രൂപ മാത്രമേ ലഭിക്കുന്നുള്ളു. ഈ സാഹചര്യത്തിൽ കുരുമുളക് കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു കർഷക കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.