തറവില പ്രഖ്യാപനത്തിൽ ഒതുങ്ങി; വിലത്തകർച്ചയിൽ കർഷകർ
16 ഇനം ഭക്ഷ്യവിളവുകൾക്ക് തറവില പ്രഖ്യാപിച്ചു സർക്കാർ സംഭരണം തുടങ്ങിവച്ചിട്ടും കർഷകർക്ക് നേട്ടമില്ല. വിളവെടുപ്പെത്തിയപ്പോൾ വഴക്കുലയ്ക്കു വിലയും വിപണിയുമില്ലാതെ കർഷകർ നെട്ടോട്ടത്തിലാണ്. പച്ചക്കായ 20 രൂപയ്ക്കും പഴം 30 രൂപയ്ക്കും വിൽക്കുന്നു. പാളയംകോടനും ഞാലിപ്പൂവനും വില താഴ്ന്നു.
റോബസറ്റ കുല ആർക്കും വേണ്ടാതെവന്ന പഴയ അനുഭവം ഇക്കൊല്ലവുമുണ്ടാകുമോ എന്നാണ് ആശങ്ക.
പച്ചക്കപ്പക്ക് 20 രൂപ നിരക്കിൽ കർഷകർ വഴിയോരങ്ങളിൽ നേരിട്ടു വിൽക്കുന്നുണ്ട്. വാഴക്കുല വെട്ടിയും കപ്പ പറിച്ചും വാഹനങ്ങളിൽ കന്പോളത്തിലെത്തിച്ചാൽ വാഹനക്കൂലി പോലും മുതലാവില്ലെന്ന ദയനീവാസ്ഥയാണ് കർഷകനുണ്ടായിരിക്കുന്നത്. കോവിഡിനു പിന്നാലെ പട്ടിണി വന്നേക്കാമെന്ന കരുതലിൽ ലോക്ക് ഡൗണ്‍ മാസങ്ങളിൽ വീട്ടുകാരൊന്നാകെ ചേർന്ന് ആവുന്നിടത്തോളം തോതിൽ കൃഷിയിറക്കിയിരുന്നു. ഇപ്പോഴിതാ വിളവെടുപ്പെത്തിയപ്പോൾ മുടക്കുമുതൽ കിട്ടില്ലെന്ന ദയനീയാവസ്ഥയും.
കഴിഞ്ഞ ഒക്ടോബറിൽ 16 വിളകൾക്ക് തറവില നിശ്ചയിച്ചതിനൊപ്പം സംഭരണത്തിന് ആദ്യ ഗഡുവായി 35 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമെന്ന പേരും കേരളത്തിനു സ്വന്തമാക്കി. നവംബർ ഒന്നിന് വയനാട്ടിൽ ചെറിയതോതിൽ തുടങ്ങിയ ഏത്തക്കുല സംഭരണത്തിൽ ഒതുങ്ങി ഈ പദ്ധതി. പാടത്തും പുരിയിടങ്ങളിലും വൻതോതിൽ വിളഞ്ഞ പച്ചക്കറിയൊന്നും തറവില തന്നു സംഭരിക്കാൻ സംവിധാനമായിട്ടില്ല. പ്രളയത്തിലുണ്ടായ വിളനാശത്തിന് നയാ പൈസ നഷ്ടപരിഹാരം കിട്ടിയതുമില്ല.
ഈ ദിവസങ്ങളിൽ തറവിലയേക്കാൾ താഴ്ന്നുവരികയാണ് കന്പോള വില. സംഭരിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഇത് വിറ്റഴിക്കാനും പലയിനങ്ങളും മൂല്യവർധിതമാക്കാനും ശിതീകരണിയിൽ സൂക്ഷിച്ചുവയ്ക്കാനുമുള്ള അനുബന്ധ സംവിധാനം ഏർപ്പാടാക്കാതെയാണ് സർക്കാർ സംഭരണപ്രഖ്യാപനം നടത്തിയത്. വൻകിട കോർപറേറ്റുകൾ ആറുമാസം വരെ പഴങ്ങളും പച്ചക്കറിയും ഉള്ളിയും സവോളയും സംഭരിച്ച് ക്ഷാമ സമയത്ത് വില കൂട്ടി വിൽക്കുന്ന കാലത്താണ് സർക്കാരിന്റെ നീക്കം എങ്ങുമെത്താതെ പോകുന്നത്.
ഇക്കൊല്ലം ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയവയ്ക്കും വില മെച്ചമല്ല. ഈ ഇനങ്ങളൊന്നും തറവില സംഭരണ ഇനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
ഒരുവർഷം കേരളത്തിനുവേണ്ടത് 20 ലക്ഷം ടണ്‍ പച്ചക്കറികളാണ്. ഇതിൽ 14.5 ലക്ഷം ടണ്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നു. വാഴപ്പഴം എട്ടുലക്ഷം ടണ്‍ ആണ് സംസ്ഥാനത്തെ ഉത്പാദനം. പഴം പച്ചക്കറികളുടെ കാര്യത്തിൽ ഓണം, വിഷു മാസങ്ങളിലാണ് കൂടുതൽ ഉത്പാദനം. ഇതര സീസണുകളിൽ വിളവ് കുറയുന്നതിനാൽ മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുകയാണ് പതിവ്.
പഴം, പച്ചക്കറി ഇനങ്ങളുടെ 70 ശതമാനവും കിട്ടുന്ന വിലയ്ക്ക് ലോക്കൽ മാർക്കറ്റുകളിൽ വിൽക്കേണ്ട ഗതികേടാണ് നാട്ടിൻപുറങ്ങളിലെ കർഷകരുടേത്. വില പേശാനോ ന്യായവില ഉറപ്പാക്കാനോ കർഷകർ സംഘടിതരുമല്ല. കച്ചവടക്കാരും ഇടനിലക്കാരുമാണ് ഇപ്പോഴും ഗ്രാമീണവിപണി നിയന്ത്രിച്ചുപോരുന്നത്. നാലു വർഷം മുൻപ് നാടുനീളെ കർഷകരുടെ കടകളും ഓപ്പണ്‍ ലേല മാർക്കറ്റുകളും കർഷക കൂട്ടായ്മകളും തുടങ്ങി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്പോഴാണ് ആ സംരഭം കോവിഡ് തകർത്തത്. ഫലമോ പഴയതുപോലെ അധ്വാനിച്ചുണ്ടാക്കിയ വിളവുകളുമായി ലോക്കൽ മാർക്കറ്റുകളെ ആശ്രയിക്കേണ്ടിവരുന്നു. സർക്കാർ നൽകിയ പ്രതീക്ഷയിലാണ് ഒട്ടേറെ കർഷകർ പഴം, പച്ചക്കറിയിലേക്ക് തിരിഞ്ഞത്. ഒരു മുറം പച്ചക്കറി വിളയിക്കാൻ സർക്കാർ പറഞ്ഞപ്പോൾ കുട്ടനിറയെ ഫലം കൊയ്ത കർഷകരാണ് വിലയില്ലാതെ വലയുന്നത്.
2014ൽ കേരളത്തിൽ പച്ചക്കറി ഉത്പാദനം 6.08 ലക്ഷം ടണ്ണായിരുന്നത് കേവലം ആറു വർഷംകൊണ്ടാണ് 14.5 ലക്ഷം ടണ്ണിലേക്കു കുതിച്ചു കയറിയത്. ഇക്കാലത്ത് കൃഷിസ്ഥലം 52,830 ഹെക്ടറിൽ നിന്ന് 96,000 ഹെക്ടറായി വർധിക്കുകയും ചെയ്തു. കുടുംബശ്രീയും കർഷക കൂട്ടായ്മകളും ഒന്നു ചേർന്നതോടെ വൻകുതിപ്പാണ് ഭക്ഷ്യോത്പാദനത്തിൽ നാട്ടിൻപുറങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്.
തറവില പദ്ധതി മൂലം 10 മുതൽ 20 ശതമാനം വരെ കർഷകർ പുതുതായി പച്ചക്കറി കൃഷിയിലേക്കു കടക്കുമെന്നാണ് സർക്കാർ ഇപ്പോഴും പറയുന്നത്. വിപണിയും ന്യായവിലയും ഉറപ്പാക്കാൻ കൃഷി വകുപ്പിനു കീഴിൽ വിഎഫ്പിസികെ (വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗണ്‍സിൽ), ഹോർട്ടികോർപ്പ്, കേരഫെഡ് എന്നീ മൂന്ന് ഏജൻസികളാണുള്ളത്. കൃഷിവകുപ്പിനു നേരിട്ട് ആനയറ, നെടുമങ്ങാട്, മരട്, മൂവാറ്റുപുഴ, ബത്തേരി, വേങ്ങേരി എന്നിവിടങ്ങളിൽ മാർക്കറ്റുകളുണ്ട്. പുറമേ 305 പച്ചക്കറി ക്ലസ്റ്ററുകൾ, 39 ബ്ലോക്ക് തല മാർക്കറ്റുകൾ, 460 ഇക്കോ ഷോപ്പുകൾ, 397 ആഴ്ചച്ചന്തകൾ എന്നിവയുമുണ്ട്. വിഎഫ്പിസികെയിൽ 288 സ്വാശ്രയ കർഷക വിപണികളുണ്ട്. ഹോർട്ടി കോർപ്പിന് 100 സ്റ്റാളുകളും 250 ഫ്രാഞ്ചൈസികളുമുണ്ട്. ഇത്രയും വിപുലമായ മാർക്കറ്റ് സംവിധാനം നിലവിലുണ്ടായിട്ടും കഴിഞ്ഞ ഓണത്തിന് സംഭരിച്ചതിന്റെ പണം ഇനിയും കൊടുത്തുതീർക്കാൻ സർക്കാർ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. വിലത്തകർച്ചയുണ്ടാകുന്പോൾ വിഭവങ്ങൾ സംഭരിച്ച് തറവില കർഷകർക്കു നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ആരു സംഭരിക്കും എവിടെ വിൽക്കും ആരു തറവില തരും എന്നീ ചോദ്യങ്ങളാണ് നിലവിലെ പ്രതിസന്ധിയിൽ കർഷകർ ഉന്നയിക്കുന്നത്.
ഓരോ വിളകളുടെയും ഉത്പാദനച്ചെലവിനൊപ്പം ശരാശരി 20 ശതമാനം തുക അധികമായി ചേർത്താണ് തറവില നിശ്ചയിക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡും നിശ്ചയിക്കും. കാലാകാലങ്ങളിൽ തറവില പുതുക്കി നിശ്ചയിക്കാനുള്ള വ്യവസ്ഥയും പദ്ധതിയിലുണ്ട്. കൃഷിവകുപ്പ് നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന തല നിരീക്ഷണ സമിതി തറവില നിശ്ചയിക്കുമെന്നും തദ്ദേശഭരണ സ്ഥാപനങ്ങൾ സംഭരണ - വിതരണ സംവിധാനങ്ങൾ ഏകോപിക്കുമെന്നുമാണ് പ്രഖ്യാപനം.
കാർഷിക സഹകരണ സൊസൈറ്റികൾ, വിഎഫ്പിസികെ, ഹോർട്ടികോർപ്പ് തുടങ്ങിയ വഴിയാണ് സംഭരണം ലക്ഷ്യമിടുന്നത്. 1,670 പ്രാഥമിക കാർഷിക സൊസൈറ്റികളിൽ 250 എണ്ണവും വിഎഫ്പിസികെ, ഹോർട്ടികോർപ്പ്, കൃഷിവകുപ്പിന്റെ മറ്റു വിപണികൾ എന്നിങ്ങനെ 300 എണ്ണവും ഉൾപ്പെടെ 550 കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലുള്ളത്. എന്നാൽ വിളവുകാലം എത്തിയിട്ടും ഇവ പ്രവർത്തന സജ്ജമായിട്ടില്ല.
സംഭരണം നടത്തുന്നവ കൃഷി വകുപ്പിന്റെ വിപണന കേന്ദ്രങ്ങളിലൂടെയും സഹകരണ സംഘങ്ങളുടെ ശൃംഖലകൾ മുഖേനയുമാണ് വിറ്റഴിക്കുക. പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാൻ ശിതീകരിച്ച സംഭരണ കേന്ദ്രങ്ങളോ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ശീതീകരണി സൗകര്യമുള്ള വാഹനങ്ങളോ നിലവിലില്ല. വട്ടവടയിൽ ഓണത്തിന് സംഭരിച്ച പച്ചക്കറി വൻതോതിൽ ചീഞ്ഞു നഷ്ടമുണ്ടായത് ഈ സാഹചര്യത്തിലാണ്. ഒരു കർഷകന് പരമാവധി ആറ് ഹെക്ടറി (15 ഏക്കർ)നാണു തറവില ആനുകൂല്യം ലഭിക്കുക. ഓരോ വിളയ്ക്കും ഉത്പാദനക്ഷത പരിധിയുമുണ്ട്. ഏത്തവാഴയ്ക്കു നിശ്ചയിച്ചിരുന്ന ഉത്പാദനക്ഷത ഹെക്ടറിന് 10 ടണ്‍ ആണ്.
റബറിനും ജാതിക്കും കുരുമുളകിനും ഇതര വിളവുകൾക്കും വിലയിടിഞ്ഞ സാഹചര്യത്തിൽ പഴവർഗ കൃഷി നാടെങ്ങും വ്യാപകമായി. റബർത്തോട്ടം വെട്ടി പ്ലാവും റന്പുട്ടാനും മാംഗോസ്റ്റിനും തോട്ടമായി കൃഷി ചെയ്തവരുമുണ്ട്. വരുംവർഷങ്ങളിൽ റന്പുട്ടാൻ തുടങ്ങിയവയുടെ വിളവ് വർധിക്കുമെന്നിരിക്കെ ഹോർട്ടി കോർപ്പ് സംഭരണത്തിൽ സജീവമാകേണ്ടതുണ്ട്. ലിച്ചി, അവക്കാഡോ, മാംഗോസ്റ്റിൻ തുടങ്ങിയ ഫലങ്ങളുടെ വിപണനം സർക്കാർ തുടങ്ങുമെന്നാണ് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇവയുടെ സംഭരണകാര്യത്തിലും വ്യക്തതയായിട്ടില്ല.