പൊറോട്ടയടിച്ചു വൈറലായ നിയമവിദ്യാർത്ഥി അനശ്വര പറയുന്നു ” പൊറോട്ടയടിച്ച് അമ്മയെ സഹായിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു “

എരുമേലി : കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കുറുവാമൂഴിയിൽ പ്രവർത്തിക്കുന്ന ആര്യ ചായക്കടയും, അവിടെ അഭിമാനത്തോടെ പൊറോട്ടയടിച്ചു അമ്മയെ സഹായിക്കുന്ന നിയമവിദ്യാർത്ഥി കാശാംകുറ്റിയിൽ അനശ്വര ഹരിയെന്ന ഇരുപത്തിമൂന്നുകാരിയും സമൂഹത്തിനു മാതൃകയാവുകയാണ്. അനശ്വരയുടെ ബന്ധു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത, അനശ്വര പൊറോട്ടയടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. പൊറോട്ടയെന്നാണ് കൂട്ടുകാർക്കിടയിലെ വിളിപ്പേര്. ഇതിൽ അഭിമാനമേയുള്ളൂവെന്ന് അനശ്വര പറയുന്നു.

തൊടുപുഴ അൽ അസർ കോളേജിലെ അവസാനവർഷ നിയമവിദ്യാർഥിനിയായ അനശ്വര അഞ്ചാംക്ലാസ് മുതൽ പൊറോട്ട അടിക്കുന്നു. രാവിലെ അഞ്ചരയ്ക്ക് കടയിലെ ജോലികളിൽ അമ്മയെ സഹായിച്ചാണ് സ്‌കൂളിൽ പോയിരുന്നത്.

ദിവസേന 100 മുതൽ 150 പൊറോട്ടവരെ തയ്യാറാക്കും. രാവിലെയും വൈകീട്ടും കടയിലെ ജോലികൾ ചെയ്യും. . ലോക്‌ഡൗൺ ആയതോടെ മുഴുവൻ സമയവും കടയിലെ ജോലികളിലാണ്.

ഒരു വർഷം ബാങ്കിൽ താത്കാലിക ജോലിനോക്കിയിരുന്നു. ഇപ്പോൾ ചായ അടി മുതൽ പൊറോട്ട അടിവരെയുള്ള ജോലികൾ ചെയ്യുന്നു. അനശ്വരയുടെ പൊറോട്ടയും ബീഫുമാണ് കടയിലെ സ്‌പെഷ്യൽ. എൽ.എൽ.ബി. പൂർത്തിയാക്കിയശേഷം എൽ.എൽ.എമ്മിന് ചേരണമെന്നാണ് ആഗ്രഹം.

50 വർഷം മുൻപ് മുത്തശ്ശൻ കുട്ടപ്പനും മുത്തശ്ശി നാരായണിയും ചേർന്ന് ആരംഭിച്ച ചായക്കട 20 വർഷത്തോളമായി നോക്കുന്നത് അനശ്വരയുടെ അമ്മ സുബിയാണ്. ഇതിനോട് ചേർന്നുള്ള കുടുംബവീട്ടിലാണ് താമസം. വലിയ സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും പഠനവും മറ്റു ചെലവുകളും നടക്കുന്നത് കടയിലെ വരുമാനംകൊണ്ടാണ്. ചിറ്റമ്മ സിന്ധുവും അമ്മയുടെ സഹോദരപുത്രൻ പ്രഫുൽ രാജ്, ചിറ്റയുടെ മക്കളായ മാളവിക, അനാമിക എന്നിവരും സഹായത്തിനുണ്ട്.

error: Content is protected !!