കാഞ്ഞിരപ്പള്ളിയിൽ യുവതിയെ ഭർതൃവീട്ടിൽ നിന്നും ഉപദ്രവിച്ച് ഇറക്കിവിട്ടവർക്കെതിരെ ജാമ്യമില്ലാ കേസ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മാനിടംകുഴിയിൽ 23 കാരിയെ ഭർത്താവും, ഭർതൃമാതാപിതാക്കളും , ഭർതൃസഹോദരനും ചേർന്ന് ഉപദ്രവിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടവർക്കെതിരെ ജാമ്യമില്ലാ കേസ് എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടി അഭയ കേന്ദ്രത്തിലായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ബിരുദ പഠന കാലഘട്ടത്തിൽ പരിചയപ്പെടുകയും പെൺകുട്ടിയെ പീഡിപ്പിക്കയും ചെയ്തതിനെതുടർന്ന് പരാതിയുടെ വെളിച്ചത്തിൽ യുവതിയെ വിവാഹം ചെയ്ത യുവാവ് രണ്ടുവർഷക്കാലം ഉപദ്രവിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ടതായാണ് കേസ്. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യമന്ത്രിയെ കണ്ട് യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
.കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട മാനിടം കുഴി സ്വദേശിയായ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം തള്ളിപ്പറഞ്ഞു . 2018 ൽ യുവതി നൽകിയ പരാതിയിന്മേൽ കാഞ്ഞിരപ്പള്ളി കോടതി യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു.ഇതിനെ തുടർന്ന് യുവാവിനെ രക്ഷിക്കാനായി മാതാപിതാക്കൾ യുവതിയെ പാർപ്പിച്ചിരുന്ന മുണ്ടക്കയത്തെ ഷെൽട്ടർ ഹോമിൽ എത്തി യുവാവിനെ കൊണ്ട് വിവാഹം കഴിച്ചുകൊള്ളാമെന്നും , മൊഴിമാറ്റി പറയണമെന്നും, ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരം കാഞ്ഞിരപ്പള്ളി പള്ളിയിൽ വച്ച് ഇവരുടെ വിവാഹം നടത്തുകയും പെൺകുട്ടിയെ യുവാവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
തുടർന്ന് ഒന്നര വർഷക്കാലമായി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും, കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായിട്ടാണ് കാഞ്ഞിരപ്പള്ളി കോടതിയിൽ കൊടുത്ത പരാതിയിൽ പറയുന്നത് . 2020 ഒക്ടോബറിൽ യുവതിയെ വീട്ടിൽ നിന്ന് ഇറങ്ങി വിട്ടതിനെ തുടർന്ന് പോലീസിൽ നൽകിയ പരാതി പ്രകാരം യുവതിക്ക് സംരക്ഷണം നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു .ഇപ്പോഴും പെൺകുട്ടിക്ക് പോലീസിൽ നിന്നും നീതി നടത്തി കിട്ടിയില്ല എന്നാണ് പരാതി.
മുഖ്യമന്ത്രി കോട്ടയം എസ് പി യോട് കേസിൽ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. യുവതിയുടെ ദയനീയസ്ഥിതി മനസ്സിലാക്കിയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി അറിയിച്ചു. മാതാപിതാക്കളോ ബന്ധുക്കളോ സഹായിക്കാൻ ഇല്ലാത്ത യുവതിക്ക് നീതി നടത്തി കൊടുക്കണമെന്ന് കോടതിയും, ജാമ്യമില്ലാ കേസ് എടുക്കാൻ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടതറിഞ്ഞ് പ്രതികൾ ഒളിവിൽ പോയി . പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യമന്ത്രിയെ കണ്ട് യുവതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.