ഇന്ധനവില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് പാള വലിച്ച് സമരം നടത്തി
മുണ്ടക്കയം: ഇന്ധനവില വർദ്ധനവിനെതിരെ വ്യത്യസ്ത സമരവുമായി എ.ഐ.വൈ.എഫ് മുണ്ടക്കയം മണ്ഡലംകമ്മറ്റി. മുണ്ടക്കയം ഭാരത് പെട്രോളിയം പമ്പിനു മുന്നിൽ പാളവലിച്ചാണ് പ്രവർത്തകർ സമരം നടത്തിയത് . ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ സമരം ഉദ്‌ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ദിനംപ്രതി ഉണ്ടാകുന്ന ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ദിലീഷ് ദിവാകരന്റെ അദ്ധ്യക്ഷതയിൽ നടത്തിയ സമരത്തിന് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സനീഷ് പുതുപ്പറമ്പിൽ സ്വാഗതം ആശംസിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഞ്ജലി ജേക്കബ്, എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയംഗം മനേഷ് പെരുംമ്പള്ളി, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ വിനീത് പനമൂട്ടിൽ, അബ്ദുൾ ഹാരിസ്, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറിമാരായ ടി. ആൽബർട്ട്, കണ്ണൻ,എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയംഗം അഭിജിത്ത് വിശ്വനാഥ്, എ.ഐ.വൈ.എഫ് കൂട്ടിക്കൽ മേഖല കമ്മറ്റി വൈസ്.പ്രസിഡന്റ് അനുമോൾ റോയി, റോബിൻ, സി.പി.ഐ ബ്രാഞ്ച് അംഗം റോയി തുടങ്ങിയവർ പങ്കെടുത്തു.