പൊൻകുന്നം-പുനലൂർ ഹൈവേ പരാതികളുടെ കെട്ടഴിച്ച് നാട്ടുകാർ
പൊൻകുന്നം: ഇങ്ങനെ പോയാൽ പോരാ, ഈ വഴി…നാട്ടുകാർക്ക് പരാതിയേറെ. അവർ പരാതികളുടെ കെട്ടഴിച്ചു അധികൃതർക്കു മുൻപിൽ.
പൊൻകുന്നം-പുനലൂർ ഹൈവേയുടെ പൊൻകുന്നം-പ്ലാച്ചേരി റീച്ചിലെ നിർമാണത്തെക്കുറിച്ചുള്ള പരാതികൾ കേൾക്കാൻ പഞ്ചായത്തധികൃതരും കെ.എസ്.ടി.പി.ഉദ്യോഗസ്ഥരും ചൊവ്വാഴ്ച നാട്ടിലിറങ്ങി.
പൊൻകുന്നം മുതൽ മൂലേപ്ലാവ് വരെ ചിറക്കടവ് പഞ്ചായത്ത് പരിധിയിലെ പ്രശ്‌നങ്ങൾ പഠിക്കാനായിരുന്നു സംയുക്ത പരിശോധന. നിർമാണം നടത്തുന്ന കമ്പനിയുടെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. 37 ഇടങ്ങളിൽ പരിശോധന നടത്തി. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ എം.എൽ.എ. ഡോ. എൻ.ജയരാജിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു ഇത്.
ഏറ്റെടുത്ത സ്ഥലം പൂർണമായി വിനിയോഗിക്കുന്നില്ല, കൽക്കെട്ടുകൾ ഇടിഞ്ഞുവീണ് നാശമുണ്ടാകുന്നു, ഓടയിലെ വെള്ളം പറമ്പുകളിലേക്ക് ഒഴുകിയെത്തും, വളവുകൾ നിവരുന്നില്ല…തുടങ്ങി എണ്ണമറ്റ പരാതികളാണുള്ളത്.
കൂടാതെ വേണ്ടിടത്ത് ബസ് കാത്തിരിപ്പുകേന്ദ്രമില്ല, ഇടറോഡുകൾ ഹൈവേയിലേക്ക് പ്രവേശിക്കുന്നിടത്ത് അപകടസാധ്യത-ഇങ്ങനെയുമുണ്ട് പരാതികൾ. ഈ പ്രശ്‌നങ്ങളിൽ നടപടിയുണ്ടാവുമെന്ന് ഉറപ്പുനൽകിയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥസംഘവും പിരിഞ്ഞത്.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി.രവീന്ദ്രൻ നായർ, പഞ്ചായത്തംഗം അഡ്വ.സുമേഷ് ആൻഡ്രൂസ്, കെ.എസ്.ടി.പി. എക്സി.എൻജിനീയർ വി.കെ. ജാസ്മിൻ, അസി.എൻജീനിയർ ആൻ ശിൽപ്പ ജോർജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
© 2019 All Rights Reserved. Powered by Summit