നൂറ്റിരണ്ടാം വയസ്സിൽ കോവിഡിനെ കീഴടക്കിയ പരീതുമ്മ നാടിനു പ്രത്യാശയേകുന്നു..
കാഞ്ഞിരപ്പളളി : മറ്റ് രോഗങ്ങൾ ഒന്നുമില്ലെങ്കിൽ, ചിട്ടയായ ജീവിതശൈലി പിന്തുടരുന്ന വയോധികർക്കാണ്, ആധുനിക ജീവിതശൈലി പിന്തുടരുന്ന ചെറുപ്പക്കാരെ അപേക്ഷിച്ചു കോവിഡിനെ ചെറുക്കുവാൻ \ പ്രതിരോധ ശേഷി ഏറെയുള്ളത് എന്നത് തെളിയിക്കുകയാണ് എറികാട്, കന്നുപറമ്പിൽ പരേതനായ ഹസൻ പിള്ളയുടെ ഭാര്യ നൂറ്റിരണ്ട് വയസുള്ള പരീതുമ്മ. കഴിഞ്ഞ മാസം കോവിഡ് രോഗബാധ പിടികൂടിയ പരീതുമ്മ കുറഞ്ഞ സമയത്തിനുള്ളിൽ കോവിഡ് നെഗറ്റീവ് ആയി സുഖം പ്രാപിച്ചു. 102ലും കണ്ണടയില്ലാതെ പത്രം വായിക്കുന്ന പരീതുമ്മയ്ക്ക് മറ്റ് പറയത്തക്ക രോഗങ്ങൾ ഒന്നുമില്ല. രോഗം പരിശോധിക്കുവാൻ ആശുപത്രിയിൽ പോയതല്ലാതെ, വീടിനുള്ളിൽ കഴിഞ്ഞാണ് പരീതുമ്മ കോവിഡിനെ കീഴടക്കിയത് .
39 വർഷം മുൻപ് ഭർത്താവ് ഹസൻ പിള്ള മരിച്ച ശേഷം മക്കളുടെ കൂടെയാണ് താമസം. മകൻ സീതിയുടെ കൂടെ എറികാട്ടിലെ വീട്ടിലാണ് താമസിച്ചു വന്നത്. ആദ്യം സീതിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ജലദോഷം ഉണ്ടായതിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് ഉമ്മയ്ക്ക് കോവിഡ് പോസിറ്റീവ് ആണന്ന് അറിഞ്ഞത്. നടക്കാൻ ബുദ്ധിമുട്ടുള്ള ഉമ്മയെ ആശുപത്രിയിൽ തനിച്ചാക്കാനും കഴിയില്ല. ആരോഗ്യ വകുപ്പ് നിർദ്ദേശം അനുസരിച്ചു വീട്ടിൽ താമസിപ്പിക്കാമെന്നറിയിച്ചു. കോവിഡ്’ ബാധിച്ച ഭർത്താവിനെയും ഉമ്മയേയും ശുശ്രൂഷിക്കാൻ ലൈലയും റെഡി. പിന്നെ 17 ദിവസം ഇവർക്കൊപ്പം .ഇരുവർക്കും മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ഒടുവിൽ പരിശോധനയിൽ മൂവരും നെഗറ്റീവ്.
മറ്റൊരു പ്രതിസന്ധിയുമില്ലാതെ നെഗറ്റീവിലെത്തിയതിൽ പരീതുമ്മ ദൈവത്തിന് നന്ദി പറയുന്നു. 102ലും കണ്ണടയില്ലാതെ പത്രം വായിക്കും പരീതുമ്മ. നാലാം ക്ലാസ് വിദ്യാഭ്യസമാണ് ഉമ്മയ്ക്ക്. കേൾവിയിൽ അൽപ്പം കുറവുണ്ട്. 7 മക്കളിൽ മൂത്ത മകൻ 80-ാം വയസിലും ഇളയ മകൻ 60-ാം വയസിലും മരിച്ചു.