പൊന്‍കുന്നം ചരിത്രത്തിലൂടെ
(അവലംബം: അവന്തി പബ്ലിക്കേഷന്‍സ് 1993-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം)-
പൊന്‍കുന്നത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള സ്ഥലങ്ങളോരോന്നും പരിയാരത്തുകുന്ന്, മൂലകുന്ന് തുടങ്ങി കുന്നുകളിലവസാനിക്കുന്ന പേരുകളിലാണ് ഇന്നറിയപ്പെടുന്നത്. അങ്ങനെ അനേകം കുന്നുകളുടെ ഒരു ശൃംഖലയായിരുന്നു ഈസ്ഥലം. മന്നാന്മാര്‍, പളിയന്മാര്‍, വേട്ടുവര്‍ തുടങ്ങിയ കാട്ടുജാതിക്കാരുടെ താവളങ്ങളായിരുന്നു ഓരോ കുന്നും…അരിക്കു നെല്ല് വിളയിച്ചുതരുന്ന അരിക്കുന്നും ഔഷധസസ്യങ്ങളായ അരത്ത വളരുന്ന അരത്തമലയും കടുക്കാമലയും ചെന്നായ്ക്കളുണ്ടായിരുന്ന ചെന്നാക്കുന്നും പുലിയള്ളും വലിയപൊത്തള്ളും ചെറിയപൊത്തള്ളും ഇങ്ങനെയുണ്ടായ പേരുകളാണ്. വെച്ചൂകുന്ന്, തീമ്പള്ളിക്കുന്ന്, തൊട്ടിക്കുന്ന്, മാടപ്പള്ളിക്കുന്ന്, ഉലകത്താക്കുന്ന്, പത്താശാരിക്കുന്ന്, വീട്ടുവേലിക്കുന്ന്, പൂഴിക്കുന്ന്, ചോറ്റുകുന്ന് എന്നിവ ഈ പ്രദേശത്തെ കുന്നുകളും കടലമ്പാറ, പൊന്‍പാറ, മീനാറുപാറ, തോണിപ്പാറ, പാട്ടുപാറ, എന്നിവ ഈ നാട്ടിലെ ചില പാറകളും ആര്യങ്കുളം, മുതുകുളം, ചൂരേവലിക്കുളം, ഈറ്റുേവലിക്കുളം എന്നിവ ചില കുളങ്ങളുമാണ്.
പൊന്‍കുന്നം പരിഷ്‌കാരത്തിലേക്കു നീങ്ങുന്നതിന്റെ ആദ്യഘട്ടങ്ങളില്‍ നാം കാണുന്നത് മലമ്പാത വഴി തമിഴകത്തുനിന്ന് എത്തിച്ചേരുന്ന തമിഴ് കച്ചവടക്കാരെയാണ്. കഴുത, ചുമട്ടുമാട് എന്നിവയെക്കൊണ്ടു ചുമപ്പിച്ച് വറ്റല്‍മുളക്, ഉള്ളി, കൊത്തമല്ലി, ജീരകം മുതലായവ ഇവിടേക്കു കൊണ്ടുവരുകയും പകരം എണ്ണ, കുരുമുളക്, ചുക്ക്, െവട്ടുപാക്ക് (കോറപ്പാക്ക്) മുതലായവ തിരികെക്കൊണ്ടുേപാകുകയും പതിവായിരുന്നു…അഞ്ച് ജന്മികുടുംബങ്ങളുടെ നിയന്ത്രണത്തിലായിരുന്നു ഈ ്രപദേശമത്രയും. വഞ്ഞിപ്പുഴ മഠം വക ഈ ചേരിക്കലുകളുടെ ജന്മാവകാശം ആണ്ടൂര്‍ മഠം (ആണ്ടുമഠം), കടലംപാറ (വണ്ടങ്ങല്‍), താന്നുവേലി, ഇലവന്താനത്ത് കര്‍ത്താക്കന്‍മാര്‍, കൊല്ലത്തു കുറുപ്പന്‍മാര്‍ എന്നീ ജന്മികുടുംബങ്ങള്‍ക്കായിരുന്നു.പൂഴിക്കുന്നേല്‍, പുന്നാംപറമ്പില്‍, പരിയാരത്ത്, ചാപ്പമറ്റം, കുമ്പുക്കാട്ട്, കായിപ്ലാക്കല്‍, ആനകുത്തി, ആഴാന്തക്കുഴി, വെട്ടിയാങ്കല്‍, ഉടുമ്പിയാങ്കുഴി, ഈറ്റുവേലില്‍, തടങ്ങഴിക്കല്‍, മുളവേലില്‍, മറ്റത്തില്‍ എന്നിവയായിരുന്നു പ്രമുഖ ഹിന്ദു കുടുംബങ്ങള്‍. മീനച്ചിലില്‍നിന്നു വന്ന പുതുമന ഔസേപ്പച്ചന്‍ ജന്മികുടുംബങ്ങളെ സമീപിച്ച്, പൊന്‍കുന്നത്തിനു സമീപം നരിയനാനി ഭാഗത്ത് മീനച്ചില്‍കാരായ ക്രിസ്ത്യാനികളെ കുടിയിരുത്താന്‍ അനുവാദം വാങ്ങി. തീറായി സ്ഥലം വാങ്ങിയ ഇവര്‍ നരിയനാനി, പത്താശാരി, പന്നിക്കുഴി, ആനക്കയം ചേരിക്കലുകളില്‍ വാസമുറപ്പിച്ച് കൃഷിയാരംഭിച്ചു. അന്നത്തെ പ്രസിദ്ധ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വീട്ടുവേലിക്കുന്നേല്‍, കുന്നേല്‍, കുഴിക്കാട്ട്, വെച്ചൂക്കുന്നേല്‍, കിളിരൂര്‍പറമ്പില്‍, ഞള്ളത്ത്, തൊമ്മിത്താഴത്ത്, പുല്ലുവേലില്‍, പുതുപ്പറമ്പന്‍, പൂതക്കുഴി തുടങ്ങിയവയാണ്…യാതൊരുവിധ സര്‍ക്കാര്‍ ഓഫീസുകളും അന്ന് പൊന്‍കുന്നത്തോ സമീപപ്രദേശങ്ങളിലോ ഉണ്ടായിരുന്നില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ചങ്ങനാശേരിയിലോ കോട്ടയത്തോ പോകേണ്ടിയിരുന്നു… പ്രമാണികളായ ഇലവനാല്‍ രാമകൃഷ്ണന്‍ കര്‍ത്താ, കൊല്ലത്തു കുറുപ്പന്‍മാരില്‍ കേശവകര്‍ത്താ, ആണ്ടുമഠത്തില്‍ കൃഷ്ണപിള്ള, താന്നുവേലില്‍ കുട്ടന്‍പിള്ള, പുതുമന ഔസേപ്പച്ചന്‍, വീട്ടുേവലിക്കുന്നേല്‍ കുഞ്ഞേപ്പു തോമ്മാ തുടങ്ങിയവര്‍ വില്ലുവണ്ടിയില്‍ ചങ്ങനാശേരിയില്‍ ചെന്ന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊന്‍കുന്നത്ത് രജിസ്റ്റര്‍ കച്ചേരി ആരംഭിക്കാന്‍ തീരുമാനമായി. ഇന്നത്തെ ശ്രീകൃഷ്ണാ തീയറ്റര്‍ ഇരിക്കുന്ന സ്ഥലത്തായിരുന്നു കുഞ്ഞേപ്പു തോമ്മായുടെ പടിപ്പുരമാളിക. ഇന്നത്തെ പോലീസ് സ്‌റ്റേഷന്‍ ഇരിക്കുന്ന സ്ഥലത്ത് അന്നുണ്ടായിരുന്നതു സത്രവും കുതിരലായവും ഉപ്പുപണ്ടകശാലയും. സത്രത്തിന്റെ ഒഴിഞ്ഞുകിടന്ന മുറിയില്‍ ആദ്യത്തെ രജിസ്റ്റര്‍ കച്ചേരി 1892-ല്‍ ആരംഭിച്ചു…കൊല്ലന്‍ കൊച്ചുകുഞ്ഞിന് ആല വയ്ക്കാനുള്ള സ്ഥലം (വട്ടക്കാവ് പുരയിടം) വീട്ടുേവലിക്കുന്നേല്‍ കുഞ്ഞേപ്പു തോമ്മാ ഇഷ്ടദാനമായി എഴുതിക്കൊടുത്തു. അതാണ് പൊന്‍കുന്നത്തു നടന്ന ആദ്യത്തെ ആധാരം.
പൊന്‍കുന്നത്തേക്കു കുടിയേറ്റങ്ങള്‍ വീണ്ടും നടന്നുകൊണ്ടിരുന്നു. പ്രത്യേകിച്ച് മീനച്ചിലില്‍നിന്ന്. പുതുമന, പൊടിമറ്റം, മുണ്ടിയാനിക്കല്‍, ഏണയേക്കാട്, കുരുവിക്കാട്, പത്താങ്കുഴി, കുന്നുംപുറം, ഉറുമ്പട, കുഴിയാംപ്ലാവില്‍, കൂരയ്ക്കനാല്‍, ചെറുചിലമ്പില്‍, വയലായില്‍, മാണിക്കത്തുകുന്നേല്‍, മുണ്ടാട്ടുചുണ്ടയില്‍, കൊച്ചുപറമ്പില്‍, വടശ്ശേരി, തൊമ്മിത്താഴത്ത്, മൂഴയില്‍, ഓലിക്കല്‍, പാറയ്ക്കല്‍, താന്നിക്കപ്പാറ, മൂഴിക്കുന്നേല്‍, കുമ്പുക്കല്‍, മംഗലത്തില്‍, കറിമുള്ളിക്കല്‍, മണ്ടയ്ക്കല്‍, വടക്കേത്ത്, പൂവത്താനിക്കുന്നേല്‍, പാലമുറി, തെക്കേയറ്റത്ത്, ചെംബ്ലായില്‍ തുടങ്ങിയവയാണു മീനച്ചിലില്‍നിന്ന് ആദ്യമെത്തിയ ക്രിസ്ത്യന്‍ കുടുംബങ്ങള്‍. കുടിയേറ്റക്കാരില്‍ എല്ലാത്തരക്കാരും ഉണ്ടായിരുന്നു. കര്‍ഷകര്‍ മാത്രമല്ല, മല്ലന്‍മാരും. ഉദാഹരണത്തിന്, അതിരമ്പുഴയില്‍നിന്നു കുടിയേറിയ പുതുപ്പറമ്പന്‍മാര്‍ അഞ്ചുപേര്‍ എന്തിനും പോന്നവരായിരുന്നു. അവര്‍ക്കു കുതിരസവാരി അറിയാമായിരുന്നു. തമിഴ്‌നാട്ടില്‍നിന്നു കുതിരകളെ കൊണ്ടുവരും. നാട്ടുപ്രമാണിമാരെ കുതിരസവാരി പഠിപ്പിക്കുന്നതും അവരുടെ ജോലിയായിരുന്നു. നീറിയാങ്കല്‍ വക്കീല്‍, വീട്ടുവേലിക്കുന്നേല്‍ പാപ്പച്ചന്‍ വക്കീല്‍ എന്നിവരെ കുതിരസവാരി പഠിപ്പിച്ചതു പുതുപ്പറമ്പന്‍മാരായിരുന്നു. പൊതുവേ ധിക്കാരികളായിരുന്നെങ്കിലും ചില കാര്യങ്ങളില്‍ അവര്‍ കര്‍ഷകര്‍ക്കു സഹായികളായി. വന്യമൃഗങ്ങളെ കൃഷിയിടത്തില്‍നിന്നു തുരത്തുന്നത് അവരുടെ ജോലിയായി കണക്കാക്കപ്പെട്ടു. കാട്ടുപന്നികളെ കെണിവച്ച് പിടികൂടി, മദ്യത്തിന്റെ അകമ്പടിയോടെ പാട്ടും നൃത്തവും നടത്തി അവര്‍ ശാപ്പിട്ടു. കടുവയേയും പുലിയേയും അവര്‍ വേട്ടയാടുമ്പോള്‍ അവയെ കഴയില്‍ക്കെട്ടി ചുമന്നുകൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കും. ചിറക്കടവ്, ചെറുവള്ളി ക്ഷേത്രങ്ങളില്‍ എണ്ണ ശുദ്ധമാക്കുന്നതിനു ഹൈന്ദവര്‍ ക്ഷേത്രങ്ങള്‍ക്കു സമീപം സ്ഥലവും സൗകര്യവും കൊടുത്ത് താമസിപ്പിച്ചവരാണ് ഇന്നാട്ടിലെ ആദിമക്രിസ്ത്യാനികള്‍. ചിറക്കടവ്, ചെറുവള്ളി പ്രദേശങ്ങള്‍ സന്ധിക്കുന്ന പടനിലം എന്ന സ്ഥലത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളെ കുടിയിരുത്തിയിരുന്നു. പ്രസ്തുത കുടുംബങ്ങളുടെ പിന്‍മുറക്കാരില്‍െപ്പട്ട പുന്നാമഠം എന്ന കുടുംബക്കാര്‍ ഇന്നും അവിടെ സസുഖം ജീവിക്കുന്നു. അതുപോലെതന്നെ ചിറക്കടവില്‍ എത്തിയവരാണു വെച്ചൂക്കുേന്നല്‍ കുടുംബക്കാര്‍.പില്‍ക്കാലത്ത് പൊന്‍കുന്നം പ്രേദശത്തേക്കു വന്‍തോതില്‍ ക്രിസ്ത്യന്‍ കുടിയേറ്റമുണ്ടായതു പത്തനംതിട്ടയ്ക്കു കിഴക്കുമാറി വനമധ്യത്തില്‍ സ്ഥിതിചെയ്തിരുന്ന നിലയ്ക്കല്‍ എന്ന നഗരത്തില്‍നിന്നാണ്. ‘വക്രപുലി, പെരുമ്പാറ്റ’ എന്നീ ഭീകരജീവികളുടെ ആക്രമണം മൂലം നിലയ്ക്കലില്‍നിന്നു ജനങ്ങള്‍ നാടുവിട്ടോടി എന്നാണ് ഐതിഹ്യം….ഫക്രുദീന്‍ പൊലിഗര്‍ എന്ന കൊള്ളത്തലവന്റെ േനതൃത്വത്തില്‍ നിലയ്ക്കല്‍ പ്രദേശങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചെന്നും അനേകം പേരെ ചുട്ടുകൊല്ലുകയും ക്ഷേത്രവും പള്ളിയും നശിപ്പിക്കുകയും പരിഭ്രാന്തരായ ജനങ്ങള്‍ കാഞ്ഞിരപ്പള്ളി, അരുവിത്തുറ, റാന്നി, ചെങ്ങന്നൂര്‍, കൊടശനാട് തുടങ്ങിയ പ്രദേശങ്ങളിലേക്കു പലായനം ചെയ്തുവെന്നുമാണു വിശ്വാസം. പി.കെ. ശിവശങ്കരപ്പിള്ള, റവ. ജോര്‍ജ് കാടഞ്ചിറ എന്നിവര്‍ നിലയ്ക്കലിെനക്കുറിച്ച് തയാറാക്കിയ ലേഖനങ്ങളും തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാനുവലിലെ പ്രസ്താവങ്ങളും ഈ വിശ്വാസത്തിന് ആക്കം കൂട്ടുന്നു. ഇപ്രകാരം കാഞ്ഞിരപ്പള്ളിയില്‍ വന്ന് താവളമടിച്ച ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പലതും താമസംവിനാ പൊന്‍കുന്നത്തേക്കും വ്യാപിച്ചു.
പൊന്‍കുന്നത്തെ പഴമക്കാരുടെ ഓര്‍മയില്‍ ഇന്നും മായാതെ നില്‍ക്കുന്ന സ്ഥാപനങ്ങളാണ് ഉപ്പുപണ്ടകശാല, സത്രം, കുതിരലായം മുതലായവ. ഇന്നത്തെ പോലീസ് സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു ഉപ്പുപണ്ടകശാല. 1751-ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമയ്യന്‍ ദളവയുടെ വിളംബരമനുരിച്ച് കുരുമുളക്, ഉപ്പ്, കറുപ്പ്, പുകയില എന്നിവയുടെ വിപണനം സര്‍ക്കാരില്‍ മാത്രം നിക്ഷിപ്തമാക്കെപ്പട്ടു. തുടര്‍ന്ന്, ചങ്ങനാശ്ശേരിയിലും തലയോലപ്പറമ്പിലും ചന്തകള്‍ അനുവദിക്കുകയും ഉപ്പുപണ്ടകശാലകള്‍ സ്ഥാപിക്കുകയും ചെയ്തപ്പോള്‍ പൊന്‍കുന്നത്തെ ജനങ്ങള്‍ കാല്‍നടയായി ചങ്ങനാശ്ശേരിയില്‍ പോയി ഉപ്പ് വാങ്ങിക്കൊണ്ടുവന്ന് ഉപയോഗിക്കേണ്ടിവന്നു. ചങ്ങനാശ്ശേരിക്കുള്ള യാത്ര ആപത്കരമായിരുന്നു. കള്ളന്‍മാരെയും പിടിച്ചുപറിക്കാരെയും വഴിയില്‍ നേരിടേണ്ടിവന്നു. ഒരിക്കല്‍ ചങ്ങനാശ്ശേരിയില്‍ ഉപ്പ് വാങ്ങാന്‍ പോയ പൊന്‍കുന്നംകാരന്‍ വഞ്ചിക്കപ്പെട്ട് രക്തസാക്ഷിയായി. അങ്ങനെ ജനങ്ങള്‍ സംഘടിച്ച് നിവേദനങ്ങള്‍ നല്‍കിയതിന്റെ ഫലമായാണു പൊന്‍കുന്നത്ത് ഉപ്പുപണ്ടകശാല സ്ഥാപിക്കപ്പെട്ടത്. കാര്‍ഷികവിളകള്‍ വര്‍ധിച്ചുകൊണ്ടിരിക്കേ, സാധനങ്ങളുടെ കൈമാറ്റത്തിനു ചന്ത ആവശ്യമായിവന്നു. ശൗര്യാര്‍, പുതുമന ഔസേപ്പച്ചന്‍, വീട്ടുേവലിക്കുന്നേല്‍ കുഞ്ഞേപ്പുതോമ്മാ എന്നിവരുള്‍പ്പെട്ട കുടിയേറ്റക്കാരുെട പ്രതിനിധികള്‍ ചന്തയുടെ ആവശ്യത്തിലേക്കു കടപുഴ നാരായണന്‍ കിട്ടനെ സമീപിച്ചു. അന്നത്തെ ഈഴവകുടുംബക്കാരില്‍ പ്രമുഖനായിരുന്ന നാരായണന്‍ കിട്ടന്‍ വിശാലഹൃദയനും കലാസ്വാദകനുമായിരുന്നു. സ്വവസതിക്കു മുന്നില്‍ അദ്ദേഹം നാടകങ്ങളും സംഗീതക്കച്ചേരികളും നടത്തിയിരുന്നതായി പഴമക്കാര്‍ സ്മരിക്കുന്നു. കാണികള്‍ക്ക് ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. കടപുഴ നാരായണന്‍ കിട്ടന്‍ ചന്തയ്ക്കു സ്ഥലം നല്‍കി. അങ്ങനെ കുടിയേറ്റക്കാരുടെ ആദ്യത്തെ ചന്ത പൊന്‍കുന്നത്ത് ആരംഭിച്ചു. കൊച്ചുഗ്രാമം നഗരവത്കരണത്തിന്റെ ആദ്യപടി ചവിട്ടി. ചന്തയുടെ ആരംഭത്തോടെ മധുര, തിരുനെല്‍വേലി, ചെങ്കോട്ട എന്നിവിടങ്ങളില്‍നിന്നു പാണ്ടിക്കച്ചവടക്കാരും ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് സേട്ടുമാരും കച്ചവടത്തിനു പൊന്‍കുന്നത്തു വന്നു. അക്കാലത്തെ പ്രധാന പീടികകള്‍ തൊട്ടിപ്പീടിക, പുത്തന്‍പറമ്പില്‍ പീടിക, കുേന്നല്‍ പീടിക, കിളിരൂര്‍പറമ്പില്‍ പീടിക, വെച്ചൂക്കുേന്നല്‍ പീടിക എന്നിവ പി.പി. േറാഡിന് ഇരുവശമായും ഇളപ്പുപാറപ്പീടിക (ഇപ്പോഴത്തെ പോലീസ് സ്‌റ്റേഷന് അടുത്തുള്ള പള്ളിക്കെട്ടിടം), കൊല്ലങ്കുളം പീടിക, ആണ്ടുമഠം വക സ്ഥലത്ത് പീരുമുഹമ്മദ് നൈനാര്‍ഖാന്‍ റാവുത്തര്‍ കച്ചവടം നടത്തുന്ന ആണ്ടുമഠം പീടിക, പുളിക്കല്‍ പീടിക, വെട്ടിക്കാട്ട് പീടിക, പലയക്കുന്നേല്‍ പീടിക, കൂട്ടുപുഴ വക തകടിേയല്‍ പീടിക എന്നിവയുമാണ്.