മണ്ഡലകാലം തുടങ്ങിയിട്ട് ഒന്നര മാസം; ആൾത്തിരക്കും ആരവവുമില്ലാതെ എരുമേലി..
എരുമേലി : മണ്ഡലകാലമെത്തിയിട്ട് ഒന്നര ആകാറായി. ഇക്കുറി ആൾത്തിരക്കും ആരവവുമില്ല. ഭക്തരുടെ തിരക്കില്ലാതെ എരുമേലി വിജനമാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തർക്ക് കാനനപാതയിലൂടെ ശബരിമല ദർശനം നടത്താൻ അനുമതിയില്ല. കാനനപാതയിലെ കാളകെട്ടിയും ഇഞ്ചപ്പാറക്കോട്ടയും മുക്കുഴിയും എല്ലാം വിജനം.
റോഡുമാർഗമുള്ള യാത്രയ്ക്കും എണ്ണത്തിൽ നിയന്ത്രണം. ശബരിമല ദർശനത്തിന് ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ ദിവസേന പതിനായിരക്കണക്കിന് അയ്യപ്പൻമാർ എത്തിയിരുന്ന എരുമേലിയിലും ഭക്തർ നാമമാത്രമായി. തീർഥാടനകാലത്തെ കച്ചവടം ജീവിതമാർഗമായി കണ്ടവരും മറ്റുവഴികൾ തേടി.
ശരണമന്ത്രങ്ങൾ കേൾക്കാനേയില്ല. കാറ്റിന് കർപ്പൂര ഗന്ധവുമില്ല. കാനനപാതയിലെ കാളകെട്ടിയും ഇഞ്ചപ്പാറക്കോട്ടയും മുക്കുഴിയും എല്ലാം വിജനം. കയറ്റവും ഇറക്കവും കഠിനമായ കരിമലയും തീർഥാടനകാലം മറന്നതുപോലെ…
മുമ്പ് ഇങ്ങനെയായിരുന്നില്ല. വൃശ്ചികമെത്തുന്നതിന് മുമ്പേ കാനനപാതയിൽ സ്വാമി നാമങ്ങൾ അലയടിക്കുമായിരുന്നു. ദുർഘടപാതയിൽ അസൗകര്യങ്ങൾ വകവെയ്ക്കാതെ എല്ലാം അയ്യപ്പനിലർപ്പിച്ചുള്ള തീർഥാടനം. ഇടത്താവളങ്ങളിൽ വിരിവെച്ച് വിശ്രമം. കാളകെട്ടിയും അഴുതക്കടവും മുക്കുഴിയുമൊക്കെ ഭക്തരുടെ തിരക്കിലമരും. രാവുംപകലും ഭക്തരുടെ പ്രയാണം. ദേശവും ഭാഷയും പലതെങ്കിലും ഭക്തർ നിറഞ്ഞിരുന്നയിടം. ഇപ്പോൾ നിശ്ചലമാണ് . വനപാതയിലെ ഇടത്താവളങ്ങളിലും ആൾപ്പെരുമാറ്റമില്ല. പതിറ്റാണ്ടുകളായി തുടരുന്ന തീർഥാടനത്തെയും കോവിഡ് ‘നിയന്ത്രിച്ചു’. എരുമേലിയിൽനിന്ന് പേരൂർതോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, മുക്കുഴി, കരിമല, വലിയാനവട്ടം വഴിയാണ് പരമ്പരാഗത പാതയിലൂടെ ഭക്തർ നടന്ന് ശബരിമല ദർശനത്തിന് പോകുന്നത്.
എരുമേലിയിൽനിന്ന് പരമ്പരാഗത പാത വഴിയുള്ള യാത്രയിൽ കോയിക്കക്കാവ് മുതൽ കാളകെട്ടിവരെ എരുമേലി വനമേഖലയുടെ ഭാഗമാണ്. കാളകെട്ടി കഴിഞ്ഞ് അഴുതക്കടവ് മുതൽ പമ്പവരെ പെരിയാർ കടുവാ സങ്കേതവും. രണ്ട് വനപ്രദേശങ്ങളെയും അതിരിട്ട് അഴുതയാറും. കോരൂത്തോട് റോഡും.
ജനവാസമേഖലയുടെ അതിർത്തി പ്രദേശമങ്ങളുമാണിവിടം. അടുത്തയിടെ കാളകെട്ടിവനത്തിലും കടുവയുടെ സാന്നിധ്യം വനപാലകർ കണ്ടെത്തി. അരശുമുടിക്കോട്ടയ്ക്ക് സമീപം കടുവയുടെയും കുട്ടിയുടെയും കാൽപ്പാടുകളാണ് കണ്ടെത്തിയത്. കാട്ടാനയും കാട്ടുപോത്തുകളും യഥേഷ്ടമുള്ള ഭാഗമാണിവിടം. ചെന്നായ്ക്കളും നിരവധിയുണ്ട്.