അപകടത്തിൽ സഹായിക്കുവാൻ ഓടിയെത്തി , വീട്ടമ്മയുടെ ഒന്നരപവൻ അടിച്ചെടുത്തു മുങ്ങി.. ഇങ്ങനെയും കുറെ മനുഷ്യർ ..

 November 9, 2020 

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടത്തിൽ കട നടത്തുന്ന വീട്ടമ്മയായ കടയുടമസ്ഥയ്ക്കാണ്, അപകടത്തിൽ സഹായിക്കുവാൻ അടുത്തുകൂടിയവനിൽ നിന്നും അപ്രതീക്ഷിതമായി ചതിവ് സംഭവിച്ചത് . തിങ്കളാഴ്ച വൈകിട്ടോടെ അടുത്തുള്ള കടയിൽ ചായ കുടിക്കുവാനായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടത്തിന്റെ അടുത്തുള്ള ചെല്ലാടൻ കൂൾബാറിന്റെ ഉടമയായ ഓമന സുധാകരൻ പോയിരുന്നു. 

കടയിൽ വച്ച്, അപ്രതീക്ഷിതമായി ഓമനയുടെ പ്രഷർ താഴ്ന്നു പോവുകയും, ബോധരഹിതയായി കടയുടെ മുൻപിൽ വീഴുകയും ചെയ്തു. പെട്ടെന്ന് തന്നെ കുറേപേർ സഹായിക്കുവാനായി ഓടിയെത്തുകയും, ബോധരഹിതയായ അവരെ താങ്ങിയെടുത്ത് ഒരു ഓട്ടോയിൽ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ നൽകിയ ശുശ്രൂഷകൾക്കൊടുവിൽ ബോധം വീണ്ടെടുത്ത ഓമന തന്റെ കൈയിലേക്ക് നോക്കിയപ്പോൾ വീണ്ടും തലകറങ്ങുന്നതുപോലെ തോന്നി.. കൈയിൽ കിടന്നിരുന്ന ഒന്നരപവന്റെ സ്വർണവള കാണുന്നില്ല.. 

ബോധരഹിതയായി വീണപ്പോൾ, സഹായത്തിനെന്നപേരിൽ ഓടിക്കൂടിയവരിൽ ആരോ വള കവർന്നെടുത്തതാകുവാണ് സാധ്യത. തിരികെ കാഞ്ഞിരപ്പള്ളിയിലെത്തിയ ഓമന പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷ്ട്ടാവിനെ കണ്ടുപിടിക്കുവാൻ പോലീസ് അടുത്തുള്ള കടകളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിയ്ക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 

error: Content is protected !!