ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടൽ; ഭൂമി കണ്ടെടുക്കൽ നടപടികളിൽ വ്യക്തത തേടി ജില്ലാ ഭരണകൂടം..
എരുമേലി : നിർദിഷ്ട ശബരിമല വിമാനത്താവളഭൂമിയെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് താത്‌കാലികമായി കണ്ടുകെട്ടിയെങ്കിലും അത്തരം അറിയിപ്പുകൾ റവന്യൂവകുപ്പിന് നൽകാത്തത് സംസ്ഥാന സർക്കാരിനെ ആശയക്കുഴപ്പത്തിലാക്കി. ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കാൻ സർക്കാർ പാലാ സബ് കോടതിയിൽ നൽകിയ കേസിൽ നടപടികൾ ആരംഭിച്ചിട്ടും ഇത്തരം വിവരം കിട്ടാത്തതാണ് പ്രശ്നം. ഭൂമി കണ്ടെടുക്കൽ നടപടികളിൽ വ്യക്തത തേടി ജില്ലാ ഭരണകൂടം ആദായനികുതി വകുപ്പിന് കത്ത് നൽകും. ഇപ്പോൾ സംസ്ഥാനം പാലാ കോടതിയിൽ നടത്തുന്ന നിയമനടപടിയും അറിയിക്കും.
ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിന് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയിൽ ആദായനികുതി വകുപ്പ് മാർച്ചിൽ കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങിയിരുന്നു. ബിഷപ്പ് യോഹന്നാൻ ആദായനികുതിയിൽ ബാധ്യത വരുത്തിയതിനാണ് അദ്ദേഹത്തിന്റെ പേരിലുള്ളതെന്ന് അവകാശപ്പെടുന്ന ഭൂമി കണ്ടുകെട്ടാൻ തീരുമാനിച്ചത്. കണ്ടുകെട്ടിയ ഭൂമി സർക്കാർ വകയാണെന്നിരിക്കെ പിന്നീട് അത് സ്ഥാപിക്കാൻ സർക്കാർ തന്നെ കേസ് നടത്തേണ്ടതുണ്ടോയെന്ന ആശയക്കുഴപ്പമാണ് റവന്യൂവകുപ്പിനുള്ളത്. ഭൂമി താത്‌കാലികമായി കണ്ടുകെട്ടുകയാണെന്ന് ബിലീവേഴ്സ് ചർച്ചിനെ ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. ആദായനികുതി സംബന്ധിച്ച വകുപ്പിന്റെ ആക്ഷേപങ്ങളിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്ന് സഭാ പി.ആർ.ഒ. ഫാ.സിജോ പന്തപ്പള്ളിൽ അറിയിച്ചു.
ഇത് കൃത്യമാണെന്നും അത് ബോധ്യപ്പെടുന്നതോടെ നടപടി അവസാനിക്കുമെന്നുമാണ് സഭയുടെ പ്രതീക്ഷ. താത്‌കാലിക കണ്ടുകെട്ടലിലൂടെ ആദായനികുതി വകുപ്പ് ഉദ്ദേശിക്കുന്നത് ഉടമ വസ്തു കൈമാറ്റം ചെയ്യുന്നത് അടക്കമുള്ള നടപടികൾ താത്‌കാലികമായി മരവിപ്പിക്കലാണ്. എന്നാൽ, ആദായം എടുക്കുന്നതിനോ കൃഷിക്കോ തടസ്സമുണ്ടായിട്ടില്ല. വസ്തു കൈമാറ്റം തടസ്സപ്പെടുത്താൻ തീരുമാനിച്ചാൽ ആദായനികുതി വകുപ്പ് അക്കാര്യം റവന്യൂവകുപ്പിനെ അറിയിക്കണം. ഇതിന് വസ്തു സ്ഥിതിചെയ്യുന്ന രണ്ട് വില്ലേജ് ഒാഫീസുകളിലും അറിയിപ്പ് നൽകിയിട്ടില്ല. കാഞ്ഞിരപ്പള്ളി തഹസിൽദാരോട് സ്ഥിതിവിവരം ശേഖരിക്കാനും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
നിർദിഷ്ട പദ്ധതിപ്രദേശത്തിലെ ഉടമാവകാശം ഉറപ്പിക്കാൻ സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം കളക്ടർ പാലാ സബ് കോടതിയിൽ നൽകിയ കേസ് ആദ്യ ഘട്ടത്തിലേക്ക് കടക്കുന്നതേയുള്ളൂ. കേസിൽ കക്ഷി ചേരാൻ അഭ്യർഥിച്ച് 30 പേരാണ് കോടതിയെ സമീപിച്ചത്. ഇത് അനുവദിക്കണമോ എന്നറിയാൻ ജൂലായ് ഒൻപതിന് കോടതി വാദം കേൾക്കും. ഇൗ കേസിൽ തിരുവല്ല ബിലീവേഴ്സ് ചർച്ചിനെതിരായിട്ടാണ് സർക്കാർ പരാതി. കക്ഷികളെ കൂടുതൽ അനുവദിക്കുന്നതിന് എതിരേയുള്ള 13 അപേക്ഷകളിൽ സഭ ഇതിനകം എതിർസത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.