അമിത വേഗവും അശ്രദ്ധമായ ഓവർടേക്കിംഗും; ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
കാഞ്ഞിരപ്പള്ളി: അമിത വേഗവും അശ്രദ്ധമായ ഓവർടേക്കിംഗും മൂലം ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാത 183 ൽ പെരുവന്താനത്തിനും 35-ാം മൈലിനും ഇടയിലാണ് വാഹനാപകടങ്ങൾ പതിവായിരിക്കുന്നത്. രണ്ട് ആഴ്ചക്കിടയിൽ ഈ ഭാഗത്ത് എട്ടോളം വലുതും ചെറുതുമായ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അമിത വേഗവും അശ്രദ്ധമായ ഓവർടേക്കിംഗും ഡ്രൈവർമാരുടെ പാത പരിചയക്കുറവുമാണു മിക്ക അപകടങ്ങൾക്കും ഇവിടെ വഴിവയ്ക്കുന്നത്. ശബരിമല തീർഥാടകരുടെ എണ്ണം ഇക്കുറി കുറവായിരുന്നിട്ടും അപകട നിരക്കിന് കുറവൊന്നുമില്ല.
കൊടുകുത്തിക്കു സമീപം ചാമപ്പാറ വളവിൽ മുന്പ് അപകടങ്ങൾ പതിവായതോടെയാണ് റോഡിൽ ചെരിവ് രൂപപ്പെടുത്തുകയും അപകട മുന്നറിയിപ്പിനായി റിഫ്ളക്ടറുകൾ സ്ഥാപിക്കുകയും കൊക്കയോട് ചേർന്നുള്ള ഭാഗത്ത് കൂറ്റൻ കരിങ്കല്ലുകൾ ഇടുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചോളം വാഹനങ്ങളാണ് ഇവിടെ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽപ്പെട്ടതിൽ കൂടുതലും തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന മിനിലോറികളാണ്. വേഗത കുറയ്ക്കാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. വഴിയരികിൽ ഇട്ടിരിക്കുന്ന കരിങ്കലുകളിൽ തട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ കുഴിയിലേക്കു വീഴാതെ റോഡിലേക്കു മറിയും. ഈ ഭാഗത്തിന് രണ്ട് വളവുകൾക്ക് അപ്പുറത്ത് വീതി കുറഞ്ഞ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഭാഗത്തും വലിയ വാഹനങ്ങൾ ഒരേ സമയത്ത് എത്തുമ്പോൾ അപകട സാധ്യത ഏറെയാണ് ഉളവാക്കുന്നത്. അടുത്തിടെ തന്നെ മൂന്നോളം വാഹനങ്ങളാണ് ഈ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയത്.
അതു പോലെ തന്നെ അപകടസാധ്യത ഏറെയുള്ള മറ്റൊരു ഭാഗമാണ് മരുതുമൂട്. കഴിഞ്ഞ ദിവസം രാത്രി ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 21 പേർക്കാണ് പരിക്കേറ്റത്. ഇതിന് തൊട്ട് മുകൾ ഭാഗത്തായി കെഎസ്ആർടിസി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ നിയന്ത്രണംവിട്ട് കൊക്കയിലേക്കു പതിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളും കാടുകയറി കിടക്കുന്നതും രാത്രികാലങ്ങളിലെ മൂടൽമഞ്ഞും അപകടത്തിന് കാരണമാകാറുണ്ട്.