പതിറ്റാണ്ടുകൾക്ക് ശേഷം കാഞ്ഞിരപ്പള്ളി തെറ്റുതിരുത്തുന്നു .. സ്വാതന്ത്ര്യ സമര സേനാനി അക്കമ്മ ചെറിയാന് കാഞ്ഞിരപ്പള്ളിയിൽ സ്മാരകം ” അക്കമ്മ ചെറിയാൻ റോഡ്” യാഥാർഥ്യമായി

 November 5, 2020 

കാഞ്ഞിരപ്പള്ളിയുടെ മാത്രമല്ല, കേരളത്തിന്റെയും, ഇന്ത്യ മുഴുവന്റെയും അഭിമാനമായ സ്വാതന്ത്ര്യ സമരസേനാനി അക്കമ്മ ചെറിയാൻ ഓർമ്മയായിട്ട് 38 വർഷങ്ങൾ കഴിഞ്ഞു. മഹാത്മാഗാന്ധിയുടെയും, നെഹ്രുവിന്റേയും അടുത്ത അനുയായിയായിരുന്ന അക്കമ്മയുടെ പേര് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം സ്വാതന്ത്ര്യ സമരസേനാനികളെ നയിച്ചുകൊണ്ട് അക്കമ്മ ചെറിയാൻ ബ്രിട്ടിഷ് സേനക്കെതിരെ നടത്തിയ രാജധാനി മാർച്ച് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കമ്മയുടെ ധൈര്യത്തിന് മുൻപിൽ ബ്രിട്ടീഷ് സേന മുട്ടുമടക്കുകയായിരുന്നു. ആ സംഭവം മഹാത്മാ ഗാന്ധി പലവേദികളിലും പരാമർശിച്ചിട്ടുണ്ട് .

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുൻപോരാളി ആയിരുന്നിട്ടും, കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കരിപ്പാപ്പറമ്പിൽ അക്കമ്മ ചെറിയാന്റെ ആദരസൂചകമായി ജന്മദേശമായ കാഞ്ഞിരപ്പള്ളിയിൽ ഒരു സ്മാരകം പോലും ഇതുവരെ ഉണ്ടാക്കിട്ടില്ല എന്ന തെറ്റ് തിരുത്തുന്നതിന്റെ ആദ്യപടിയായി കാഞ്ഞിരപ്പള്ളിയിലെ ഒരു പ്രധാന റോഡിന് “അക്കമ്മ ചെറിയാൻ റോഡ്” എന്ന് നാമകരണം ചെയ്തു. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ലി​ന്‍റെ നി​വേ​ദ​ന​ഫ​ല​മാ​യാ​ണ് അക്കമ്മ ചെ​റി​യാ​ൻ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. കാഞ്ഞിരപ്പള്ളിയിൽ മൂന്നുകോടി രൂപ ചിലവിൽ നിർമ്മിക്കുന്ന സഹൃദയ വായനശാലയുടെ പുതിയ മന്ദിരത്തിന് അക്കമ്മ ചെറിയാന്റെ പേരിടുവാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പറഞ്ഞു . 

അക്കമ്മ ചെറിയാൻ പ്രധാനാദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ അടുത്തുനിന്നും ആരംഭിക്കുന്ന, സെന്റ് മേരീസ് – പുത്തനങ്ങാടി റോഡിന്റെ പേര് അക്കാമ്മ ചെറിയാൻ റോഡ് എന്ന് പുനർനാമകരണം ചെയ്ത ചടങ്ങിന്റെ ഉദ്‌ഘാടനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ നിർവഹിച്ചു. 

error: Content is protected !!