കാഞ്ഞിരപ്പള്ളിയിൽ കുതിര സവാരി പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി..

Posted on October 28, 2020 

മെട്രോ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന കുതിരസവാരി പരിശീലന കേന്ദ്രങ്ങൾ ചെറിയ പട്ടണങ്ങളിലേക്കും എത്തിത്തുടങ്ങി . കാഞ്ഞിരപ്പള്ളി സ്റ്റാല്ലിയൺ ഹോഴ്സ് റൈഡിങ് ക്ലബ്ബിനു കീഴിൽ മികച്ച രീതിയിൽ കുതിര സവാരി പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി . കരിക്കാട്ടുപറമ്പിൽ സന്തോഷ് മാത്യുവും സുഹൃത്തുക്കളുമാണ് കാഞ്ഞിരപ്പള്ളിയിൽ പരിശീലനക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നത്. ആനക്കല്ല് ഗാർഡൻ സ്‌കൂളിന്റെ ഗ്രൗഡിൽ നടക്കുന്ന പരിശീലന ക്ലാസ്സുകളുടെ ഉദ്‌ഘാടനം ഫാദർ ഡാർവിൻ വാലുമണ്ണേൽ നിർവഹിച്ചു. ഗാർഡൻ സ്കൂൾ ഡയറക്ടർ ആന്റണി ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു. 

ധീരത കൈവിടാത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിനായാണ്‌ കുതിരസവാരിയിൽ കുട്ടികൾക്ക് പരിശീലനം നൽകുവാൻ ഉദ്ദേശിച്ചതെന്ന് ‌ സന്തോഷ് പറയുന്നു. എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോട് കൂടിയാണ് കുതിര സവാരി പരിശീലനം തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . സുന്ദരി, റൂബി എന്ന് പേരുകളുള്ള ലക്ഷണമൊത്ത രണ്ടു പെൺകുതിരകളെയാണ് പരിശീലനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ദരായ പരിശീലകരും ഒപ്പമുണ്ട്. കുട്ടികൾക്കും, സ്ത്രീകള്ക്കും, മുതിർന്നവർക്കും പ്രതേകം ക്ലാസുകൾ തയ്യാറാക്കിയിട്ടുണ്ട്. 

പതിനഞ്ചു ദിവസത്തേക്കാണ് ഒരു പരിശീലന കോഴ്സ്‌ ക്രമീകരിച്ചിരിക്കുന്നത് . ദിവസവും രാവിലെ ആറുമണി മുതൽ ഒൻപതുമണി വരെയുള്ള സമയത്ത് നടക്കുന്ന ക്ലാസ്സിൽ ഓരോ കുട്ടിക്കും 20 മിനിറ്റ് വീതം കുതിര സവാരി പരിശീലനം കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത്. 

സ്കൂൾ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നേടുവാൻ കുരിതസവാരി ഏറെ ഗുണം ചെയ്യുമെന്ന് ഗാർഡൻ സ്കൂൾ ഡയറക്ടർ ആന്റണി ജോസഫ് പറഞ്ഞു . ലോക്ക് ഡൌൺ കാലത്തിനു ശേഷം സ്കൂൾ തുറന്നു കഴിയുമ്പോൾ, സ്കൂളിലെ കുട്ടികൾക്കും കുതിരസവാരിയിൽ പരിശീലനം നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . 

അപ്രതീക്ഷിത ലോക്ക് ഡൗൺ മൂലം വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് ഇത്തരം പരിശീലന സംവിധാനങ്ങൾ ഏറെ ആശ്വാസകരമാകും എന്നതിൽ സംശയമില്ല . വികസന മുരടിപ്പിൽ പെട്ടുകിടക്കുന്ന കാഞ്ഞിരപ്പള്ളിയുടെ മുമ്പോട്ടുള്ള വളർച്ചയിൽ ഇത്തരം നൂതന സംരംഭങ്ങൾ ഏറെ ഗുണം ചെയ്യുമെന്നത് ഉറപ്പാണ് . 

കുതിര സവാരി പരിശീലന ക്ലാസ്സുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ വിളിക്കുക : സന്തോഷ് മാത്യു – 9447230798

error: Content is protected !!