സ്വപ്നഭവനം പത്മയ്ക്കായി നൽകി തിരുമുറ്റം കൂട്ടായ്മ
കാഞ്ഞിരപ്പള്ളി: പത്മയ്ക്ക് ഇത് സ്വപ്ന സാഫല്യത്തിന്റെ ദിനം. ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന ലൗലി ആന്റണിയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളും പൂർവ്വാധ്യാപകരും ചേർന്ന് പൂർവ്വവിദ്യാർത്ഥിനിയായ പത്മയ്ക്ക് സ്വപ്നഭവനമൊരുക്കി. അരുവിത്തുറ സ്വദേശിയായ സണ്ണി കൊട്ടുകാപ്പിള്ളി സൗജന്യമായി നൽകിയ അഞ്ചു സെൻ്റ് സ്ഥലത്താണ് ലൗലി ടീച്ചറിൻ്റെ നേതൃത്വത്തിൽ ഭവനം പൂർത്തിയാക്കിയത്.
സ്കൂളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണ് ടീച്ചർ. ജന്മനാ വൈകല്യമുള്ള രണ്ടു കുട്ടികളും രോഗിയായ ഭർത്താവുമടങ്ങുന്ന പത്മയുടെ കുടുംബത്തിന് ഈരാറ്റുപേട്ട കടുവാമൂഴിയിലാണ് വീടൊരുങ്ങിയത്.വാരിയേഴ്സ് ഫോർ ആൻ്റി കറപ്ഷൻ ആൻറ് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയുടെയും പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ തിരുമുറ്റത്തിൻ്റെയും നേതൃത്യത്തിലാണ് സ്വപ്ന ഭവനം പൂർത്തികരിച്ചത്. ലൗലി ടീച്ചറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഈ ശ്രമത്തിൽ പങ്കാളികളായി. എല്ലാ ഉപകരണങ്ങളോടും കൂടിയ വീട് സാമ്പത്തിക ഞെരുക്കമുള്ള കൊറോണക്കാലത്ത് നൽകുവാൻ കഴിഞ്ഞതിൽ ലൗലി ടീച്ചറും, പൂർവ്വ വിദ്യാർഥികളും ഏറെ സന്തോഷത്തിലാണ്. പൂർവ്വ വിദ്യാർഥികളായ വസന്ത് ജോണും, ബിജേഷ് ഗോപാലനും ഈ നൻമ പ്രവർത്തിക്ക് ഏറെ പിൻബലമേകി