കോവിഡ് പ്രതിരോധത്തിൽ വാക്കുകൾക്കതീതം പ്രമോദിന്റെ സേവനം

എരുമേലി : കോവിഡ് ബാധിതരെ ആശുപത്രിയിലാക്കാൻ ആളില്ലെങ്കിൽ സുരക്ഷാ വസ്ത്രമണിഞ്ഞ് കൂടെ പോകും. ചികിത്സാ കേന്ദ്രത്തിലെ ഏതാവശ്യത്തിനും ജീവനക്കാരെ സഹായിക്കാനും കൂടെയുണ്ട്. നോഡൽ ഓഫീസർ ആയതിന് ശേഷം അവധിയുമെടുത്തിട്ടില്ല.

വരുമാനത്തിൽ ഒരു പങ്ക് ദുരിതമനുവഭിക്കുന്നവർക്കായി മാറ്റി വെക്കുന്നു…കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യത്യസ്ഥനാണ് എരുമേലി പഞ്ചായത്തിലെ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന പുല്ലാട് പുതുപ്പറമ്പിൽ പി.എസ്. പ്രമോദ്. ചികിത്സാ കേന്ദ്രത്തിൽ കോവിഡ് ബാധിതർ നെഗറ്റീവ് ആകുമ്പോൾ നോഡൽ ഓഫീസറായ പ്രമോദ് സേവനത്തിൽ ‘പോസിറ്റീവാണ്’.

കഴിഞ്ഞ സെപ്റ്റംബർ 24-ന് എരുമേലിയിൽ കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങിയ നാൾ മുതൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ ഏൽപിച്ച ദൗത്യം മടിയില്ലാതെ തുടരുകയാണ് ഇദ്ദേഹം. ചികിത്സാ കേന്ദ്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നത് മുതൽ രോഗബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് ഉൾപ്പെടെ ഇന്നും തുടരുകയാണ് ചുമതലകൾ. കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിന്റെ സന്തോഷം വേറെ. നാളിതുവരെ 1475 പേരാണ് കോവിഡ് ബാധിതരായി സെന്ററിൽ ചികിത്സ തേടിയത്. 100-നടുത്ത് രോഗികൾക്ക് ചികിത്സാ സൗകര്യമുള്ള സെന്ററിൽ നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 25 ആയി കുറഞ്ഞു.

‘നോഡൽ ഓഫീസറായ ശേഷം അവധി എടുത്തിട്ടില്ല. കോവിഡിനെ പേടിയുമില്ല. പ്രാഥമിക സമ്പർക്കം ഉണ്ടായതിനെ തുടർന്ന് ക്വാറന്റീനിൽ ഇരിക്കേണ്ടി വന്നു. ഇതേവരെ കോവിഡ് പോസിറ്റീവുമായില്ല’- പ്രമോദ് പറയുന്നു.

ഞായറാഴ്ചയായിരുന്നു അച്ഛന്റെ ഓർമദിനം. ജൂലായ്‌ 18-ന് അമ്മയുടെയും. തിങ്കളാഴ്ച മുതൽ അമ്മയുടെ ഓർമദിനം വരെ ചികിൽസാ കേന്ദ്രത്തിൽ നിന്നും കോവിഡ് മുക്തി നേടി പോകുന്ന അർഹരായവർക്ക് ഭക്ഷ്യ കിറ്റുകൾ നൽകാനാണ് പ്രമോദിന്റെ തീരുമാനം. രക്ഷിതാക്കളുടെ വിയോഗത്തിന് ശേഷം ഏകനായുള്ള ജീവിതത്തിൽ അശരണരെ സഹായിക്കുന്നതിൽ വ്യാപൃതനായിരിക്കുകയാണ് പ്രമോദ്. 2018-ലെ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി പ്രളയത്തിന്റെ ദുരിതം അനുഭവിച്ചു. പ്രളയമൊഴിഞ്ഞപ്പോൾ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് സ്വന്തം വീട്ടിൽ അഭയം നൽകി. ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നാട്ടിലും ജോലി സ്ഥലത്തും പ്രളയത്തിൽ വലഞ്ഞവർക്ക് ഭക്ഷണവും മരുന്നും എത്തിച്ച് നൽകി.

ഇക്കുറി അധ്യയനം തുടങ്ങിയപ്പോൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും രണ്ട് പേർക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകളും സ്വന്തം ചെലവിൽ വാങ്ങിക്കൊടുത്തു…ഇങ്ങനെ വ്യത്യസ്ഥനാവുകയാണ് ഈ ഓഫീസർ.

error: Content is protected !!