ബസ് സർവീസുകൾ നാമമാത്രം; ഗ്രാമീണമേഖലയിൽ യാത്രാക്ലേശം ; ബസ് ഓടിയാൽ നഷ്ടം കൂടുമെന്ന് ബസ്സ് ഉടമകൾ
കാഞ്ഞിരപ്പള്ളി : ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിയെങ്കിലും ഗ്രാമീണമേഖലയിൽ ബസ് സർവീസുകൾ പുനരാരംഭിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കെ.എസ്.ആർ.ടി.സി. കാര്യമായി സർവീസ് നടത്താത്തതും യാത്രാക്ലേശം വർധിപ്പിക്കുന്നു.
ഓഫീസുകളിലും ജോലിക്കായി വിവിധ സ്ഥലങ്ങളിലേക്കും പോകുന്നവർക്കും കൃത്യസമയത്ത് എത്താൻ കഴിയാത്ത സ്ഥിതിയാണ്. ദിനംപ്രതി ഡീസൽ വില വർധിച്ചതിനാൽ ബസ് എങ്ങനെ ഓടിക്കുമെന്നാണ് ഉടമകൾ ചോദിക്കുന്നത്. ഒന്നും രണ്ടും ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന മിക്ക ഗ്രാമപ്രദേശങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്. ഒറ്റ ബസ് മാത്രം സർവീസ് നടത്തിയിരുന്ന പല റൂട്ടുകളിലെയും സർവീസ് നിലച്ചിട്ട് ഒരു വർഷത്തോളമായി. ചില റൂട്ടുകളിൽ നാമമാത്രമായ സർവീസുകൾ മാത്രമാണ് ഉള്ളത്. മണിക്കൂറുകളോളം ബസ് കാത്തുനിന്നാണ് പലരും യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി.ബസുകളിൽ സീറ്റിങ്ങിന് മാത്രമാണ് ആളുകളെ കയറ്റുന്നത്. സ്വകാര്യ ബസുകളിൽ മാത്രമാണ് കൂടുതൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്നത്.
ദിനംപ്രതി ഉയരുന്ന ഡീസൽ വിലയും യാത്രക്കാരുടെ എണ്ണം പരിമിതമായതുമാണ് സർവീസ് പുനരാരംഭിക്കാത്തതിന് കാരണമെന്ന് ബസ് ഉടമകൾ പറയുന്നത്. മാസങ്ങളോളം ബസുകൾ ഓടാതെ കിടന്നതോടെ യാത്രക്കാർ ഇരുചക്ര വാഹനങ്ങളിലേക്കും മറ്റ് സമാന്തര സർവീസുകളിലേക്കും മാറി. ഇതോടെയാണ് വരുമാനം നിലച്ചത്.
ഒന്നാംഘട്ട പ്രതിസന്ധിയിൽനിന്നു കരകയറി വന്നപ്പോഴാണ് രണ്ടാംഘട്ട ലോക്ഡൗൺ ആരംഭിച്ചത്. കട്ടപ്പുറത്തായ ബസുകൾ നിരത്തിലിറക്കി ഓടിക്കാൻ വലിയ തുക വേണം. എന്നാൽ കോവിഡ് മൂന്നാം തരംഗം കൂടി എത്തിയാൽ മുന്നോട്ടുള്ള കാര്യം എങ്ങനെയാകുമെന്നാണ് ഇവരുടെ ആശങ്ക.
സ്വകാര്യബസുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് പേരുടെ കുടുംബങ്ങളാണ് പട്ടിണിയിലായത്. പല ബസുകളുടെയും ബാങ്ക് വായ്പ മുടങ്ങിയിട്ട് മാസങ്ങളായി. സർവീസ് നടത്തുന്നവരിൽ പലരും രാവിലെയും വൈകീട്ടും മാത്രമാണ് ഓടുന്നത്. പകൽ സർവീസുകൾ നാമമാത്രമാണ്. തിരക്കേറിയ റോഡുകളിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ അടിയന്തരമായി ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.