ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിവേദനം നൽകി ; ഐ.എച്ച്.ആർ.ഡി. കോളേജ് കാഞ്ഞിരപ്പള്ളിയിൽ നിന്നും മാറ്റില്ല..
കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജ് കാഞ്ഞിരപ്പള്ളിയിൽ തന്നെ തുടർന്ന് പ്രവർത്തിക്കാൻ തീരുമാനമായി. കോളേജ് കാഞ്ഞിരപ്പള്ളിയിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തുചേർന്ന ഐ.എച്ച്.ആർ.ഡി. എക്‌സിക്യുട്ടീവ് യോഗം കോളേജ് പൂഞ്ഞാറിലേക്ക് മാറ്റാനുള്ള തീരുമാനം റദ്ദുചെയ്തു. കോളേജിന് കെട്ടിടസൗകര്യങ്ങൾ നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തി നൽകാമെന്നും ഡോ. എൻ.ജയരാജ് നിവേദനത്തിൽ അറിയിച്ചു. കഴിഞ്ഞ മാസം എം.ജി.സർവകലാശാലാ സിൻഡിക്കറ്റംഗമായിരുന്ന പി.ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോളേജ് തുടരാൻ അനുമതി നൽകിയിരുന്നു.
താത്കാലികമായി സ്‌കൂൾ, വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കോളേജിന്റെ അഫിലിയേഷൻ ഈ വർഷം നഷ്ടപ്പെടാതിരിക്കാനാണ് കോളേജ് പൂഞ്ഞാറിലേക്കുമാറ്റാൻ ഐ.എച്ച്.ആർ.ഡി. തീരുമാനിച്ചത്. കോളേജ് ഐ.എച്ച്.ആർ.ഡി.യുടെ പൂഞ്ഞാർ എൻജിനീയറിങ് കോളേജ് കാമ്പസിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
2010-ൽ കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ച കോളേജ് ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിലും വാടകക്കെട്ടിടത്തിലുമായി പ്രവർത്തിക്കുന്നത്. സ്‌കൂൾ കെട്ടിടത്തിൽനിന്ന് കോളേജിന്റെ പ്രവർത്തനം മാറ്റണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥലം ലഭിക്കാത്തതിനാൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കഴിഞ്ഞിട്ടില്ല.